കുറവിലങ്ങാട്: മുത്തിയമ്മയ്ക്കരുകിലെത്തുന്ന തീർത്ഥാടക സഹസ്രങ്ങൾക്കുള്ള ഇടവകയുടെ സമ്മാനമായി ബെത്‌ലഹേം അപ്പത്തിന്റെ വീട് തുറന്നുനൽകി. ഇടവകയുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതി മുത്തിയമ്മ കോംപ്ലക്‌സ്- വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ബ്ലോക്കും നാടിന് സമർപ്പിച്ചു.
ആയിരക്കണക്കായ ജീവിതത്തിന്റെ നാനാതുറകളിലുള്ള ആയിരക്കണക്കായ ആളുകളെ സാക്ഷിയാക്കിയാണ് ഉദ്ഘാടനം നടന്നത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കെട്ടിടസമുച്ചയങ്ങളുടെ ആശീർവാദം നിർവഹിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ അഗസ്റ്റിൻ കൂട്ടിയാനിയിൽ, സീനിയർ അസി. വികാരി ഫാ. ജോസഫ് മണിയഞ്ചിറ, അസി.വികാരിമാരായ ഫാ. ജോർജ് വടയാറ്റുകുഴി, ഫാ. ഓസ്റ്റിൻ മേച്ചേരി, ഫാ. പോൾ കുന്നുംപുറത്ത്, ഫാ. ആന്റണി വാഴക്കാലാ, ദേവമാതാ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. മാത്യു കവളമ്മാക്കൽ തുടങ്ങിയവർ സഹകാർമികരായി.
പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ.ഡോ. ജോസഫ് തടത്തിൽ, വികാരി ജനറാൾ മോൺ.ഡോ. ജോസഫ് കണിയോടിക്കൽ, ചാൻസിലർ റവ.ഡോ. ജോസഫ് കുറ്റിയാങ്കൽ, വൈസ് ചാൻസിലർ ഫാ. ജോസഫ് മണർകാട്ട്, ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ എന്നിവരുടെ നേതൃത്വത്തിൽ ഒട്ടേറെ വൈദികരും മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി മത്തായി, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി എന്നിവരുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തംഗങ്ങളും പങ്കെടുത്തു.
നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും കമ്മിറ്റിയംഗങ്ങളേയും ഉപഹാരം നൽകി ആദരിച്ചു. പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള ആയിരങ്ങൾ ആസ്വദിച്ചു.