എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാംമ്പുകളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി

കുറവിലങ്ങാട്: എസ്എസ്എല്‍സി മൂല്യനിര്‍ണ്ണയ ക്യാംമ്പുകളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമായി. മൂല്യനിര്‍ണയത്തിലെ ആദ്യവേളയില്‍ അനുവദിച്ചിരുന്ന മൂന്ന് ദിവസങ്ങളിലും ജില്ലയിലെ പല ക്യാമ്പുകളിലും അധ്യാപകരുടെ കുറവ് വ്യക്തമായിരുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിരുന്ന 14 ദിവസത്തിനുള്ളില്‍ ക്യാമ്പിലെത്തിയിട്ടുള്ള ഉത്തരക്കടലാസുകള്‍ പൂര്‍ണ്ണമായും മൂല്യനിര്‍ണയം നടത്തണമെന്നതിനാല്‍ ഹാജരായ അധ്യാപകര്‍ക്ക് ഡ്യൂട്ടി ഇരട്ടിക്കുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു.
നാലുദിവസങ്ങള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം വേളയുടെ ആദ്യദിനമായിരുന്ന ഇന്നലെ ക്യാമ്പുകളെല്ലാം സജീവമായിക്കഴിഞ്ഞു. എല്ലായിടങ്ങളിലുംതന്നെ ആവശ്യത്തിന് അധ്യാപകരെത്തിയിരുന്നു. ക്യാമ്പുകളില്‍ നിന്ന് ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടതോടെ പൊതുവിദ്യാഭ്യാസവകുപ്പ് ജില്ലാ ഓഫീസര്‍മാരിലൂടെ നടത്തിയ നീക്കങ്ങളിലൂടെയാണ് ആവശ്യത്തിന് അധ്യാപകരുടെ സേവനം ലഭ്യമായത്. ജില്ലാതല ഇടപെടലുകള്‍ ഉണ്ടായതോടെ കഴിഞ്ഞദിവസങ്ങളില്‍ ഹാജരാകാതിരുന്ന ചിലര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നടപടികളില്‍ നിന്ന് ഒഴിവാകുകയും ചെയ്തു.

കൂടുതല്‍ ഭീഷണി നേരിട്ടത് ഇംഗ്ലീഷില്‍

ഇംഗ്ലീഷ് മൂല്യനിര്‍ണ്ണയ ക്യാമ്പുകളിലാണ് ഏറ്റവും കൂടുതല്‍ അധ്യാപകരുടെ കുറവുണ്ടായത്. ജില്ലയില്‍ ഇഗ്ലീഷ് മൂല്യനിര്‍ണ്ണയം നടക്കുന്ന വൈക്കം ഗവ. ബോയ്‌സ് സ്‌കൂളില്‍ 82 അധ്യാപകരുടെ സേവനമാണ് ഇംഗ്ലീഷിന് മാത്രമായി ലഭിക്കേണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ 14 അധ്യാപകരുടെവരെ കുറവാണ് ക്യാമ്പില്‍ അനുഭവപ്പെട്ടത്. എന്നാല്‍ ഉന്നത ഉടപെടലില്‍ ഇന്നലെ മുതല്‍ ആവശ്യത്തിന് അധ്യാപകരേയും റിസര്‍വ് അധ്യാപകരേയും ക്യാമ്പില്‍ ലഭിച്ചു.
വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം ഒരു ഡിവിഷന്‍ മാത്രമുള്ള ഗവ.ഹൈസ്‌കൂളുകളില്‍ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകരാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കിലും ഈ സാമൂഹിക ശാസ്ത്ര അധ്യാപകരെ ഇംഗ്ലീഷ് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണ്ണയത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് അധ്യാപകരുടെ കുറവുണ്ടാകാനുള്ള ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ക്യാമ്പുകള്‍ 26ന് സമാപിക്കുംവിധമാണ് ഇപ്പോഴുള്ള ക്രമീകരണം.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!