കുറവിലങ്ങാട്ട് വീണ്ടും കോഴിയിറച്ചിയില്‍ പുഴു കണ്ടെത്തി.

കുറവിലങ്ങാട്ട് വീണ്ടും കോഴിയിറച്ചിയില്‍ പുഴു കണ്ടെത്തി. പഞ്ചായത്ത് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന കടയില്‍ നിന്ന് വിറ്റ കോഴിയിറച്ചിയിലാണ് പുഴു കണ്ടെത്തിയത്. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതരും ഫുഡ് സേഫ്റ്റി ഓഫീസറും സ്ഥലത്തെത്തി കട പൂട്ടി സീല്‍ ചെയ്തു. പുഴുവുള്ള കോഴിയിറച്ചി വിറ്റഴിച്ച കടയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് കുറവിലങ്ങാട് പഞ്ചായത്ത് അധികൃതര്‍. മുന്‍പും ഇതേ രീതിയില്‍ സംഭവമുണ്ടായിട്ടും പഞ്ചായത്ത് അധികൃതര്‍ കോഴിക്കടകള്‍ക്കുപോലും ലൈസന്‍സ് നല്‍കാന്‍ കൂട്ടാക്കുന്നില്ലെന്ന് പുതിയ സംഭവത്തോടെ വ്യക്തമായി. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മാത്രം രംഗത്തെത്തുകയും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടുന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുന്നത്. നാടിന്റെ ആരോഗ്യ ജീവിതത്തിന് പ്രതിസന്ധി ഉയര്‍ത്തുന്ന സംഭവമുണ്ടായിട്ടും രാഷ്ട്രീയ നേതൃത്വവും യുവജന സംഘടനകളും രംഗത്തെത്തിയില്ലെന്ന് ആക്ഷേപം. ജിന്‍സണ്‍ ചെറുമല, അജോ അറയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ചെറിയ കാര്യങ്ങളില്‍പ്പോലും പ്രസ്താവനായുദ്ധം നടത്തുന്നവരാരും പരസ്യപ്രതിഷേധത്തിനുപോലും തയ്യാറായില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ രോഗം ബാധിച്ച കോഴികളെ കൊന്നൊടുക്കി നടപടി സ്വീകരിച്ചു. ആരോഗ്യകരമെന്ന് കണ്ടെത്തിയ കോഴികളെ കടയുടമയുടെ മറ്റൊരു ഫാമിലേക്ക് മാറ്റാനും അവസരം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *