ജൂബിലിയ്ക്കിടയിൽ ദേശീയ അംഗീകാരവുമായി ദേവമാതാ കോളജ്
കുറവിലങ്ങാട്: സേവനത്തിന്റെ അറുപതാം വാർഷികാഘോഷങ്ങൾക്കിടയിൽ ദേവമാതാ കോളജിലെ തേടി ദേശീയ ബഹുമതിയും. രാജ്യത്തെ ഏറ്റവും മികച്ച 150 കോളജുകളുടെ പട്ടികയിൽ ഇടം നേടിയാണ് ദേവമാതാ ശ്രദ്ധനേടുന്നത്. ഈ വർഷത്തെ നാഷണൽ ഇൻസ്റ്റിറ്റിയൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിൽ കോളേജ് വിഭാഗത്തിൽ ദേശീയതലത്തിൽ മികച്ച 150 സ്ഥാപനങ്ങളുടെ പട്ടികയിൽ ദേവമാതാ മികച്ച സ്ഥാനം നേടി.
അധ്യയന സൗകര്യങ്ങൾ, ഗവേഷണവും വൈദഗ്ധ്യ പരിശീലനവും, ബിരുദ ഫലങ്ങൾ, സാമൂഹ്യ ക്ഷേമ പ്രവർത്തന പങ്കാളിത്തവും ഉൾക്കൊള്ളലും, സഹസ്ഥാപനങ്ങളുടെ അഭിപ്രായം എന്നിവ പരിഗണിച്ചാണ് ദേവമാതായുടെ ഈ മുന്നേറ്റം.
രാജ്യമൊട്ടാകെയുള്ള 3, 371 കോളേജുകളാണ് ഇപ്രാവശ്യം റാങ്കിംഗിനായി അപേക്ഷിച്ചിരുന്നത്. ഇതിലെ ആദ്യ 150 സ്ഥാനങ്ങളിലൊന്നായി കുറവിലങ്ങാട് ദേവമാതാ കോളേജ് ഇടം നേടി. നൂറിനും നൂറ്റമ്പതിനുമിടയിലുള്ള മികവിന്റെ പട്ടികയിലാണ് ദേവമാതാ കോളേജ് ഇടം പിടിച്ചത്.
എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ളതും ഇപ്പോൾ ഓട്ടോണമസ് പദവിയില്ലാത്തതുമായ എയ്ഡഡ് കോളേജുകളിൽ കോട്ടയം ജില്ലയിൽ ഏറ്റവും ഉയർന്ന എൻഐആർഎഫ് റാങ്കിംഗ് നേടിയത് ദേവമാതായാണ്.
പാലാ രൂപതയിലെ കോളജുകളിൽ ഏറ്റവും ഉയർന്ന നാക് ഗ്രേഡ് പോയിന്റുള്ള ദേവമാതായ്ക്ക് ആ സ്ഥാനം എൻ.ഐ.ആർ.എഫ് റാങ്കിംഗിലും നിലനിർത്താൻ സാധിച്ചു. എൻ.ഐ.ആർ.എഫ് നോഡൽ ഓഫീസർ ഡോ. ടീന സെബാസ്റ്റ്യനാണ് കോളജിന് മികച്ച മുന്നേറ്റം നടത്തിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
കോളജ് മാനേജർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ബർസാർ ഫാ.ജോസഫ് മണിയഞ്ചിറ എന്നിവരുടെ നേതൃത്വത്തിലാണ് ഇപ്പോൾ ദേവമാതായുടെ തേരോട്ടം.