
കുറവിലങ്ങാട്: ഒന്നും രണ്ടുമല്ല നൂറുകണക്കായ ഒരേ പേരുകാർ പേരുകാരന്റെ സന്നിധിയിൽ. പേരിന്റെ പേരിൽ നടന്ന സംഗമം ഏറെ ശ്രദ്ധനേടിക്കഴിഞ്ഞു.
പ്രമുഖ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ കോഴാ സെന്റ് ജോസഫ് കപ്പേളയിലെ വണക്കമാസാചരണസമാപനത്തോടനുബന്ധിച്ചാണ് വേറിട്ട സംഗമം ശ്രദ്ധനേടിയത്. നൂറുകണക്കിന് ജോസഫുമാർ സംഗമത്തിലെത്തി മാർ യൗസേപ്പിന്റെ മധ്യസ്ഥം തേടി.
കൈക്കുഞ്ഞുങ്ങളായ ജോസഫുമാർ മുതൽ മുതിർന്ന തലമുറയിലെ കണ്ണിയായ ഔസേപ്പുമാരുമെത്തി.

ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി, സീനിയർ അസി.വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. തോമസ് താന്നിമലയിൽ, ഫാ. ജോസഫ് ചൂരയ്ക്കൽ, ഇടവകാംഗവും പാസ്റ്ററൽ അസിസ്റ്റന്റുമായ ഫാ. ജോസ് കോട്ടയിൽ എന്നിവർ ജോസഫുമാർക്ക് ആശംശകളുമായി സംഗമത്തിനെത്തി.

നീതിമാനായ മാർ യൗസേപ്പിനെ മാതൃകയാക്കാൻ സമൂഹത്തിന് കഴിയണമെന്ന് ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പറഞ്ഞു.





