ചൊവ്വാ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഗമം

കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിലെ പ്രസിദ്ധമായ മൂന്ന് നോമ്പ് തിരുനാളിനുള്ള ഒരുക്കങ്ങൾ സജീവമായി. 26,27,28 തിയതികളിലായാണ് മൂന്ന് നോമ്പ് തിരുനാൾ. തിരുനാളിന് മുന്നോടിയായി പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരാചരണവും നടക്കും. ദേശതിരുനാളുകൾ ഉൾപ്പെടെ ഒരുമാസത്തിലധികം നീളുന്ന ആത്മീയ ആഘോഷങ്ങളിലേക്കാണ് കുറവിലങ്ങാട് ഇടവക പ്രവേശിക്കുന്നത്.
മൂന്ന് നോമ്പ് തിരുനാളിന്റെ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ നടത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾക്കൊള്ളുന്ന യോഗം നാളെ (6- ചൊവ്വാ)മൂന്ന് പള്ളിയോഗശാലയിൽ നടക്കും. മോൻസ് ജോസഫ് എംഎൽഎയുടെ ആവശ്യത്തെതുടർന്ന് പാലാ ആർഡിഒയാണ് മീറ്റിംഗ് വിളിച്ചുചേർത്തിട്ടുള്ളത്. വിദേശങ്ങളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കായ തീർത്ഥാടകരെത്തുന്ന തിരുനാളെന്ന നിലയിലാണ് സർക്കാർ സംവിധാനങ്ങൾക്കൂടി തിരുനാളിനുള്ള ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നത്. യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.

പോലീസ്, എക്‌സൈസ്, പൊതുമരാമത്ത്, മോട്ടോർ വെഹിക്കിൾ, കെഎസ്ആർടിസി, ഫയർഫോഴ്‌സ്, ആരോഗ്യം, കെഎസ്ഇബി, മൃഗസംരക്ഷണം, ചുമട്ടുതൊഴിലാളി ക്ഷേമനിധി, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ വിലയിരുത്തും. തുടർപടികൾ ആവശ്യമുള്ള വിഷയങ്ങളിൽ നിർദ്ദേശങ്ങളും തീരുമാനങ്ങളുമുണ്ടാകും. ഇടവക പ്രദേശത്തെ ത്രിതല പഞ്ചായത്തംഗങ്ങളും യോഗത്തിൽ പങ്കെടുക്കും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിൽ വൈദികരും കൈക്കാരന്മാരും യോഗപ്രതിനിധികളും ചേർന്നാണ് ഇടവകതലത്തിൽ തിരുനാളിനുള്ള ഒരുക്കങ്ങൾ നടത്തുന്നത്.




