
കുറവിലങ്ങാട്:- നാളുകളായി സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്ന കുറവിലങ്ങാട് താലൂക്ക് ആശുപത്രി കെട്ടിട നിര്‍മ്മാണ പ്രോജക്ട് കിഫ്ബിയുടെ അടുത്ത ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ അറിയിച്ചു.
കുറവിലങ്ങാട് താലൂക്കാശുപത്രിയുടെ സമഗ്രവകസനം സംബന്ധിച്ച് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കുറവിലങ്ങാട് ആശുപത്രിയുടെ പ്രോജക്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ളത് കേരളാ സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിനെയാണ്. ഇവര്‍ തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ കിഫ്ബി പരിശോധിച്ച ശേഷം നിര്‍ദ്ദേശിച്ചിരിക്കുന്ന സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് മടക്കി ലഭിച്ചാലുടനെ കിഫ്ബി അവലോകനം നടത്തുന്നതും തുടര്‍ന്ന് അടുത്ത ബോര്‍ഡ് യോഗത്തില്‍ സമര്‍പ്പിച്ച് പാസ്സാക്കി എടുക്കാന്‍ സത്വരനടപടി കൈക്കൊള്ളുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കിഫ്ബിയുടെ ധനാനുമതി ലഭ്യമാകുന്നതു പ്രകാരം പദ്ധതി നിര്‍വ്വഹണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ ഹൗസിംഗ് ബോര്‍ഡിന്റേയും ആരോഗ്യവകുപ്പിന്റേയും മേല്‍നോട്ടത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കുറവിലങ്ങാട് ഗവ. ആശുപത്രിയെ സംസ്ഥാന സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലമായ രീതിയില്‍ ഏര്‍പ്പെടുത്താന്‍ നാളിതുവരെയും കഴിഞ്ഞിട്ടില്ലെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
കുറവിലങ്ങാട് ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഒരുകോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത് വിനിയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള പ്രധാന ആവശ്യം മെയിന്‍ ബ്ലോക്ക് നിര്‍മ്മിക്കുന്നതാണ്. ഇക്കാര്യത്തില്‍ നാടിന്റെ ആവശ്യം കണക്കിലെടുത്ത് സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
കുറവിലങ്ങാട് ഗവ. ആശുപത്രിയിലെ ചികിത്സാ സംവിധാനത്തെക്കുറിച്ച് ജനങ്ങള്‍ ഉന്നയിക്കുന്ന വിവിധങ്ങളായ പരാതികളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് നിവേദനം സമര്‍പ്പിച്ചു. വിവിധ പരാതികളുടെ പകര്‍പ്പ് മന്ത്രിയ്ക്ക് എം.എല്‍.എ. സമര്‍പ്പിച്ചു