കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

.

കുറവിലങ്ങാട്: കേന്ദ്ര സർക്കാർ ഫണ്ട് നൽകി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടത്തിയതിൽ സ്ഥലം എംഎൽഎ അഡ്വ. മോൻസ് ജോസഫിനെ ഉൾപ്പെടുത്താതെ മന:പൂർവ്വമായി ഒഴിവാക്കിയ കോട്ടയം പാർലമെന്റ് മണ്ഡലം എം.പിയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ജനാധിപത്യ വിരുദ്ധ നടപടിയിൽ യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ കേന്ദ്ര – സംസ്ഥാന സർക്കാർ തലത്തിൽ രേഖാമൂലം പരാതി ഉന്നയിക്കുമെന്ന് യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി, കൺവീനർ മാഞ്ഞൂർ മോഹൻകുമാർ എന്നിവർ അറിയിച്ചു.
സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് കോട്ടയം എം.പി യുടെ നേതൃത്വത്തിൽ ഉഴവൂർ ബ്ലോക്ക് അടിസ്ഥാനത്തിൽ കുറവിലങ്ങാട് ഇന്ന് നടന്ന ചടങ്ങിൽ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജനപ്രതിനിധിയായ സ്ഥലം എംഎൽഎയെ മാത്രം ഒഴിവാക്കുകയാണുണ്ടായത്. ഇതേ പ്രോഗ്രാം കടുത്തുരുത്തി ബ്ലോക്ക് അടിസ്ഥാനത്തിൽ 27 ന്, നടക്കുന്നതിലും എംഎൽഎ യെ മാത്രം ഒഴിവാക്കിയിരിക്കുകയാണ്. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് തലത്തിലുള്ള എല്ലാ ജനപ്രതിനിധികളെയും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടും നാട്ടിലെ എല്ലാ വികസന കാര്യങ്ങളുടെയും മുൻപന്തിയിൽ നിൽക്കുന്ന സ്ഥലം എംഎൽഎ മോൻസ് ജോസഫിനെ ഒഴിവാക്കിയത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ഇത്തരം പ്രോഗ്രാമുകൾ ആരുടേയും ഔദാര്യവും സൗജന്യവുമല്ലെന്ന് യുഡിഎഫ് ഓർമ്മിപ്പിച്ചു.
കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് കേരളത്തിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ സ്ഥലം എംഎൽഎ മാരെ പങ്കെടുപ്പിക്കണമെന്നുള്ള സർക്കാർ നിർദേശവും ഭരണഘടനാനുസൃതമായ അവകാശവുമാണ് എം.പിയുടെ നേതൃത്വത്തിൽ ലംഘിച്ചിരിക്കുന്നതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. വികസന രംഗത്ത് വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്ന ദുഷ്പ്രവണത കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ജനങ്ങൾ അംഗീകരിക്കില്ലെന്ന് നേതാക്കൾ ഓർമ്മപ്പെടുത്തി. ജനാധിപത്യ വിരുദ്ധവും മാന്യതയില്ലാത്തതുമായ തെറ്റായ നിലപാട് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!