
കുറവിലങ്ങാട്: ആണ്ടുവട്ടത്തെ കാത്തിരിപ്പിന് വിരാമം. ജനസാഗരത്തിലേക്ക് ചെവ്വാഴ്ച കപ്പലിറങ്ങും. വിശ്വാസനൗകയുടെ പ്രയാണത്തിന് സാക്ഷികളാകാൻ പതിനായിരങ്ങൾ നാളെ മുത്തിയമ്മയുടെ സവിധത്തിലെത്തും. ആഗോളമരിയൻ തീർത്ഥാടന കേന്ദ്രമായ മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ പള്ളിയിലെ ഭുവനപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം ചൊവ്വാഴ്ചയാണ് നടക്കുന്നത്. മൂന്ന് നോമ്പ് തിരുനാളിന്റെ രണ്ടാംദിനത്തിലാണ് എല്ലാവർഷവും കപ്പൽ പ്രദക്ഷിണം. ചൊവ്വാഴ്ച ഒന്നിനാണ് കപ്പലിറങ്ങുന്നത് . പാരമ്പര്യവിശ്വാസങ്ങൾക്ക് പിൻബലമേകി കടപ്പൂർ നിവാസികളായ ആയിരങ്ങൾ കപ്പൽ സംവഹിക്കും.