സീറോമലബാർ സഭയുടെ അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അന്തിമ പ്രസ്താവനയുടെ പൂർണ്ണരൂപം

0
26

വിശ്വാസപരിശീലനം കാലാനുസൃതമാകണം, സമുദായം ശക്തിപ്പെടണം, പ്രേഷിത ചൈതന്യം ജ്വലിക്കണം.

വിശ്വാസപരിശീലന നവീകരണം

സീറോമലബാർ സഭയുടെ ദൗത്യമേഖലകളില്‍ അല്മായവിശ്വാസികള്‍ക്ക് കൂടുതല്‍ ഇടം നല്കാനുള്ള ആഹ്വാനവുമായി അഞ്ചാമത് സീറോമലബാർ സഭാ അസംബ്ലി സമാപിച്ചു. മെത്രാന്മാരും വൈദികരും സന്യസ്തരും അത്മായരും അടങ്ങുന്ന 348 പ്രതിനിധികള്‍ മൂന്നുദിവസം നീണ്ടുനിന്ന പ്രാർത്ഥനയുടെയും പരിചിന്തനങ്ങളുടെയും അനന്തരഫലമായി പുറപ്പെടുവിച്ച അന്തിമരേഖയില്‍ സഭാനവീകരണത്തിന് ഊന്നല്‍ നല്‍കുന്ന തീരുമാനങ്ങളാണ് പ്രഖ്യാപിച്ചത്. കാലാനുസൃതമായ സഭാജീവിതവും ദൗത്യവും എന്ന മുഖ്യപ്രമേയം ആസ്പദമാക്കി, വിശ്വാസപരീശീലന നവീകരണം, സുവിശേഷപ്രഘോഷണത്തിലെ അല്മായപങ്കാളിത്തം, സമുദായ ശക്തീകരണം എന്നീ മേഖലകളാണ് പ്രധാനമായും ചർച്ചാവിഷയമാക്കിയത്.
മാർത്തോമ്മാ നസ്രാണികളുടെ പുരാതന പാരമ്പര്യമായ സഭായോഗത്തിന്റെ (പള്ളിയോഗം) ആധുനിക പതിപ്പാണ് അസംബ്ലി. പൗരസ്ത്യ കത്തോലിക്കാസഭകളില്‍ അംഗബലം കൊണ്ടു രണ്ടാംസ്ഥാനത്തു നില്ക്കുന്ന സീറോമലബാർ സഭയ്ക്കു ഭാരതം മുഴുവന്‍ അജപാലനാധികാരം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വർദ്ധിത ചൈതന്യത്തോടെ, സഹോദരസഭകളോടൊപ്പം സുവിശേഷപ്രഘോഷണത്തിനായി സമർപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന വ്യക്തിസഭ എനിലയില്‍ വെല്ലുവിളികളെ സധൈര്യം നേരിടാനും ഒരുമയുടെയും സാഹോദര്യത്തിന്റെയും വികാരത്തോടെ ഒരു കുടുംബം എന്നനിലയില്‍ ശക്തിപ്പെടാനും ഈ സമ്മേളനത്തിലൂടെ സഭ ലക്ഷ്യം വയ്ക്കുന്നു. രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ സഭാ വിശ്വാസികള്‍ കൂടുതല്‍ കരുത്തരാകേണ്ടതിന്റെ ആവശ്യകത സമ്മേളനം ഊന്നി പറയുന്നു. ജീവിക്കുന്ന നാട്ടില്‍നിന്ന് വന-പരിസ്ഥിതി നിയമംമൂലം തിരസ്കൃതരാകുന്ന കർഷക മക്കളുടെയും പ്രകൃതിദുരന്തത്താലും വന്യമൃഗശല്യത്താലും കഷ്ടപ്പെടുവരുടെയും വേദനയില്‍ സഭ പങ്കുചേരുന്നു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്ട്ട് ഉടന്‍ പ്രസിദ്ധീകരിക്കുകയും ക്രൈസ്തവ സഭകളുമായി ചർച്ച ചെയ്തു നടപ്പിലാക്കുകയും ചെയ്യണം, മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് ജനസുരക്ഷ മുന്‍നിർത്തി യാഥാർത്ഥ്യ ബോധത്തോടെയുള്ള പരിഹാരം അടിയന്തിരമായി കണ്ടെത്തണം, ദുക്റാന തിരുനാള്‍ പൊതു അവധിയായി പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങള്‍ സർക്കാർ പരിഗണിക്കണമെന്ന് ശക്തമായി ഉന്നയിക്കപ്പെടുന്നു.

