അധ്വാനിച്ച് വാങ്ങിയ സൈക്കിളില്‍ ലഡാക്കിലേക്ക്; ദാബകളില്‍ എഞ്ചിനീയറിംഗ് പരീക്ഷ

കുറവിലങ്ങാട്: പെട്രോള്‍ പമ്പില്‍ നിന്നും ഇന്‍കുബേറ്റര്‍ നിര്‍മ്മിച്ച് വിറ്റും ക്യാമറ വാടകയ്ക്ക് നല്‍കിയും സ്വരുക്കൂട്ടിയ പണം ഇത്രയും സന്തോഷം നല്‍കുമെന്ന് എല്‍ബിന്‍ ജോര്‍ജ് (19) ഒരിക്കലും കരുതിയിക്കില്ല. ആദ്യം 18000 രൂപ നല്‍കിയൊരു സൈക്കിള്‍ സ്വന്തമാക്കി. അതോടെ ഏറെക്കാലമായുള്ള ആഗ്രഹത്തിന് ചിറകുകള്‍ മുളച്ചു. കാശ്മീര്‍ സൈക്കിളില്‍ പോകണം. അങ്ങനെ ജൂലൈ 21ന് കുറവിലങ്ങാട് നിന്ന് ഒറ്റ യാത്ര. കാശ്മീരില്‍ എത്തിയപ്പോഴാകട്ടെ ലഡാക്ക് വരെ പോകണമെന്ന വലിയ മോഹം. കാശ്മീരില്‍വെച്ച് പിടികൂടിയ പനിയെ തോല്‍പ്പിച്ച് യാത്രതുടര്‍ന്നു.
എല്‍ബിന്‍ നടത്തിയത് വെറും യാത്ര മാത്രമായിരുന്നു. യാത്ര ചെയ്ത 65 ദിവസങ്ങളില്‍ ആറ് ദിവസവും കനത്ത പരീക്ഷയായിരുന്നു. വെറും പരീക്ഷയല്ല, എഞ്ചിനീയറിംഗ് പരീക്ഷ. കുറവിലങ്ങാട് കുടുക്കമറ്റം കൊച്ചുതാഴത്ത് സാജു- മഞ്ജു ദാമ്പതികളുടെ മകനാണ് സൈക്കിളില്‍ നാലായിരിത്തിലേറെ കിലോമീറ്റര്‍ യാത്രനടത്തിയ എല്‍ബിന്‍ ജോര്‍ജ്. കോയമ്പത്തൂര്‍ എക്‌സല്‍ എഞ്ചിനീറിങ്ങ് കോളേജില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായ എല്‍ബിന് യാത്രയ്ക്കിടയിലായിരുന്നു പരീക്ഷ. ഒരോ ദിവസവും ദാബയില്‍ കയറി ചായകുടിച്ചശേഷം അവിടെയിരുന്ന് പരീക്ഷ എഴുതിതീര്‍ക്കുന്ന പതിവാണ് നടത്തിയത്.
പതിനൊന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ലഡാക്കിലെത്തിയ എല്‍ബിന് യാത്രയ്ക്ക് ചെലവായത് 12,000 രൂപ. വിദേശത്തുള്ള പിതാവ് മടക്കയാത്രയ്ക്കുള്ള ട്രെയിന്‍ ടിക്കറ്റ് സമ്മാനിച്ചു. സഹോദരങ്ങളായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി എല്‍സ്വിനും കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ എസ്ലിന്‍, എര്‍ലിന്‍ എന്നിവര്‍ക്ക് കുഞ്ഞുസമ്മാനങ്ങളുമായാണ് രാജ്യം കണ്ട സഹോദരന്‍ മടങ്ങിയെത്തിയത്. എല്‍ബിനെ പഞ്ചായത്തംഗം ഡാര്‍ളി ജോജി അഭിനന്ദിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!