ഉഴവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ 26ന് പ്രതിനിധി യോഗമെന്ന് എംഎല്‍എ

ഉഴവൂര്‍: പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് നാല് കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
പഞ്ചായത്തില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭിക്കാതെ വന്നതുമൂലമാണ് ഇതു വരെ പദ്ധതി നടപ്പാക്കാന്‍ കഴിയാതെ വന്നത്. 2016ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ പരിശ്രമഫലമായി പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നാല് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ഉഴവൂര്‍ സബ് ട്രഷറി ഇരിക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി സൗകര്യപ്രമായ പുതിയ ട്രഷറി ഓഫീസും വിവിധ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാവുന്ന വിധത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ രൂപരേഖ തയ്യാറാക്കിയെങ്കിലും ട്രഷറിയുടെ സ്ഥലം വിട്ടു നല്‍കുന്നതിന് വിവിധ തടസ്സങ്ങള്‍ ഉന്നയിക്കപ്പെട്ടതിനെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലത്ത് കെട്ടിട നിര്‍മ്മാണം നടത്തുന്നതിനെക്കുറിച്ച് പരിശോധിച്ചെങ്കിലും ഏകാഭിപ്രായത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പദ്ധതി വീണ്ടും മാറ്റിവച്ചു.
പഞ്ചായത്തിന്റെ ഇപ്പോഴത്തെ ഭരണ സമിതിയുമായി എംഎല്‍എ നടത്തിയ തുടര്‍ച്ചയായ ചര്‍ച്ചകളെ തുടര്‍ന്നാണ് പുതിയ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിന് പഞ്ചായത്ത് നേതൃത്വം നല്‍കിയത്.ഇതിന്റെ ഫലമായി ടൗണിനോട് ചേര്‍ത്ത് 25 സെന്റ് സ്ഥലം കണ്ടെത്തുകയും ഇവിടെ കെട്ടിട നിര്‍മ്മാണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി. സ്റ്റീഫനും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം തങ്കച്ചനും ചേര്‍ന്ന് മോന്‍സ് ജോസഫ് എംഎല്‍എക്ക് നിവേദനം സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ നിര്‍ദ്ദിഷ്ട സ്ഥലം നിലനിര്‍ത്തിക്കൊണ്ട് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി. കെട്ടിട നിര്‍മ്മാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ഉടനെ നടത്താന്‍ നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ അറിയിച്ചു. തുടര്‍ന്ന് ഡിസൈനും ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 26ന് 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് . പി. സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!