അവധിക്കാലം അടിച്ചുപൊളിക്കാൻ എംപിയുടെ സമ്മാനം : കോഴായിലെ സയൻസ് സെന്റർ തുറക്കാമെന്ന് ചാഴികാടൻ

കുറവിലങ്ങാട്: ഈ മധ്യവേലൽ അവധിക്കാലം അടിച്ചുപൊളിക്കാൻ വിദ്യാർത്ഥികൾക്ക് തോമസ് ചാഴികാടൻ എംപിയുടെ സമ്മാനം. വിനോദവും വിജ്ഞാനവും സമ്മാനിക്കുന്ന സയൻസ് സിറ്റിയിലെ സയൻസ് സെന്റർ അവധിക്കാലത്ത് തുറന്നുനൽകാമെന്നാണ് തോമസ് ചാഴികാടൻ എംപി ഉറപ്പ് നൽകിയത്.
ഈ അധ്യയനവർഷത്തെ മധ്യവേനൽ അവധിയ്ക്കുള്ള സമ്മാനമായി കോഴായിലെ സയൻസ് സെന്റർ തുറക്കുമെന്ന് തോമസ് ചാഴികാടൻ എംപി അറിയിച്ചു. സയൻസ് സിറ്റിയുടെ ആദ്യഘട്ടമായാണ് സയൻസ് സെന്റർ പ്രവർത്തനം തുടങ്ങുന്നത്. ശാസ്ത്രപരീക്ഷണങ്ങളിലേക്കും നിരീക്ഷണങ്ങൡലേക്കും ആകർഷിക്കപ്പെടേണ്ടത് വിദ്യാർത്ഥികളാണെന്നതിനാലാണ് മധ്യവേനലവധിയിൽ പ്രവർത്തനം ആരംഭിക്കുന്നതെന്നും എംപി അറിയിച്ചു.


നാല്പതിനായിരത്തോളം ചരുരശ്ര അടി വിസ്തീർണ്ണത്തിലുള്ള കെട്ടിടസമുച്ചയത്തിലാണ് സയൻസ് സെന്റർ ശാസ്ത്രലോകത്തെ കൗതുകകാഴ്ചകൾ സമ്മാനിക്കുന്നത്. അനുദിനജീവിതവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രതത്വങ്ങളെ കളികളിലൂടേയും ഉല്ലാസത്തിലൂടേയും അറിയുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പാഠപുസ്‌കങ്ങളിലെ വിജ്ഞാനം പരീക്ഷിച്ചറിയാൻ കഴിയുന്നതോടെ വിദ്യാർത്ഥികൾക്ക് അറിവുസമ്പാദനം ആസാദ്യകരമാക്കാനാകുമെന്നും തോമസ് ചാഴികാടൻ എംപി പറഞ്ഞു. പ്രധാനമായും ഫൺ സയൻസ്, മറൈൻ ലൈഫ് ആന്റ് സയൻസ്, എമേർജിംഗ് ടെക്‌നോളജി, ത്രി ഡി തിയേറ്റർ എന്നിവ സയൻസ് സെന്റർ പ്രവർത്തിക്കുന്നതോടെ നാടിന് ലഭിക്കും. സയൻ സെന്റർ തുറന്നുനൽകുന്നതോടെ കോഴായിലേക്ക് വിദ്യാർത്ഥികളും ഗവേഷകരുമടക്കമുള്ളവരുടെ വലിയ വരവുണ്ടാകുമെന്നും ഇത് നാടിനേയും സമീപപഞ്ചായത്തുകളേയും വലിയ വികസനത്തിലെത്തിക്കുമെന്നും എംപി വ്യക്തമാക്കി. മാസങ്ങൾക്കുള്ളിൽതന്നെ ഒബ്‌സർവേറ്ററി, മോഷൻ ഫിമുലേറ്റർ എന്നിവയും യാഥാർത്ഥ്യമാക്കാൻ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും എംപി പറഞ്ഞു.

ജോസ് കെ. മാണി എംപിയുടെ ശ്രമഫലമായി നിർമ്മാണപ്രവർത്തനം ആരംഭിച്ച സയൻസ് സിറ്റി ശാസ്ത്രഗവേഷണരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതുറക്കുന്നതിനൊപ്പം എല്ലാവിഭാഗം ജനങ്ങൾക്കും മാനസിക ഉല്ലാസത്തിനും അവസരം സമ്മാനിക്കുമെന്ന് തോമസ് ചാഴികാടൻ എംപി പറഞ്ഞു. ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയുടെ പ്രത്യേകതാൽപര്യം ദക്ഷിണേന്ത്യയിലെ ആദ്യ സയൻസ് സിറ്റിയുടെ ആദ്യഘട്ടം സമർപ്പിക്കപ്പെടുമ്പോൾ സ്മരിക്കേണ്ടതുണ്ടെന്നും തോമസ് ചാഴികാടൻ പറഞ്ഞു.
സയൻസ് സെന്ററിലെത്തുന്നവർക്ക് മതിയായ പശ്ചാത്തലസൗകര്യങ്ങളെല്ലാം ഉറപ്പാക്കിയ ശേഷം തുറന്നുനൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രണ്ട് കിലോമീറ്ററോളം വരുന്ന റോഡ് ടാറിംഗ് മാത്രമാണ് അവശേഷിക്കുന്നത്. ഇതിനുള്ള മൂന്നരക്കോടി രൂപ പൊതുമരാമത്തിന് കൈമാറിയിട്ടുണ്ട്. സബ്‌സ്റ്റേഷൻ ചാർജിംഗും താമസിയാതെ നടത്തും.


കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സംയുക്തപദ്ധതിയായ സയൻസ് സിറ്റിയിലൂടെ 100 കോടിയോളം രൂപയുടെ വികസനമാണ് നാട്ടിലെത്തിച്ചത്. വിദേശങ്ങളിൽ നിന്നടക്കമുള്ള വിദ്യാർത്ഥികളെ ആകർഷിക്കാൻ കഴിയുന്ന ഗവേഷണസൗകര്യങ്ങൾ ആദ്യഘട്ടത്തിൽത്തന്നെ ഉറപ്പാക്കും. ഇതിനുള്ള ഇൻകുബേഷൻ സെന്ററുകൾ പൂർത്തീകരിച്ചിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!