കോഴായില്‍ 22 ലക്ഷത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി വരുന്നു

കുറവിലങ്ങാട്: എം.സി റോഡില്‍ യാത്രചെയ്യുന്നവര്‍ക്ക് വിശ്രമത്തിനും ചെറിയ വിനോദത്തിനും അവസരമൊരുക്കാന്‍ കോഴാ തയ്യാറാകുന്നു. സയന്‍സ് സിറ്റിയുടെ പ്രവേശന മേഖലകണക്കെയുള്ള കോഴായില്‍ പുത്തന്‍ പദ്ധതി ഒരുങ്ങുന്നത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോഴായില്‍ ജംഗ്ഷനുസമീപമായി ക്രമീകരണമൊരുക്കുന്നത്.
യാത്രക്കാര്‍ക്കായി ശൗചാലയവും അനുബന്ധക്രമീകരണങ്ങളുമാണ് പ്രധാനമായി ഒരുക്കുന്നത്. ഇതിനോടനുബന്ധിച്ച് അത്യാവശ്യ വിനോദ സൗകര്യങ്ങളും വിശ്രമകേന്ദ്രവും പൂന്തോട്ടവും ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.
എം.സി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി സംസ്ഥാന സീഡ്ഫാമില്‍ നിന്ന് ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തിയില്ലെന്ന പരാതിക്കും പുതിയ വികസനം പരിഹാരമാകും. ടേക്ക് എ ബ്രേക്ക് പദ്ധതിക്ക് പ്രയോജനപ്പെടുത്തിയാലും ഇനിയും റോഡ് വികസനത്തിന് ഏറ്റെടുത്ത സ്ഥലം കാടുകയറി കിടക്കുകയാണ്. ഈ സ്ഥലം പ്രയോജനപ്പെടുത്തി ഓട്ടോറിക്ഷ പാര്‍ക്കിംഗ്, ബസ് വേ എന്നിവയും കുട്ടികളുടെ പാര്‍ക്ക്‌പോലുള്ള ക്രമീകരണങ്ങളും ഒരുക്കാനായാല്‍ കോഴായുടെ മുഖഛായതന്നെ മാറ്റാനാകും. സര്‍ക്കാര്‍ പാടം സമ്മാനിക്കുന്ന പച്ചപ്പ് വിദേശികളടക്കമുള്ളവര്‍ക്കും ഫോട്ടോഷൂട്ടിംഗിനും ഇവിടെ വലിയ അവസരം സമ്മാനിക്കും.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!