വിശ്വാസജീവിതം സാമൂഹിക സംസ്കാരിക വെല്ലുവിളികർ നേരിടുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസപരിശീലന മേഖല നവീകരിക്കപ്പെടേണ്ടതുണ്ട് എന്നു തിരിച്ചറിയുന്നു. വിശ്വാസികളില്‍, പ്രത്യേകിച്ച് പുതിയ തലമുറയില്‍ ക്രൈസ്തവസ്വത്വവും സീറോമലബാർ സമുദായബോധവും വർദ്ധിപ്പിക്കുക, നമ്മുടെ വിശ്വാസത്തിന്റെ അനന്യത ബോധ്യപ്പെടുത്തുക, ഈശോമിശിഹാ ദൈവവും ഏക രക്ഷകനും എന്ന ബോധ്യം രൂഢമൂലമാക്കുക, ആത്മീയ വളർച്ചയും ദൈവാനുഭവത്തിലുള്ള ആഴപ്പെടലും സാധ്യമാക്കുക, ജീവിത സാഹചര്യങ്ങളില്‍ ഈശോയെ ഏറ്റുപറയാന്‍ സജ്ജരാക്കുക, മിഷനറി ബോധം ഉണർത്തുക തുടങ്ങിയവ ഫലപ്രദമാകുന്ന രീതിയില്‍ വിശ്വാസപരിശീലന ബോധന പ്രക്രിയകള്‍ നവീകരിക്കപ്പെടണം. വിശ്വാസപരിശീലകരെ പുതിയ കാലഘട്ടത്തിന്റെ അടയാളങ്ങള്‍ മനസ്സിലാക്കുന്നവരാകാന്‍ കരുത്തരാക്കുക, വിശ്വാസരൂപീകരണത്തില്‍ കുടുംബങ്ങള്‍ക്കും ഇടവകകള്‍ക്കും അജപാലകർക്കുമുള്ള പങ്ക് എടുത്തു കാണിക്കുക എന്നതും ഈ നവീകരണത്തില്‍പ്പെടുന്നു. കാലാനുസൃതമായ അധ്യാപനരീതികള്‍ ഈ മേഖലയില്‍ ഉപയോഗിക്കാന്‍ സഭ ആഗ്രഹിക്കുന്നു. വിശ്വാസജീവിതം എന്നത് ആരാധനാധിഷ്ഠിത ജീവിതമാണെ് സഭ തിരിച്ചറിയുന്നു. അതോടൊപ്പം സാർവത്രിക സാഹോദര്യത്തിലധിഷ്ഠിതമായി മറ്റു വിശ്വാസികളെ മാനിക്കാനും സഭാമക്കള്‍ പരിശീലനം തേടുന്നു.

  1. അല്മായ പ്രേഷിതദൗത്യം.

മാമോദീസാ സ്വീകരിച്ച ഓരോ വിശ്വാസിയും പ്രേഷിതനാണ്. എന്നാല്‍ ജനതകള്‍ക്കായുള്ള സുവിശേഷവത്കരണവും പുനര്സുവിശേഷവത്കരണവും നവസുവിശേഷവത്കരണവും പ്രേഷിതപ്രവർത്തനത്തിന്റെ തലങ്ങളാണ്; ഈ തലങ്ങളിലെല്ലാം അല്മായ വിശ്വാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സഭ ആഗ്രഹിക്കുന്നു. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതികവിദ്യ തുടങ്ങി തങ്ങളുടെ സേവനമേഖലകളെല്ലാം സുവിശേഷ മൂല്യാധിഷ്ഠിതമാക്കുക എന്നത് അല്മായരുടെ പ്രേഷിതദൗത്യമാകണം. പ്രേഷിത പ്രവർത്തനം സമർപ്പിതജീവിത സാഹചര്യങ്ങളിലേക്ക് ചുരുങ്ങാതെ അല്മായ വിശ്വാസികളും പ്രേഷിത സജ്ജരാകണമെന്ന് അസംബ്ലി ആഹ്വാനം ചെയ്തു. സീറോമലബാര്‍ സഭയില്‍ പ്രേഷിതരായ അല്മായർക്കുവേണ്ടിയുള്ള ഒരു പ്രസ്ഥാനം രൂപപ്പെടുത്താന്‍ അസംബ്ലി ശുപാർശ ചെയ്തു. പ്രേഷിതാഭിമുഖ്യം വർദ്ധിപ്പിക്കാനുതകുന്ന പ്രേഷിതയാത്രകള്‍, പ്രേഷിതമാസാചരണം, പ്രേഷിതപുരസ്കാര വിതരണം, മിഷന്‍ഫണ്ടു ശേഖരണം തുടങ്ങിയ കർമ്മപദ്ധതികള്‍ ആവിഷ്കരിക്കും. ആത്മീയമായും സാമൂഹികമായും അജപാലനപരമായും പരിശീലനം സ്വീകരിച്ച് ഭാരതത്തിന്റെ ബഹുസ്വരതയും ഭരണഘടനയും മാനിച്ചുകൊണ്ടുതന്നെ സുവിശേഷവേലയില്‍ സജീവമായി അല്മായർ പങ്കുചേരുന്ന ഒരു പ്രേഷിതവിപ്ലവം സഭ ഈ അസംബ്ലിയിലൂടെ സ്വപ്നം കാണുന്നു.

