
പ്രിയപ്പെട്ട ജോണി ചേട്ടാ വിട.
മാധ്യമപ്രവർത്തകനായി എത്തിയതുമുതൽ വലിയ അടുപ്പം സൂക്ഷിച്ചിരുന്ന അങ്ങയുടെ വിയോഗം വലിയ നഷ്ടമാണ്. അനാരോഗ്യം മൂലം പൊതുരംഗത്ത് സജീവമല്ലായിരുന്നപ്പോഴും അടുത്ത ബന്ധം സൂക്ഷിക്കാൻ അങ്ങ് കാണിച്ച താൽപര്യം മറക്കാനാവില്ല.
ഇടത് വലത് മുന്നണികളെ പരാജയപ്പെടുത്തി പഞ്ചായത്തംഗമായ അങ്ങയെ ഭാഗ്യം കൂടി തുണച്ച് പഞ്ചായത്ത് പ്രസിഡന്റായ കാലം മുതൽ നല്ല അടുപ്പം സൂക്ഷിക്കാൻ കഴിഞ്ഞിരുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലെത്തി ഏറെ നേരം സംസാരിക്കാനും കഴിഞ്ഞിരുന്നല്ലോ.
കുറവിലങ്ങാട് അങ്ങ് നടത്തിയ ഗ്രാമോത്സവം ഇന്നും മുതിർന്നവരുടെ ഓർമ്മയിൽ സജീവമാണ്. കേരളാ കോൺഗ്രസ് പി എന്ന് സൗഹൃദസദസ്സുകളിൽ പറയുമ്പോളും കെ.എം മാണി സാറിന്റെ പ്രസ്ഥാനമല്ലാതെ മറ്റൊന്നും അങ്ങയുടെ മനസിൽ ഇടം നേടിയിട്ടില്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് അങ്ങ് ഏറെ സംസാരിച്ചിട്ടുമുണ്ടല്ലോ.
വ്യക്തിപരവും വികസനപരവുമായി ഒട്ടേറെ വിഷയങ്ങൾ അങ്ങുമായുള്ള സംസാരത്തിൽ കടന്നെത്തിയിരുന്നുവല്ലോ. അങ്ങയുടെ വിയോഗം നാടിനൊരു കനത്തനഷ്ടം തന്നെയാണ്. അങ്ങ് നേതൃത്വം നൽകിയ വികസനപ്രവർത്തനങ്ങളെല്ലാം അങ്ങയുടെ ഓർമ്മകളും ചിന്തകളും ഇളംതുലമുറയ്ക്ക് കൈമാറും. അത്രയും മുന്നേറ്റങ്ങൾ അങ്ങ് നടത്തിയിട്ടുണ്ടല്ലോ. വിട.