കുറവിലങ്ങാട്: ആഗോളമരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ മൂന്ന് നോമ്പ് തിരുനാളിനും പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ ഓര്‍മ്മയാചരണത്തിനും ഇന്ന് (ഞായര്‍) തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങളും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും പൂര്‍ണ്ണമായും പാലിച്ച് ആചാരങ്ങള്‍ മുടങ്ങാതെ നടത്താനാണ് തീരുമാനം. തിരുനാള്‍ നടത്തിപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നത് സംബന്ധിച്ച് മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈദികരും കൈക്കാരന്മാരും പള്ളിയോഗം പ്രതിനിധികളും ചേര്‍ന്ന് അവലോകനം നടത്തി.
മൂന്ന് നോമ്പ് തിരുനാളില്‍ പതിവായി പകലോമറ്റം, തോട്ടുവ, കുര്യനാട്, കോഴാ എന്നിവിടങ്ങളില്‍ നിന്ന് നടത്തിയിരുന്ന പ്രദക്ഷിണങ്ങള്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇക്കുറി നടത്തേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. തിരുനാളിലുള്ള ബാന്റ് സെറ്റുകളും പൂര്‍ണ്ണമായും ഒഴിവാക്കി. തീവെട്ടി, ചുരുട്ടി, തഴ, മുത്തുക്കുട എന്നിവ പേരിനുമാത്രമാകും പ്രദക്ഷിണത്തില്‍ ഉള്‍പ്പെടുത്തുക.
ദേവാലത്തിലെത്തുന്നവര്‍ക്കായി കൈ കഴുകുന്നതിനും സാനിറ്റൈസ് ചെയ്യുന്നതിനും പരമാവധി ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ബോധവല്‍ക്കരണത്തിനായി ബോര്‍ഡുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തിരുനാളിന്റെ മൂന്നുദിനങ്ങളിലേയും പ്രദക്ഷിണങ്ങള്‍ ആചാരങ്ങള്‍ കുറയാതെ നടത്താനാണ് തീരുമാനം. പ്രദക്ഷിണത്തില്‍ തിരുസ്വരൂപങ്ങള്‍ സംവഹിക്കുന്നവരും മറ്റ് ആചാരങ്ങളോട് ചേര്‍ന്ന് അത്യാവശ്യം വേണ്ടവരും മാത്രമാണ് പങ്കെടുക്കുന്നത്. കപ്പല്‍ പ്രദക്ഷിണം കടപ്പൂര്‍കരക്കാരുടെ പ്രതിനിധികളുടെ നേതൃത്വത്തില്‍ ആചാരപരമായി നടത്തും. പ്രദക്ഷിണങ്ങളുടെ സമയദൈര്‍ഘ്യവും കുറച്ചിട്ടുണ്ട്.
പ്രദക്ഷിണങ്ങളുമായി ബന്ധപ്പെട്ട് കടപ്പൂര്‍, കാളികാവ് കരക്കാരുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്ന് വിലയിരുത്തല്‍ നടത്തി.
തിരുനാളിന് ഇന്ന് രാവിലെ 6.45ന് ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടം കൊടിയേറ്റും. 8.45ന് സീനിയര്‍ അസി. വികാരി റവ.ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, 11ന് റസിഡന്റ് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യന്‍ മമ്പള്ളിക്കുന്നേല്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. രാവിലെ 5.30, വൈകുന്നേരം 4.30, 6.00 എന്നീസമയങ്ങളിലും വിശുദ്ധ കുര്‍ബാന. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം 20 പേര്‍ക്കായിരിക്കും വിശുദ്ധ കുര്‍ബാനയില്‍ പങ്കാളിത്തം നല്‍കുന്നത്.