
കുറവിലങ്ങാട്: കുവൈറ്റില്‍ നടത്തിയ മികച്ച സേവനത്തിന് മലയാളിയായ നന്ദു.സി.നായര്‍ക്ക് കുവൈറ്റ് പ്രധാനമന്ത്രിയുടെ ബഹുമതി ലഭിച്ചു. കുവൈറ്റ് ഗവ.ആശുപത്രിയില്‍ കോവിഡിന്റെ തുടക്കം മുതല്‍തന്നെ പ്രത്യേക ഡ്യൂട്ടിയില്‍ സ്വമേധയാ സേവനം അനുഷ്ടിച്ചുവരുന്ന നന്ദു കോട്ടയം മരങ്ങാട്ടുപിള്ളിയില്‍ അന്തനാട്ട് ചന്ദ്രമോഹനന്റെയും ജയശ്രീയുടെയും രണ്ടാമത്തെ മകനാണ്. 2015 മുതല്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ജോലി ചെയ്തുവരികയാണ്.
കോവിഡ് പോട്ടിപ്പുറപ്പെടുന്നതിനു മുന്‍പ് നാട്ടില്‍ വന്നു പോയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. മഹാമാരിയുടെ സാഹചര്യത്തില്‍ പിന്നീട് നാട്ടിലേയ്ക്കു വരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അവിടുത്തെ ആതുര സേവനത്തില്‍ സംതൃപ്തിയോടെ തുടരുകയാണ്. രോഗവ്യാപനം കൂടിയ അവസ്ഥയിലും പി.പി.ഇ.കിറ്റു ധരിച്ച് 16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ജോലിചെയ്തുവരികയായിരുന്നു. ഭാര്യ ചാലക്കുടി സ്വദേശി അനുവിനോടൊപ്പം കുടുംബമായി അവിടെ താമസമാണ്.
മികച്ച സേവനത്തിന് നിരവധി പുരസ്‌ക്കാരങ്ങള്‍ നേരത്തെയും കിട്ടിയിട്ടുണ്ടെങ്കിലും, കുവൈറ്റ് പ്രധാനമന്ത്രിയുടെ ബഹുമതി നേരിട്ടു ലഭിക്കുന്നത് ഇപ്പോഴാണ്.