  1. സീറോമലബാർ സമുദായ ശക്തീകരണം.

സീറോമലബാർ സഭയെ തനതായ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഐക്യബോധവും സഹവർത്തിത്വവുമുള്ള സമുദായമാക്കി രൂപപ്പെടുത്തുന്നതിന്റെ കാലിക സാധ്യതകളെക്കുറിച്ചും ഒരു സമുദായം എന്ന നിലയില്‍ നാം നേരിടുന്ന പ്രതിസന്ധികളുടെ ആഴങ്ങളെക്കുറിച്ചും അഞ്ചാമത് അസംബ്ലി സൂക്ഷ്മമായ പരിചിന്തനങ്ങള്‍ നടത്തുകയും കൃത്യമായ പരിഹാരമാർഗ്ഗങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. സ്വന്തം സമുദായത്തെ പറ്റിയുള്ള അഭിമാനബോധം വളർത്തുക എന്നതാണ് സമുദായ ശക്തീകരണത്തിന്റെ ആദ്യപടി. സീറോമലബാർ സമൂഹത്തിന്റെ ഭൗതികതലത്തെ സൂചിപ്പിക്കുന്നതിനാണു സമുദായം എന്ന പദം ഉപയോഗിക്കുന്നത്. ഒരു സമൂഹമെന്ന നിലയില്‍ സമുദായം നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളും നിരവധിയാണ്. ജനസംഖ്യാശോഷണം, കൃഷി-തൊഴില്‍, സാമ്പത്തിക മേഖലകളിലെ തിരിച്ചടി, സാമൂഹിക രാഷ്ട്രീയ പിന്നാക്കാവസ്ഥ, പൊതുസമൂഹത്തില്‍ ക്രിസ്തീയ ചരിത്രവും സംസ്കാരവും നേരിടുന്ന അവഗണന, പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഇതെല്ലാം സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളാണ്. ജീവന്റെ സംരക്ഷണവും പോഷണവും ഓരോ വിശ്വാസിയുടെയും പ്രഥമ ഉത്തരവാദിത്തമായി മാറണം. കാർഷിക വ്യവസായിക തൊഴില്‍ മേഖലകളിലെ പ്രതിസന്ധികള്‍ക്കിടയിലും സമുദായാംഗങ്ങള്‍ തോളോട് തോള്‍ ചേർന്നു പ്രവർത്തിക്കുകയും പരസ്പരം ശക്തിപ്പെടുത്തുകയും വേണം. ഉദ്യോഗസ്ഥ രാഷ്ട്രീയ മേഖലകളില്‍ സമുദായ അംഗങ്ങളുടെ പ്രാതിനിധ്യം കുറയുന്നതില്‍ അസംബ്ലി ഉത്കണ്ഠ അറിയിച്ചു. സഭാജീവിതത്തിലും സമൂഹത്തിലും സ്ത്രീകളുടെയും യുവജനങ്ങളുടെയും സജീവമായ പങ്കാളിത്തം ഉറപ്പാക്കാന്‍ അസംബ്ലി ലക്ഷ്യമിടുന്നു. സമുദായ ക്ഷേമത്തിനു മുന്‍ഗണന നല്കുന്ന രാഷ്ട്രീയ നേതാക്കളെ ചേർത്തുപിടിക്കാനും സമുദായ അംഗങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമാകാനും തീരുമാനിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കായും ദളിത് ക്രൈസ്തവർ, സഭാംഗങ്ങളായ നാടാർ, കമ്മാളർ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്നിവരുടെ ശക്തീകരണത്തിനായും ഒറ്റക്കെട്ടായി പോരാടാന്‍ സഭ ആഗ്രഹിക്കുന്നു. ക്രിസ്ത്യന്‍ ചരിത്രവും സംഭാവനകളും വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഈ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടുന്നു. സീറോമലബാർ സഭയുടെ സാമൂഹിക- രാഷ്ട്രീയ ശബ്ദമായ സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസിനെ വളർത്താന്‍ അസംബ്ലി ആഹ്വാനം ചെയ്തു. സീറോമലബാർ സഭ ഒരു ആഗോള സഭയായി മാറിയ സാഹചര്യത്തില്‍ വിശാലമായ അജപാലന ശൈലി പ്രവാസി മേഖലകളില്‍ അവലംബിക്കേണ്ടതിന്റെ ആവശ്യകത അസംബ്ലി ചർച്ച ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഭാഷകളിലും സംസ്കാരങ്ങളിലുമായി വളർന്നുകൊണ്ടിരിക്കുന്ന സീറോ മലബാർ സഭംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതു കണ്ണിയായി തങ്ങളുടെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും ഭാഷാ പൈതൃകവും പുനരുജ്ജീവിപ്പിക്കുതിന് ആവശ്യമായ നടപടികള്‍ ആവിഷ്കരിച്ച് നടപ്പില്‍ വരുത്താന്‍ അസംബ്ലി തീരുമാനിച്ചു.



