ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യം : മാര്‍ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ലഹരിവിരുദ്ധ സംസ്‌കാരം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭ സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫ് ചെയര്‍മാനും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. സീറോ മലബാര്‍ സഭ സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫിന്റേയും പാലാ രൂപത ജാഗ്രത സമിതയുടേയും നേതൃത്വത്തില്‍ നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
മതഭേദമെന്യേ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടമാണ് ലക്ഷ്യമിടുന്നത്. കരിന്തിരി കത്തുന്ന കുടുംബങ്ങളില്‍ നെയ്ത്തിരി പകരാനാകണം. ഇക്കാര്യത്തില്‍ സമുദായബോധമുണരണം. മയക്ക്മരുന്ന് വിപണന കേന്ദ്രങ്ങളായി സമൂഹം മാറുന്നത് സങ്കടകരമാണ്. മദ്യം നേരിട്ട് പോരടിക്കുമ്പോള്‍ മയക്കുമരുന്ന് ഒളിപ്പോര് നടത്തുകയാണ്. മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്ന മയക്കുമരുന്ന് വ്യക്തികളുടേയും കുടുംബങ്ങളുടേയും സമ്പൂര്‍ണ്ണനാശമാണ് നടത്തുന്നതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മയക്കുമരുന്നിന് അനുകൂലമായി സംസാരിക്കാന്‍ കുറ്റവാളികള്‍പ്പോലും തയ്യാറാകുന്നില്ലെന്നും മാര്‍ കല്ലറങ്ങാട്ട് ചൂണ്ടിക്കാട്ടി.
പാലാ രൂപതയിലെ വിവിധ ഇടവകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളായി വൈദികരടക്കം രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു.
ലഹരിവിരുദ്ധ സമിതികളുടെ രൂപീകരണം, ലഹരിവിരുദ്ധ വികാരം ജനിപ്പിക്കാന്‍ കഴിയുന്ന ഉപകരണസംഗീതജ്ഞരുടെ സമ്മേളനം, ക്വിസ്, സംഗീതം, ചെസ്, കവിത എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി സംഘടിപ്പിക്കാന്‍ ബിഷപ് ആഹ്വാനം ചെയ്തു.
എക്‌സൈസ് അസി.കമ്മീഷണര്‍ പി.കെ ജയരാജ് ക്ലാസിന് നേതൃത്വം നല്‍കി. പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ഡോ. ജോസഫ് തടത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീറോ മലബാര്‍ സഭ സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഫാ. ജോബി മൂലയില്‍, പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ, ജേക്കബ് വെള്ളമരുതുങ്കല്‍, സീറോ മലബാര്‍ സഭ അത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി റോസിലി പോള്‍ തട്ടില്‍, പ്രൊലൈഫ് പ്രസിഡന്റ് സാബു ജോസ് എന്നിവര്‍ പ്രസംഗിച്ചു.
ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, റവ.ഡോ. ജോസ് കുറ്റിയാങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ. ജോര്‍ജ് നെല്ലിക്കുന്ന്‌ചെരിവ്പുരയിടം, ഫാ. മാണി കൊഴുപ്പന്‍കുറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമ്മേളനത്തില്‍ പാലാ ജയില്‍ സൂപ്രണ്ട് ഷാജിയെ അനുമോദിച്ചു.

വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
പാലാ രൂപതയില്‍ ആരംഭിച്ചിരിക്കുന്ന ജാഗ്രതാസമിതി പ്രവര്‍ത്തനം സീറോമലബാര്‍ സഭയിലൊന്നാകെ വ്യാപിപ്പിക്കാനാണ് സിനഡല്‍ കമ്മിറ്റി ഫോര്‍ ഫാമിലി, ലെയ്റ്റി, ആന്റ് ലൈഫ് കമ്മിറ്റി ലക്ഷ്യമിടുന്നത്.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!