മോന്‍സ് ജോസഫിന് എം.എയ്ക്ക് ഒന്നാം ക്ലാസ്. ഇനി മോന്‍സ് ജോസഫ് MLA M.A, LLB

കുറവിലങ്ങാട്: രണ്ട് തവണ കൈവിട്ടുപോയ എം.എ പഠനത്തില്‍ വിജയം നേടി മോന്‍സ് ജോസഫ് എംഎല്‍എ. ഇക്കുറി ഒന്നാം ക്ലാസോടെയാണ് വിജയമെന്നതും നേട്ടമായി. വിജയത്തിന് രഹസ്യം ഭാര്യ അധ്യാപികയായ സോണിയയുടെ പ്രോത്സാഹനം.

കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാനും പ്രതിപക്ഷ ചീഫ് വിപ്പുമായ അഡ്വ. മോൻസ് ജോസഫ് എം.എൽ.എയും ഭാര്യ സോണിയായും എം.എ സോഷ്യോളജി പരീക്ഷയിൽ ഒന്നാം ക്ലാസ്സോടെ പാസ്സായി.
അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എം.എ റിസൽറ്റ് വന്നപ്പോൾ മോൻസ് ജോസഫിന് 62% മാർക്കും സോണിയാ മോൻസിന് 66% മാർക്കുമാണ് ലഭിച്ചിട്ടുള്ളത്.
എം.എസ്സ്.സി, ബി.എഡ് ബിരുദധാരിയായ സോണിയ എം.എ സോഷ്യോളജിയിൽ ചേരാൻ തീരുമാനിച്ചത് മോൻസ് ജോസഫിനെ പഠനത്തിൽ സഹായിക്കുന്നതിനാണ്. കോവിഡ് കാലഘട്ടത്തിന്റെ രൂക്ഷമായ പ്രതിസന്ധികൾക്ക് തുടക്കം കുറച്ച സന്ദർഭത്തിൽ വീട്ടിൽ തന്നെ എല്ലാവരും കഴിയേണ്ടി വന്നപ്പോഴാണ് എഴുത്തും വായനക്കും പഠനത്തിനും കൂടുതൽ സമയം കണ്ടെത്താൻ എം.എൽ.എക്ക് സാധിച്ചത്. ഈ കാലഘട്ടത്തെ പ്രയോജനപ്പെടുത്തി എം.എ പഠനത്തിൽ ചേരാൻ മോൻസ് ജോസഫ് എം.എൽ.എ ആഗ്രഹിച്ചത് പഴയൊരു കുടിശിക തീർക്കാനുള്ള വാശിപ്പുറത്താണ്. കോട്ടയം ബസേലിയസ് കോളേജിൽ ഡിഗ്രി പഠനത്തിന് ശേഷം എം.എ ഹിസ്റ്ററിയിൽ ചേർന്ന് കോഴ്സ് പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും പരിക്ഷ എഴുതാൻ സാധിക്കാതെ പോയി. പിന്നീട് അടുത്ത രണ്ട് വർഷക്കാലം എം.എ പൊളിറ്റിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തിയെങ്കിലും കേരളാ പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ എം.എ പരീക്ഷ എഴുതാനും പഠനം പൂർത്തിയാക്കാനും കഴിയാതെ വന്നു. തുടർന്ന് തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജിൽ നിന്ന് എൽ.എൽ.ബി ബിരുദം കരസ്ഥമാക്കി ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തതിനെ തുടർന്ന് എം.എ പഠനം ഉപേക്ഷിക്കേണ്ടി വന്നു. കെ.എസ്.സി (ജെ) സംസ്ഥാന പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിൽ നിൽക്കുമ്പോഴാണ് 1996 – ൽ മോൻസ് ജോസഫ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നതും തെരഞ്ഞെടുക്കപ്പെടുന്നതും. ഇതേതുടർന്ന് പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട പഠന സാഹചര്യങ്ങളാണ് ദീർഘ കാലത്തിന് ശേഷം അവിചാരിതമായി തിരിച്ച് കൊണ്ട് വരാൻ കഴിഞ്ഞതെന്ന് മോൻസ് ജോസഫ് എംഎൽഎ അനുസ്മരിച്ചു.
ഇപ്രാവശ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടെണ്ണൽ നടത്തുന്നതിന് മുൻപ് ലഭിച്ച ഇടവേള സമയം പ്രയോജനപ്പെടുത്തിയാണ് എം.എ പരീക്ഷക്ക് വേണ്ടിയുള്ള പഠനം കാര്യമായി നടത്തിയത്. സ്വസ്ഥമായി പഠിക്കാനും പരീക്ഷ എഴുതാനും മോൻസ് ജോസഫ് എം.എൽ.എക്ക് കഴിഞ്ഞത് ലോക്ഡൗൺ കാലകാലഘട്ടത്തെ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ്.
എം.എ പരീക്ഷയിൽ ജയിച്ചതിനെ തുടർന്ന് ഇനി മുതൽ പ്രസിദ്ധീകരിക്കുന്ന നിയമസഭാ രേഖകളിൽ കടുത്തുരുത്തി എംഎൽഎയുടെ പേരിനൊപ്പം എം.എ, എൽ.എൽ.ബി എന്ന് കൂടി ചേർക്കാൻ കഴിയുന്നത് കൂടുതൽ അഭിമാനകരമായി തീർന്നിരിക്കുന്നു.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!