മാഞ്ഞൂര്‍ മേല്‍പ്പാലം അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് ഒരുമാസം കൂടി കാത്തിരിക്കണമെന്ന്

കുറുപ്പന്തറ: മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം തുടര്‍ച്ചയായി ഉണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ജോലികള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഒരുമാസത്തെ സമയം കൂടുതലായി വേണ്ടിവരുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു.
മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തോട് അനുബന്ധിച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തിയ ശേഷം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. മാഞ്ഞൂര്‍ മേല്‍പ്പാലത്തില്‍ മുടങ്ങിക്കിടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് മുഖ്യ തടസ്സമായിരുന്ന പൈപ്പ് ലൈനുകള്‍ വാട്ടര്‍ അതോറിറ്റി മാറ്റി സ്ഥാപിക്കുകയും ചെയ്തതിനെ തുടര്‍ന്ന് എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ ഉദ്യോഗസ്ഥതല യോഗത്തില്‍ ഡിസംബര്‍ 31ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് തീരുമാനിച്ചിരുന്നത്. ഇതിന് കഴിയാതെ വന്നിരിക്കുന്ന സാഹചര്യം റെയില്‍വേയുടെ എന്‍ജിനീയര്‍മാര്‍ വിശദീകരിച്ചു. ഇപ്പോള്‍ ലഭിക്കുന്ന അനുകൂല കാലാവസ്ഥ പ്രയോജനപ്പെടുത്തി പരമാവധി വേഗത്തില്‍ അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മേല്‍പ്പാലം അപ്രോച്ച് റോഡിന് വേണ്ടി നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റിംഗ് ഭിത്തിയുടെ ജോലികള്‍ റോഡ് ലെവലില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോണ്‍ക്രീറ്റ് ഭിത്തിയുടെ സൈഡില്‍ കരിങ്കല്ല് അട്ടിയിടുന്ന ജോലികളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇത് തീര്‍ന്നാലുടനെ മണ്ണ് നിറച്ച് റോഡ് ഫോം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ മുകളില്‍ ജി.എസ്.ബി നിറച്ച ശേഷം രണ്ട് ലയര്‍ ടാറിംഗ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനുവരി 30 ന്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനാണ് തീരുമാനമെടുത്തിരിക്കുന്നത്.
മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ച് പരമാവധി വേഗത്തില്‍ ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത് സംബന്ധിച്ച് റെയില്‍വേ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉദാത്ത സുധാകറുമായി മോന്‍സ് ജോസഫ് എംഎല്‍എ ചര്‍ച്ച നടത്തി. റെയില്‍വേ എന്‍ജിനീയര്‍മാരായ സാബു സഖറിയ, ടോമിച്ചന്‍ എന്നിവര്‍ നിര്‍മ്മാണ പുരോഗതി വിശദീകരിച്ചു. വിവിധ ജന നേതാക്കളായ മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സുനു ജോര്‍ജ്, സി.എം ജോര്‍ജ് എന്നിവരും എംഎല്‍എയോടൊപ്പം സന്നിഹിതരായിരുന്നു.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!