ഉപസംഹാരം

സഭാമക്കളായ പ്രവാസികള്‍ നേരിടുന്ന പ്രതിസന്ധികളില്‍ സാധ്യമായ പരിഹാരം തേടാനും സഭ ആഗ്രഹിക്കുന്നു. ഗള്‍ഫ് മേഖലയിലും യൂറോപ്പിലും നിയതമായ സഭാ സംവിധാനം രൂപപ്പെടുത്തുക, ക്നാനായ സമുദായത്തിന്റെ പ്രേഷിത മേഖലകള്‍ വിശാലമാക്കുക, സൗത്താഫ്രിക്കയിലും സിംഗപ്പൂരിലും അജപാലന സംവിധാനം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. സമുദായ ശക്തീകരണം എന്നത് കേരളത്തില്‍ മാത്രം ഒതുങ്ങുന്ന പ്രക്രിയയല്ല. ആഗോള മാനം സിദ്ധിച്ചിരിക്കുന്ന സീറോ മലബാർ സഭ ലോകത്തിലെവിടെയായാലും അവിടെ സമുദായത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് സഭ യഥാർത്ഥത്തില്‍ വളരുന്നത്. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും സിനഡു തീരുമാനപ്രകാരമുള്ള വിശുദ്ധ കുർബാന അർപ്പിക്കണമെന്ന് അസംബ്ലി ശക്തമായി ആവശ്യപ്പെട്ടു. സഭയുടെ പത്രമായ ദീപികയുടെ പ്രചരണത്തിനും മൈലാപ്പൂരില്‍ സഭയ്ക്ക് സ്വന്തമായ തീർത്ഥാടന സംവിധാന ക്രമീകരണത്തിനും സഭാ മക്കള്‍ സർവാത്മനാ സഹകരിക്കണമെന്ന് അസംബ്ലി ഓർമ്മിപ്പിച്ചു. സഭാപരവും സാമുദായികവുമായ അവകാശങ്ങള്‍ക്കായി വാദിക്കുന്നതും പോരാടുന്നതും മതമൗലികവാദമോ തീവ്രവാദമോ ആയി തെറ്റിദ്ധരിക്കാന്‍ ഇടയാകരുതെന്ന് സഭ പൊതുസമൂഹത്തെ ഓർമ്മിപ്പിക്കുന്നു. പ്രത്യാശയുടെ തീർത്ഥാടകയായ സഭ പ്രതിസന്ധികളെ അതിജീവിക്കുമെന്നും സുവിശേഷാത്മക ധൈര്യത്തോടെ പ്രശോഭിക്കുമെന്നുമുള്ള വിശ്വാസത്തോടെ സഭാമാതാവിനുവേണ്ടി ജീവാർപ്പണം ചെയ്യാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. സഭയുടെ ശിരസ്സായ മിശിഹായുടെ അനുഗ്രഹവും പരി. കന്യകാമറിയത്തിന്റെയും നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹായുടെയും നമ്മുടെ സഭയിലെ വിശുദ്ധരുടെയും വാഴത്തപ്പെട്ടവരുടെയും പ്രാർത്ഥനയും നമുക്ക് കൂട്ടായിരിക്കട്ടെ.

അവർണനീയമായ ദാനത്തെക്കുറിച്ച് ദൈവമേ അങ്ങേയ്ക്ക് സ്തുതി.

LEAVE A REPLY

Please enter your comment!
Please enter your name here