കെ ആർ നാരായണൻ്റെ നവീകരിച്ച സ്മൃതിമണ്ഡപം ഞായറാഴ്ച നാടിന് സമർപ്പിക്കും

മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണൻ സ്മൃതി മണ്ഡപം നവീകരിച്ചതിന്റെ സമർപ്പണം; നവംബർ: 7, ഞായർ 2 മണിക്ക് ഉഴവൂരിൽ

കുറവിലങ്ങാട്: മുൻ രാഷ്ട്രപതി ഡോ. കെ.ആർ നാരായണന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ഉഴവൂരിലെ കുടുംബ വീടിനോട് ചേർന്നുള്ള സ്മൃതി മണ്ഡപം കേരള സർക്കാരിന്റെ സഹായത്തോടെ നവീകരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
നവീകരിച്ച സ്മൃതി മണ്ഡപത്തിന്റെ സമർപ്പണം നവം: 7, ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിക്കുന്നതാണ്. അഡ്വ. മോൻസ് ജോസഫ് എംഎൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തോമസ് ചാഴിക്കാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ – ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ചടങ്ങിൽ സംബന്ധിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോൾ സാഹചര്യങ്ങൾ നിലനിൽക്കുന്നത് കൊണ്ട് ലളിതമായ ചടങ്ങാണ് സംഘടിപ്പിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.
സ്മൃതി മണ്ഡപം ഇരിക്കുന്ന സ്ഥലം സർക്കാരിലേക്ക് വിട്ട് കിട്ടാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നത് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ തടസ്സങ്ങൾ നേരിട്ടിരുന്നു.
നിരവധി പ്രാവശ്യം നിയമസഭയിൽ പ്രശ്നങ്ങൾ ഉന്നയിച്ചെങ്കിലും ആവശ്യമായ പരിഹാര നടപടികൾ സർക്കാർ തലത്തിൽ സ്വീകരിക്കാൻ സാങ്കേതിക തടസ്സങ്ങൾ മൂലം കഴിയുമായിരുന്നില്ല. ഈ സാഹചര്യങ്ങളെ അതിജീവിച്ച് കൊണ്ടാണ് സ്മൃതി മണ്ഡപത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത്.
കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നിന്ന് 2016 – 21 കാലഘട്ടത്തിൽ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി സർക്കാരിലേക്ക് സമർപ്പിച്ച വികസന പദ്ധതിയിൽ ചേർത്താണ് സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നതെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നവീകരണ കാര്യങ്ങൾ നടപ്പാക്കിയിരിക്കുന്നത്.
ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. കെ. ആർ നാരായണന്റെ ചരമ വാർഷിക ദിനം നവം: 9 ന് സമാഗതമാകുകയാണ്. അതിന് മുൻപായി ഉഴവൂരിലെ സ്മൃതി മണ്ഡപത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് പൊതുജനങ്ങളെ അറിയിച്ചിരുന്ന വാഗ്ദാനം നിറവേറ്റുന്നതിൽ അത്യധികമായ ചാരിതാർത്ഥ്യമാണുള്ളതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. നിരവധിയായ പരിമിതികളിൽ നിന്ന് കൊണ്ട് സാധ്യമായ പ്രവർത്തനങ്ങൾ തൃപ്തികരമായി നടപ്പാക്കുന്നതിന് ഇക്കാര്യത്തിൽ കഴിഞ്ഞിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സഹകരിച്ച സംസ്ഥാന സർക്കാരിനോടും വിവിധ ജന നേതാക്കളോടും എംഎൽഎ നന്ദി പ്രകടിപ്പിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!