കുറവിലങ്ങാടിന്റെ തമുക്ക് പെരുമയ്ക്ക് 150 വയസ്

0
18

കുറവിലങ്ങാട്: പ്രാര്‍ത്ഥനയുടെ കരുത്തും കളത്തൂര്‍ കരയുടെ ഒരുമയും സമ്മേളിപ്പിയ്ക്കുന്ന തമുക്ക് നേര്‍ച്ചയ്ക്ക് നാളെ 150 വയസ്. പൂര്‍വികര്‍ തുടങ്ങിയ നേര്‍ച്ചയെ അഭംഗുരം ഒന്നരനൂറ്റാണ്ട് നടത്താനായതില്‍ ദൈവതിരുമുന്‍പില്‍ നന്ദി ചൊല്ലുകയാണ് കുറവിലങ്ങാട് ഇടവകയിലെ കളത്തൂര്‍ കരക്കാര്‍. കളത്തൂര്‍ ഗ്രാമത്തിന്റെ ഒന്നാകെയുള്ള കരുത്ത് പ്രകടമാക്കുന്ന തമുക്ക് നേര്‍ച്ചയുടെ 150-ാം വാര്‍ഷികത്തില്‍ ആയിരങ്ങള്‍ നേര്‍ച്ചവാങ്ങാനും പ്രാര്‍ത്ഥനയില്‍ പങ്കുചേരാനുമായി നാളെ കുവിലങ്ങാട് പള്ളിയിലെത്തും. ഓശാന ഞായറാഴ്ച ദേവാലയത്തിലെത്തി കുരുത്തോലയും തമുക്കും വാങ്ങി വീടുകളിലേക്ക് മടങ്ങുന്ന പതിവിന് തലമുറകളുടെ പഴക്കമാണുള്ളത്.

ഒരുമയുടെ പെരുമയില്‍ കളത്തൂര്‍കര
ആയിരങ്ങള്‍ ഭുജിക്കുന്ന തമുക്കിന് പിന്നില്‍ കളത്തൂര്‍ കരക്കാരുടെ ഒരുമയാണുള്ളത്. കരയിലെ പ്രായപൂര്‍ത്തിയായ ഒരോ പുരുഷനും നല്‍കുന്ന ഓഹരികള്‍ ചേര്‍ത്ത് പ്രാര്‍ത്ഥനയുടെ ബലത്തില്‍ തയ്യാറാക്കി വിളമ്പുന്ന തമുക്കിന് രുചിയും മണവും വേറെഒന്നുതന്നെയാണ്. ഓരോ ഓഹരിക്കാരും 100 പഴവും മൂന്നാഴി അരിവറുത്ത് പൊടിച്ചതും ആറ് തേങ്ങായും 50 രൂപയുമാണ് ഓഹരിയായി നല്‍കുന്നത്. വറുത്ത അരിയും ശര്‍ക്കരയും പഴവും തേങ്ങയും ചേര്‍ത്തൊരുക്കിയാണ് തമുക്ക് തയ്യാറാക്കുന്നത്. ഇത് പ്രത്യേക പായ്ക്കറ്റുകളിലാക്കിയാണ് വിളമ്പുന്നത്. ഇപ്പോള്‍ മാര്‍ത്തോമ്മാ നസ്രാണിഭവനിലാണ് നേര്‍ച്ച വിളമ്പി നല്‍കുന്നത്. മുന്‍പ് സ്‌കൂളുകളിലും പള്ളിമേടയിലും പള്ളിയിലുമായാണ് വിതരണം നടത്തിയിരുന്നത്.
ടി.കെ തോമസ് തെക്കുംവേലില്‍ പ്രസിഡന്റും ബേബി തൊണ്ടാംകുഴി സെക്രട്ടറിയും ജോയി ചേലേക്കണ്ടം വൈസ് പ്രസിഡന്റും ജസ്റ്റിന്‍ കൊച്ചുമുടവനാല്‍ ട്രഷററുമായുള്ള സമിതിയാണ് ഇപ്പോള്‍ തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here