കുറവിലങ്ങാട് : കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ യാഥാർത്ഥ്യമാകുന്ന കേരളത്തിലെ ആദ്യത്തെ സയൻസ് സിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന മെയ് 29 ന്റെ സമർപ്പണ ചടങ്ങ് നാടിന്റെ മഹോത്സവമാക്കി മാറ്റാൻ എല്ലാവിധ ക്രമീകരണങ്ങളും ചെയ്തു വരുന്നതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

2014 കാലഘട്ടത്തിൽ യുഡിഎഫ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ അദ്ധ്യക്ഷതയിൽ യുപിഎ നേതൃത്വം നൽകിയ കേന്ദ്രസർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന എ.കെ ആന്റണി തറക്കല്ലിട്ട് തുടക്കം കുറിച്ച കേരള സയൻസ് സിറ്റി വികസന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇപ്പോൾ തുറന്നുകൊടുക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന സർക്കാരിൽ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെയും സഹകരണ വകുപ്പ് മന്ത്രി വി .എൻ വാസവന്റെയും നേതൃത്വപരമായ പങ്കിനെ അഭിനന്ദിക്കുന്നു. ദീർഘനാളത്തെ കാലതാമസം ഉണ്ടായെങ്കിലും ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാൻ ഇപ്പോൾ സാഹചര്യം ഉണ്ടാകുന്നത് അഭിമാനകരമാണ്.

കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കുറവിലങ്ങാട് കേന്ദ്രമായി കേരള സയൻസ് സിറ്റി സ്ഥാപിക്കുന്നതിനു വേണ്ടി കൃഷിവകുപ്പിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കോഴായിലെ 100 ഏക്കർ സ്ഥലത്ത് നിന്നും 30 ഏക്കർ സ്ഥലം വിട്ട് നൽകാൻ മന്ത്രിസഭ തീരുമാനം കൈക്കൊള്ളുവാൻ നേതൃത്വം നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും അന്നത്തെ കൃഷി മന്ത്രി കെ. പി മോഹനനെയും നന്ദിപൂർവ്വം സ്മരിക്കുന്നു. മെയ് 29ന് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു കൊണ്ട് കുറവിലങ്ങാട് നടക്കുന്ന കേരള സയൻസ് സിറ്റി ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയത്തിനതീതമായി വമ്പിച്ച വിജയമാക്കി മാറ്റുന്നതിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി.