കെ.എം മാണിയുടെ ഓർമ്മകളിൽ കോഴായിലെ ബംഗ്ലാവ് ഇനി തണൽ

കുറവിലങ്ങാട്: ബംഗ്ലാവ് സ്വന്തമായിരുന്ന കോഴായ്ക്ക് ഇനി തണൽ വിശ്രമകേന്ദ്രം. വിശ്രമകേന്ദ്രം കെ.എം മാണിയുടെ പേരിലാണ് അറിയപ്പെടുക. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തസംരംഭമായ കെ.എം മാണി സ്മാരക തണൽ വിശ്രമകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജോസ് കെ. മാണി എംപി നിർവഹിച്ചു.
തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം മാത്യു, ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, പി.എൻ രാമചന്ദ്രൻ, പഞ്ചായത്തംഗം സന്ധ്യ സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.


വനിതകളുടെ സാന്നിധ്യത്തെ പ്രശംസിച്ച ജോസ് കെ.മാണി വനിതബില്ലിനെക്കുറിച്ചും സംസാരിച്ചു. ടോക് എ ബ്രേക്ക് പദ്ധതിയിലുള്ള തണൽ വിശ്രമകേന്ദ്രം ഏറെ നേട്ടമാണെന്ന് തോമസ് ചാഴികാടൻ പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള പരിശ്രമങ്ങൾ നടന്നിരുന്നതായും യോജിച്ചുള്ള പ്രവർത്തനങ്ങൾ ഉചിതമാണെന്നു മോൻസ് ജോസഫ് സൂചിപ്പിച്ചു.
ഒന്നാം നമ്പർ സംസ്ഥാന ഹൈവേയായ എം.സി റോഡിൽ കോഴായിൽ യാത്രക്കാർക്കും സയൻസ് സിറ്റി സന്ദർശനത്തിനും ഗവേഷണത്തിനുമെത്തുന്നവർക്കും വിശ്രമത്തിനും താമസത്തിനും പുതിയ അവസരമാണ് നാട്ടിൽ ഒരുങ്ങുന്നത്.


ടേക് എ ബ്രേക്ക് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ കോട്ടയം ജില്ലാപഞ്ചായത്ത് വകയിരുത്തിയ 1.7 കോടി രൂപയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 30 ലക്ഷം രൂപയും വിനിയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്. ആധുനിക നിലവാരത്തിലുള്ള ശുചിത്വസമുച്ചയം, കഫേറ്റീരിയ, ഹോട്ടൽ സമുച്ചയം, കോൺഫറൻസ് ഹാൾ, വിശ്രമമുറി എന്നിവയാണ് പുതിയ കെട്ടിടസമുച്ചയത്തിലുണ്ടാകുക.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ നേതൃത്വത്തിൽ 36 ലക്ഷം രൂപ ചെലവഴിച്ച് വനിതകൾക്കായി പ്രത്യേക വിശ്രമമുറിയും നിർമ്മിക്കുന്നുണ്ട്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!