കോഴാ ജംഗ്ഷനില്‍ ബസ് വേയും കാത്തിരിപ്പ് കേന്ദ്രവും നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ

കുറവിലങ്ങാട്: സയന്‍സ് സിറ്റിയുടെ വരവോടെ ശ്രദ്ധനേടുന്ന കോഴായില്‍ പുത്തന്‍ വികസനപദ്ധതികള്‍ക്ക് സാധ്യതകള്‍ തെളിയുന്നു. കോഴാ ജംഗ്ഷനില്‍ ബസ് വേ, പാലാ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ പാര്‍ക്കിംഗ് കേന്ദ്രം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ രംഗത്തിറങ്ങി.
എം.സി റോഡ് വികസനത്തിനായി ഏറ്റവും വീതിയില്‍ സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലൊന്ന് കോഴാ ജംഗ്ഷന്‍ മുതല്‍ സെന്റ് ജോസഫ് കപ്പേളവരെയുള്ള ഭാഗമായിരുന്നു. സംസ്ഥാന സീഡ്ഫാമിന്റെ പാടമാണ് ഇവിടെ ഏറ്റെടുത്തത്. സ്ഥലം ലഭ്യമാക്കിയെങ്കിലും റോഡ് റീടാറിംഗ് നടത്തിയതൊഴിച്ചാല്‍ കാര്യമായി ഇവിടെ ഒന്നും നടന്നിരുന്നില്ല. ഏറ്റെടുത്ത സ്ഥലം തരിശായി ബാക്കികിടക്കുന്ന സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ബസ് വേ, പാര്‍ക്കിംഗ് എന്നിവയ്ക്കായാണ് സ്ഥലം കൂടുതലായി ഏറ്റെടുത്തതെന്നായിരുന്നു കെഎസ്ടിപിയുടെ നിലപാട്. അടുത്തനാളില്‍ ഈ സ്ഥലത്തില്‍ ഒരുഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 22 ലക്ഷം രൂപ ചെലവഴിച്ച് ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പിലാക്കാന്‍ പരിശ്രമം ആരംഭിച്ചിട്ടുണ്ട്.
കെഎസ്ടിപിയുടെ കൈവശമുള്ള സ്ഥലത്ത് ബസ് വേയും പാലാ റോഡിലേക്കുള്ള യാത്രക്കാര്‍ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രവും ജംഗ്ഷനിലെ ഓട്ടോറിക്ഷകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഒരുക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ കെഎസ്ടിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികളുടെ നിര്‍വഹണത്തില്‍ കെഎസ്ടിപിയ്ക്ക് ഫണ്ട് കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ എംഎല്‍എ ഫണ്ടില്‍ നിന്ന് തുക അനുവദിക്കാമെന്നും മോന്‍സ് ജോസഫ് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
റോഡ് വികസനത്തില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട കലുങ്ക് പൊളിച്ചുമാറ്റിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയാതിരുന്ന കോഴാ ജംഗ്ഷന് എംഎല്‍എയുടെ ഇടപെടല്‍ ഒരു പുതുവത്സരസമ്മാനമായി മാറുമെന്ന പ്രതീക്ഷയിലാണ് നാട്.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!