കുറവിലങ്ങാട്: സാന്ത്വന പരിചരണത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കി സ്വരുമ പാലിയേറ്റീവ് കെയർ. മേഖലയിലെ കോളജുകളിലേയും സ്‌കൂളുകളിലേയും വിദ്യാർത്ഥികൾക്കായി സെമിനാറുകളും ശില്പശാലകളും സംഘടിപ്പിച്ച് വിദ്യാർത്ഥികളെ ഹോം കെയറുകളിലടക്കം പങ്കാളികളാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ പലജില്ലകളിലും വളരെ സജീവമായ സ്റ്റുഡന്റ് ഇനിഷ്യേറ്റീവ് പാലിയേറ്റീവ് (എസ്‌ഐപി) ഈ മേഖലയിലും യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യം.
ബോധവൽക്കരണപരിപാടികളുടെ ഭാഗമായി കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കന്ററി, കുര്യനാട് സെന്റ് ആൻസ് ഹയർസെക്കന്ററി സ്‌കൂളുകളിൽ സെമിനാർ നടത്തും. കോളജുകളിലേക്കും സമീപസ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. എൻഎസ്എസ് യൂണിറ്റുകളുമായി ചേർന്നാണ് പദ്ധതി പ്രചരണം ലക്ഷ്യമിടുന്നത്. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ വൈസ് ചെയർമാൻ സക്കറിയ ഞാവള്ളിൽ സെമിനാർ നയിക്കും.
ബുധൻ 11ന് കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കന്ററി സ്‌കൂളിൽ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ സിജി സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലാലി ജോസഫ്, പിടിഎ പ്രസിഡന്റ് ബിജു കുര്യൻ താന്നിക്കതറപ്പിൽ എന്നിവർ പ്രസംഗിക്കും.
കുര്യനാട് സെന്റ് ആൻസ് ഹയർസെക്കന്ററി സ്‌കൂളിൽ ബുധൻ രണ്ടിന് സ്‌കൂൾ മാനേജർ ഫാ. സ്റ്റാൻലി ചെല്ലിയിൽ സിഎംഐ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഫാ. തോമസ് ജോസഫ് സിഎംഐ അധ്യക്ഷത വഹിക്കും. പഞ്ചായത്തംഗം സാബു തെങ്ങുംപിള്ളിൽ, പിടിഎ പ്രസിഡന്റ് ജോസ് വട്ടംകുഴി എന്നിവർ പ്രസംഗിക്കും.
