പുതുവേലി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡവലപ്പമെന്റ് സെന്റർ

0
166

വെളിയന്നൂർ: വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ആധുനിക ലോകത്തെ തൊഴിൽ സാധ്യതകളെക്കുറിച്ചള്ള അറിവും, നൈപുണ്യവും എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സമഗ്ര ശിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെന്റ് സെന്റർ പുതുവേലി ഗവ: ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ചു. 15 വയസ്സു മുതൽ 23 വയസ്സു വരെ പ്രായമുള്ള എസ് എസ് എൽ സി പാസായ കുട്ടികൾക്ക് വെബ് ഡവലപ്പർ, ജി എസ് റ്റി അസിസ്റ്റന്റ് കോഴ്സുകളാണ് പുതുവേലി സെന്ററിൽ ഉണ്ടാവുക. അവധി ദിനങ്ങളിൽ മാത്രമാണ് ക്ലാസ്സ് ഉണ്ടാവുക എന്നതിനാൽ റഗുലർ പഠനത്തെയും ജോലിയെയും തടസ്സപ്പെടുത്താതെ തന്നെ ഒരു വർഷം കൊണ്ട് കേന്ദ്ര ഗവ: അംഗീകൃത സർട്ടിഫിക്കറ്റും പരിശീലനവും കുട്ടികൾക്ക് പൂർത്തിയാക്കാനാവും.

പൂർണ്ണമായും സൗജന്യമായി നടത്തുന്ന കോഴ്സുകളിലേക്ക് ഇരുപത്തി അഞ്ച് വീതം അമ്പത് കുട്ടികൾക്കാണ് ഒരു ബാച്ചിൽ പ്രവേശനം ലഭിക്കുക. പരിശീലന കേന്ദ്രം ഒരുക്കുന്നതിന് 21.5 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
സംസ്ഥാനത്ത് ഹയർസെക്കൻഡറി തലം വരെയുള്ള ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്‌ധ്യം നേടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ പഠനം പൂർത്തിയാക്കുന്ന ഏകദേശം മുപ്പതിനായിരത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഹയർസെക്കൻ്ററി പഠനത്തോടൊപ്പം ഒരു തൊഴിൽ വൈദഗ്‌ധ്യം നേടുവാൻ സാധിക്കുന്നത്. എന്നാൽ ശേഷിക്കുന്ന ഭൂരിഭാഗം കുട്ടികൾക്കും തങ്ങളുടെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ ഉപജീവനത്തിന് ഉതകുന്ന ഒരു തൊഴിൽ പരിശീ ലനം ലഭിക്കുന്നില്ല. അവരിൽ ചിലർ ഔപചാരിക വിദ്യാഭ്യാസത്തിനു ശേഷം ഐ.ടി.ഐ.കളിലും അനൗപചാരിക പരിശീലന കേന്ദ്രങ്ങളിലും ചേരുന്നുണ്ടെങ്കിലും അവരുടെ സംഖ്യ താരതമ്യേന കുറവാണ്. നമ്മുടെ യുവജനതയിൽ ബഹുഭൂരിപക്ഷം പേരും അവരുടെ തൊഴിൽ മേഖലയിൽ പ്രവേശിക്കുമ്പോൾ അനിവാര്യമായ വൈദഗ്‌ധ്യം നേടിയെടുത്തിട്ടുണ്ടാവില്ല.

ജോലിയിൽ പ്രവേശിച്ചതിനു ശേഷം ലഭിക്കുന്ന അനുഭവങ്ങളിലൂടെ മാത്രമാണ് ഇവർക്ക് തൊഴിൽപരമായ കഴിവുകൾ നേടിയെടുക്കാൻ കഴിയുന്നത്. ബഹുഭൂരിപക്ഷം പേർക്കും തങ്ങളുടെ അഭിരുചിക്കും വൈദഗ്‌ധ്യത്തിനും അനുഗുണമായ തൊഴിൽ തിരഞ്ഞെടുക്കുവാൻ സാധിക്കുന്നുമില്ല. നമ്മുടെ കുട്ടികൾക്ക് അവരുടെ അഭിരുചി അനുസരിച്ച് ആധുനികലോകത്ത് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുക എന്നതാണ് സ്‌കിൽ ഡെവലപ്മെൻറ് സെൻ്ററുകളുടെ പ്രധാന ലക്ഷ്യം.
സെന്ററിന്റെ സുഗമമായ പ്രവർത്തനത്തിനായി ഡെവലപ്പ്മെന്റ് കമ്മറ്റി രൂപീകരണ യോഗം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അദ്ധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ മുഖ്യ പ്രഭാക്ഷണം നടത്തി എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രാഹം പദ്ധതി വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം രാജൂ ജോൺ , ഗ്രാമ പഞ്ചായത്ത് അംഗങ്ങായ അർച്ചന രതീഷ് ,ജിമ്മി ജെയിംസ്, ബിന്ദു ഷിജൂ പി റ്റി എ പ്രസിഡന്റ് ആൽവിൻ എബ്രഹം , സ്കൂൾ പ്രൻസിപ്പൽ ലിനി എസ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here