

കുറവിലങ്ങാട് : കൈരളിക്കാകെ വേറിട്ട ആസ്വാദകഅവസരം സമ്മാനിച്ച കവയിത്രി സിസ്റ്റർ മേരി ബനീഞ്ഞയുടെ ഓർമ്മസുഗന്ധം സമ്മാനിച്ച് ഇലഞ്ഞിപ്പൂവ് വിരിഞ്ഞു. ഇലഞ്ഞി സിഎംസി മഠത്തിലാണ് ഓർമ്മകളുടെ സുഗന്ധവും സാഹിത്യത്തിന്റെ ഭംഗിയും സമ്മാനിച്ച് ഇലഞ്ഞിപ്പൂവ്- സിസ്റ്റർ മേരി ബനീഞ്ഞ സ്മാരക മ്യൂസിയം തുറന്നത്. മലയാളത്തിലെ ആദ്യമിസ്റ്റിക് കവയിത്രിയും കർമ്മലീത്ത സന്യാസിനി സമൂഹാംഗവുമായ സിസ്റ്റർ മേരി ബനീഞ്ഞയുടെ ജന്മശതോത്തര രജതജൂബിലി വേളയിലാണ് സ്മാരക മ്യൂസിയം തുറന്നതെന്നത് സാഹിത്യലോകത്തിനും കർമ്മലീത്ത സന്യാസിനി സമൂഹത്തിനും ഇരട്ടി സന്തോഷമായി.
നവമായ ബനീഞ്ഞാ ആഭിമുഖ്യം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

നവമായ ബനീഞ്ഞാ ആഭിമുഖ്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇലഞ്ഞിപ്പൂവിന്റെ ആശീർവാദം നിർവഹിച്ച് സന്ദേശം നൽകുകയായിരുന്നു മാർ കല്ലറങ്ങാട്ട്. സിസ്റ്റർ മേരി ബനീഞ്ഞയുടെ സാഹിത്യസൃഷ്ടികളെക്കുറിച്ച് ആഴത്തിലുള്ള പഠനങ്ങളുണ്ടാകണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. സിസ്റ്റർ മേരി ബനീഞ്ഞയുടെ ജന്മശതോത്തര രജതജൂബിലി സമ്മേളന ഉദ്ഘാടനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. സിഎംസി സുപ്പീരിയർ ജനറൽ മദർ ഗ്രെയ്സ് തെരേസ് അധ്യക്ഷത വഹിച്ചു.
ചരിത്രനിമിഷങ്ങളിൽ സാഹിത്യനായകരും

ഇലഞ്ഞിപ്പൂവിന്റെ സമർപ്പണവേളയിൽ സിസ്റ്റർ ബനീഞ്ഞ സ്മരണകൾ പങ്കുവെയ്ക്കാനെത്തിയത് നാടിന്റെ അഭിമാനമായ പെരുമ്പടവം ശ്രീധരനായിരുന്നു. പാലാ രൂപത മുഖ്യവികാരി ജനറാളും സിസ്റ്റർ മേരി ബനീഞ്ഞ ഫൗണ്ടേഷൻ ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ, അനൂപ് ജേക്കബ് എംഎൽഎ, ഡോ. കുര്യാസ് കുമ്പളക്കുഴി, സെന്റ് പീറ്റർ ആന്റ് പോൾ ഫൊറോന വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിൽ, ബനീഞ്ഞ സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.എം മാത്യു, സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് പ്രിൻസിപ്പൽ രാജേഷ് സി. കുന്നുംപുറം, ഗീത ജോർജ് , സിസ്റ്റർ സിജി തേരേസ്, സിസ്റ്റർ കൃപ മരിയ എന്നിവരുടെ വാക്കുകളും ശ്രദ്ധേയമായി.
അവാർഡ് ജേതാക്കളായി ഡോ. ജോസ് കെ മാനുവലും റവ.ഡോ. ജയിംസ് പുലിയുറിമ്പിലും

ഈ വർഷത്തെ ബനീഞ്ഞ അവാർഡിന് അർഹനായത് പാലാ രൂപതാംഗവും എം.ജി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സ് അധ്യാപകനുമായ ഡോ. ജോസ് കെ. മാനുവലാണ്. വാനമ്പാടി അവാർഡ് ജേതാവായത് പാലാ ഗുഡ് ഷെപ്പേർഡ് സെമിനാരിയിലെ അധ്യാപകനായ റവ.ഡോ. ജയിംസ് പുലിയുറിമ്പിലാണ്. അവാർഡുകൾ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനിച്ചു.
