കുറവിലങ്ങാട് : ശ്രീമൂലം ഷഷ്ടിപൂർത്തി റോഡിന് ഫണ്ട് അനുവദിച്ചതായുള്ള പ്രചരണബോർഡിൽ ചെരുപ്പ്മാലയണിയിച്ച് കോൺഗ്രസ്. പഞ്ചായത്തിൽ ഒന്നാം വാർഡിൽ കാളിയാർതോട്ടം -ചായമ്മാവ് ഭാഗത്തു കൂടി കടന്നു പോകുന്ന ശ്രീമൂലം ഷഷ്ടിപൂർത്തി റോഡ് കാൽനട യാത്രകാർക്ക് പോലും സഞ്ചാര യോഗ്യമല്ലാത്ത രീതിയിൽ തകർന്നപ്പോൾ റോഡ് നന്നാക്കുവാനായി മന്ത്രി നാല്പതു ലക്ഷത്തി ഇരുപത്തിയ്യായിരം രൂപ അനുവദിച്ചതായി സ്ഥാപിച്ച ബോർഡിലാണ് കോൺഗ്രസ് പ്രതിഷേധം പ്രകടിപ്പിച്ചത്. ബോർഡ് സ്ഥാപിച്ച് മാസങ്ങളേറെ കഴിഞ്ഞിട്ടും റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ചാണ് രംഗത്തെത്തിയതെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഫ്‌ളക്‌സ് വയ്ക്കുന്നതിനും പണം അനുവദിച്ചതായുള്ള ചെക്കിന്റെ ഫോട്ടോ പ്രചരിപ്പിക്കുന്നതിനും കാണിച്ച ഉത്സാഹം റോഡ് പണി ഉടൻ പൂർത്തിയാക്കുന്നതിനും കാണിക്കണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ലജ്ജാകരമായ പ്രവണതകൾ ഒഴിവാക്കണമെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബിജു മൂലംകുഴ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അറ്. ജിൻസൺ ചെറുമല, ബ്ലോക്ക് വൈസ് പ്രസിഡന്റ് അജോ അറക്കൽ,ആന്റണി മുണ്ടയ്ക്കൻ, ഷാജി പുതിയടം, ടി.ആർ രമണൻ, ജോഷി പതിയാമറ്റം, സിബി ഓലിക്കൽ, അനീഷ് ചെല്ലായി, സിബി വട്ടംകുഴി, ജോർജ് ജോസ് തെക്കുമ്പുറത്തു എന്നിവർ നേതൃത്വം നൽകി.