
കുറവിലങ്ങാട്: സംഘാടകമികവും സംഘശക്തിയുമറിച്ച് കുറവിലങ്ങാട് യുവജനമഹാസംഗമം നടത്തി. ഇടവകയിലെ ആയിരത്തി ഇരുനൂറോളം യുവജനങ്ങൾ പങ്കെടുത്ത സമ്മേളനം എസ്എംവൈഎം യൂണിറ്റ് സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് നടത്തിയത്.
യുവജനങ്ങൾ കത്തിജ്വലിക്കുന്ന വിളക്കുകളാണെന്നും സമൂഹം ഏറ്റവും ശ്രദ്ധിക്കുന്നത് യുവജനങ്ങളെയാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
യുവജനങ്ങൾ നല്ല പ്രബോധകരാകണം. നാടിന്റെ പരിശുദ്ധമായ ചരിത്രം കൊണ്ടുനടക്കാൻ യുവജനങ്ങൾക്ക് കഴിയണം. സമുദായത്തെ സഭയിൽ നിന്ന് മാറ്റിനിറുത്തരുതെന്നും സമുദായശക്തീകരണത്തിനായി മുന്നിട്ടിറങ്ങണമെന്നും രൂപതാധ്യക്ഷൻ ഓർമ്മിപ്പിച്ചു.


എസ്എംവൈഎം യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് അധ്യക്ഷത വഹിച്ചു. സമുദായശക്തീകരണ പദ്ധതികൾ സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ വിശദീകരിച്ചു.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, എസ്എംവൈഎം രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ചൂരയ്ക്കൽ , രൂപത പ്രസിഡന്റ് ആൽവിൻ സോണി, ഇടവക കുടുംബകൂട്ടായ്മ ജനറൽ ലീഡർ ബോബിച്ചൻ നിധീരി, എസ്എംവൈഎം യുണിറ്റ് പ്രസിഡന്റ് അമല കോച്ചേരി എന്നിവർ പ്രസംഗിച്ചു.
യൂണിറ്റ് ജോയിന്റ് ഡയറക്ടർ സിസ്റ്റർ വന്ദന, ഭാരവാഹികളായ നേഹ ലിജു, എബിൻ സജി, സോൺതല ചുമതലക്കാരായ ജയ്ൻ ബാബു, ഷിബി ഷാജി, ലൂസി തോമസ്, അജിൻ ജോയി, അലീന ബിജു, അലൻ ജോബ് കോച്ചേരി, ആൻ എലിസബത്ത് ഷാജി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.





