കോഴാ – ഞീഴൂർ റോഡ് വികസനം മാർച്ച് ഒന്നിന് തുടങ്ങുമെന്ന് മോൻസ് ജോസഫ് എംഎൽഎ


കുറവിലങ്ങാട്: കോഴാ – ഞീഴൂർ റോഡ് വികസനം മാർച്ച് ഒന്നിന് തുടക്കമാകുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. ആറ് കോടി രൂപ ചെലവഴിച്ചുള്ള വികസനത്തിന് തുടക്കമിടുന്നത്. പൊതുമരാമത്തിന്റെ കീഴിൽ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടത്തുന്നത്.
എം.സി റോഡിൽ കോഴാ കവലയ്ക്ക് സമീപത്തുനിന്നും ആരംഭിച്ച് മാണികാവ്- മുക്കവലക്കുന്ന്- ഭജനമഠം – ഞീഴൂർ വരെ ബി.എം ആൻഡ് ബി.സി ഉന്നത നിലവാരത്തിലുള്ള ടാറിംഗ് ജോലികളാണ് നടപ്പാക്കുന്നത്. നിലവിലുള്ള എട്ട് മീറ്റർ വീതിയിലാണ് റോഡ് വികസനം. രണ്ട് കലിങ്കുകളുടെ നിർമ്മാണം ആദ്യഘട്ടത്തിൽ നടപ്പാക്കും. മാർച്ച് ഒന്നിന് പൊതുമരാമത്ത് വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥർ റോഡ് സന്ദർശിച്ച് വികസന പ്രവർത്തനങ്ങളുടെ തീരുമാനങ്ങളെടുക്കും. കോഴാ – ഞീഴൂർ റോഡ് നവീകരിക്കുന്നതിനുള്ള വികസന പദ്ധതി ഏഴ് വർഷം മുമ്പ് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നുവെന്നും കിഫ്ബി പദ്ധതിയുടെ ഭാഗമായി 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിക്കുന്നതിന് സർക്കാർ നിലപാടെടുത്തതിനെ തുടർന്നാണ് ബജറ്റ് വർക്ക് നടപ്പാക്കാൻ കഴിയാതെ വന്നതെന്നും എംഎൽഎ പറഞ്ഞു.


മന്ത്രി പി.എ മുഹമ്മദ് റിയാസുമായി നേരിട്ട് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോഡ് വികസനത്തിന് സർക്കാർ ഫണ്ട് അനുവദിക്കാൻ തയ്യാറായതെന്നും എംഎൽഎ പറഞ്ഞു.
റോഡിന്റെ വീതി കുറവുള്ള സ്ഥലങ്ങളിൽ വസ്തു ഉടമകൾ സാധ്യമായ അളവിൽ ഭൂമി വിട്ടുനൽകാൻ തയ്യാറായാൽ കൂടുതൽ സൗകര്യപ്രദമായി വികസനം നടപ്പിലാക്കാനാകുമെന്നും എംഎൽഎ അറിയിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!