

കുറവിലങ്ങാട്: വിളിച്ച് വിളികേട്ട വിശുദ്ധ സെബസ്ത്യാനോസ് ബുധനാഴ്ച സാന്തോം സോണിലേക്ക്. വ്യാഴാഴ്ച സെന്റ് ജോസഫ് സോണിലേക്കും. പകർച്ചവ്യാധികളിൽ നിന്ന് നാടിനെ രക്ഷിക്കാൻ ദൈവസന്നിധിയിൽ മധ്യസ്ഥത വഹിക്കുന്ന വിശുദ്ധ സെബസ്ത്യാനോസിനെ കാണാനും പ്രാർത്ഥിക്കാനുമായി ആയിരങ്ങളാണ് ഗ്രാമങ്ങളിൽ സംഘടിക്കുന്നത്.
രണ്ടുദിനങ്ങളായി കുറവിലങ്ങാടിന്റെ ഗ്രാമവീഥികളെല്ലാം മുത്തിയമ്മയുടെ തിരുസവിധത്തിലേക്ക് ഒഴുകിയെത്തുകയാണ്. വിശുദ്ധ സെബാസ്ത്യാനോസിന്റെ മധ്യസ്ഥം തേടിയുള്ള ദേശതിരുനാളുകളുടെ ആത്മീയ ലഹരിയിലാണ് നാട്ടും നാട്ടുകാരും. വിശുദ്ധ അൽഫോൻസാ, വിശുദ്ധ കൊച്ചുത്രേസ്യാ സോണുകൾക്ക് പിന്നാലെ തിരുനാൾ ബുധനാഴ്ച സാന്തോം സോണിലെത്തി. സെന്റ് ജോസഫ് സോണിലെ തിരുനാളോടെ നാല് സോണുകളിലും തിരുനാൾ ആഘോഷങ്ങൾ പൂർത്തീകരിക്കും.
വെള്ളിയാഴ്ച വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നുള്ള കഴുന്ന് പ്രദക്ഷിണങ്ങൾ നടക്കും. ഇടവകയുടെ മാനേജ്‌മെന്റിൽ പ്രവർത്തിക്കുന്ന അഞ്ച് സ്‌കൂളുകളിലും ഒരു കോളജിലുമുള്ള വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും പ്രദക്ഷിണമായി ചെറിയ പള്ളിയിലെത്തി പ്രാർത്ഥിക്കും. വൈകുന്നേരം വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ടാക്‌സി സ്റ്റാൻഡുകളിൽ നിന്നുമുള്ള പ്രദക്ഷിണങ്ങൾ ചെറിയ പള്ളിയിലേക്ക് നടക്കും.