സ്വര്‍ണ്ണപണയമെടുക്കാനായി വിളിച്ചുവരുത്തി;ഒന്നരലക്ഷം പിടിച്ചുപറിച്ചു

കുറവിലങ്ങാട്: പണയത്തിലിരിക്കുന്ന സ്വര്‍ണമെടുക്കാന്‍ സാമ്പത്തികസഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചുവരുത്തി ഒന്നരലക്ഷം കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മൂന്നംഗസംഘം തൃശൂര്‍ സ്വദേശിയില്‍ നിന്ന് പണം പിടിച്ചുപറിച്ചത്.
തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് പോയിന്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂര്‍ കൂട്ടുംഗല്‍ വികാസി (41)നാണ് പണം നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെട്ടത്. മാഞ്ഞൂര്‍ ഞാറപ്പറമ്പില്‍ ജോബിന്‍
(23), കോതനല്ലൂര്‍ ഇടച്ചാലിയില്‍ സജി പൈലി (36) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തില്‍ പ്രധാന കണ്ണിയായ മോനിപ്പിളളി സ്വദേശി ജെയ്‌സിന്റെ പക്കലാണ് പിടിച്ചുപറിച്ച പണമെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കുറവിലങ്ങാട് എസ്എച്ച്ഒ സജി ചെറിയാന്‍ പറഞ്ഞു.

ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണം പണമടച്ച് എടുത്തുനല്‍കുമെന്ന പരസ്യം കണ്ടാണ് മൂന്നംഗസംഘം തട്ടിപ്പിന് പദ്ധതിയിട്ടത്. ഇത്തരത്തിലുള്ള പരസ്യത്തിലെ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട പണം നഷ്ടപ്പെട്ട വികാസിനെ കുറവിലങ്ങാട് എത്തിക്കുകയായിരുന്നു. കുറവിലങ്ങാട് ടൗണിലെത്തിയ വികാസിനെ മൂന്നംഗസംഘം ബാങ്കിലേക്ക് എന്ന പേരില്‍ വൈക്കം റോഡില്‍ മുന്‍പ് സെന്റ് മേരീസ് എന്ന പാരാമെഡിക്കല്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെത്തിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് ബാങ്ക് എന്ന് വികാസിനെ ബോധ്യപ്പെടുത്തി കെട്ടിടത്തിലെ സ്റ്റെയര്‍ കെയ്‌സ് കയറുന്നതിനിടയില്‍ പണമടങ്ങിയ ബാഗ് കവര്‍ച്ചചെയ്ത് ഓടിരക്ഷപ്പെട്ടു. കനാല്‍ റോഡ് വഴിയാണ് സംഘം രക്ഷപ്പെട്ടത്. പണം നഷ്ടപ്പെട്ട വികാസ് പിറകെ ഓടിയതിനൊപ്പം പണം നഷ്ടപ്പെട്ട വിവരം വിളിച്ചുപറഞ്ഞു. സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ തട്ടിപ്പ് മനസിലാക്കി കവര്‍ച്ചാസംഘത്തിലെ ജോബിനെ പിടികൂടി പോലീസിന് കൈമാറി. ജോബിനെ ചോദ്യം ചെയ്തതോടെ വിവരങ്ങള്‍ മനസിലാക്കിയ പോലീസ് സജിയെ കോതനല്ലൂരിലെ വീ ട്ടില്‍ നിന്നും പിടികൂടി. ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!