ഒരു ലിറ്റര്‍ പശുവിന്‍ പാല്‍ 28 രൂപയ്ക്ക് വീട്ടുപടിയ്ക്കല്‍

നഷ്ടക്കണക്ക് പറയുന്ന ക്ഷീരകര്‍ഷകര്‍ക്ക് മാതൃകയായ ഈ കര്‍ഷകര്‍ ഒരു തൊഴുത്തിന്റെ ബലത്തില്‍ അഞ്ച് പശുക്കളുള്ള ഫാം ഉടമയായ അനുഭവം

കുറവിലങ്ങാട്: 48 രൂപയ്ക്ക് ഒരു ലിറ്റര്‍ പാല്‍ വിറ്റാലും നഷ്ടക്കണക്ക് മാത്രം പറയുന്ന ക്ഷീരകര്‍ഷകര്‍ക്ക് വെല്ലുവിളിയിലൂടെ വിജയമൊഴുക്കിയ ഈ കര്‍ഷകനെ മാതൃകയാക്കാം. ഓരോ ദിവസവും 28 രൂപയ്ക്ക് പാല്‍ വീടുകളിലെത്തിച്ച് നല്‍കുന്ന ഈ ക്ഷീരകര്‍ഷകന് പറയാനുള്ളത് ലക്ഷങ്ങളുടെ ലാഭം മാത്രം. കുറവിലങ്ങാട് കൊള്ളിമാക്കീല്‍ ബെന്നിയാണ് ക്ഷീരകര്‍ഷക രംഗത്ത് വേറിട്ട വിജയശൈലി എഴുതുന്നത്.
ഒട്ടേറെ മേഖലകളിലെ പരിചയ സമ്പത്തുമായാണ് കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ബെന്നി പശുഫാം എന്ന ആശയത്തിലേക്ക് കഴിഞ്ഞവര്‍ഷം തിരിഞ്ഞത്. കൈയ്യില്‍ ആകെയുണ്ടായിരുന്ന 45000 രൂപയില്‍ രൂപയില്‍ 15,000 രൂപ വിനിയോഗിച്ച് സ്വന്തമായൊരു തൊഴുത്ത് പണിതീര്‍ത്തു. ബാക്കിയുണ്ടായിരുന്ന 30000 രൂപയ്ക്ക് ആദ്യപശുവിനെ തൊഴുത്തിലെത്തിച്ചു. രാവിലെ ആറുലിറ്ററും വൈകുന്നേരം മൂന്ന് ലിറ്ററും പാല്‍ ലഭിച്ചിരുന്ന പശുവിന് ബെന്നിയുടെ പരിചരണത്തില്‍ രാവിലെ ഒരുലിറ്റര്‍ പാല്‍ കൂടുതല്‍ ലഭിച്ചുതുടങ്ങി.
പീന്നീടാണ് ആശയങ്ങളുടെ പെരുമഴ തൊഴുത്തില്‍ പെയ്തിറങ്ങിയത്. അയല്‍വാസികളടക്കം ആറ് വീട്ടുകാരെ കണ്ടെത്തി 28 രൂപയ്ക്ക് രാവിലെ പാല്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് ഉറപ്പ്. ഒറ്റ നിബന്ധന മാത്രം. ആറുമാസത്തെ പണം മുന്‍കൂറായി നല്‍കണം. ഇത്തരത്തില്‍ കരാറുമുണ്ടാക്കി. ഓരോരുത്തില്‍ നിന്ന് 5040 രൂപ വീതം ലഭിച്ചതോടെ പശുവിനെ വാങ്ങിയ 30,000 കൈയ്യിലെത്തി. ഇതോടെ മറ്റൊരു പശുവിനെ വാങ്ങാനുള്ള പണം കൈയ്യിലെത്തിയെന്നത് ബെന്നിയുടെ മാനേജ്‌മെന്റ് തന്ത്രം. ഇങ്ങനെ ബെന്നിയുടെ തൊഴുത്തിലെത്തിയത് അഞ്ച് പശുക്കള്‍. കുറഞ്ഞത് അഞ്ച് ലക്ഷത്തോളം ചെലവ് വേണ്ടിവരുമെന്നത് ബെന്നിയുടെ വാദം. രാവിലെ കരാര്‍ വില്പനയില്‍ നല്‍കുന്നതിന് പിന്നാലെ ഉച്ചകഴിഞ്ഞുള്ള പാല്‍ സൊസൈറ്റിയില്‍ കൊടുത്ത് വീട്ടുചെലവുകളും നടത്തുന്നു.
ഇതുകൊണ്ട് തീര്‍ന്നില്ല ബെന്നിയുടെ ലാഭക്കഥ. ഇടക്കറവയ്ക്ക് വാങ്ങുന്ന പശുവിനെ മാസങ്ങള്‍ക്കുള്ളില്‍ കുത്തിവയ്പിക്കും. ആറുമാസകരാര്‍ പിന്നിടുന്നതിന് പിന്നാലെ ഈ പശു പ്രസവിക്കും. ഇതോടെ 30,000ന് വാങ്ങുന്ന പശുവിന്റെ വില ഇരട്ടിയിലെത്തും. പാല്‍വാങ്ങുന്നവന്‍ മുന്‍കൂറായി നല്‍കിയ പണത്തില്‍ വാങ്ങിയ പശുവിനെ വില്‍ക്കുകയാണ് അടുത്ത പരിപാടി. ഈ ഇനത്തിലും ബെന്നിക്ക് ലാഭം ആയിരങ്ങള്‍. ഇത് തുടര്‍പ്രക്രിയയാകുന്നതോടെ ആയിരങ്ങള്‍ ലക്ഷങ്ങളിലേക്ക് പ്രവേശിക്കുന്നുവെന്നതാണ് ഈ ക്ഷീരകര്‍ഷകന്റെ വിജയതന്ത്രം.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!