പ്ലാറ്റിനം ജൂബിലി നിറവിൽ സീറോ മലബാർ സഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിക്ക് ആതിഥേയത്വവുമായി പാലാ രൂപത

0
267

കുറവിലങ്ങാട്: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ പാലാ രൂപതയ്ക്ക് ഇരട്ടി മധുരമായി സീറോമലബാർ സഭ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ ആതിഥേയത്വവും. ഭാരതകത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഒന്നാകെയുള്ള സമ്മേളനം ഭംഗിയായി നടത്തിയതിനുള്ള അംഗീകാരമെന്നോണമാണ് സഭയുടെ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി പാലാ രൂപതയ്ക്ക് ലഭിച്ചത്.


പാലായിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടും സെന്റ് തോമസ് കോളേജ് ക്യാമ്പസ്സുമാണ് അസംബ്ലിയുടെ വേദി. ആഗസ്റ്റ് 22 ന് വൈകുന്നേരം ആരംഭിച്ചു 25ന് ഉച്ചയോടെ സമാപിക്കുന്ന രീതിയിലാണ് അസംബ്ലി ക്രമീകരിച്ചിരിക്കുന്നത്. 80 വയസിൽ താഴെ പ്രായമുള്ള 50 ബിഷപ്പുമാരും 108 വൈദികരും146 അല്മായരും 37 സമർപ്പിത സഹോദരിമാരും ഏഴ് ബ്രദേഴ്‌സുമാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. പ്രാതിനിധ്യ സ്വഭാവം ഉറപ്പാക്കുന്ന 348 അംഗങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്.


കാലാനുസൃതമായ സഭാജീവിതവും ദൗത്യവും സീറോമലബാർസഭയിൽ എന്നതാണ് അസംബ്ലിയുടെ പ്രധാനവിഷയം. സീറോമലബാർസഭയിലെ വിശ്വാസപരിശീലന രൂപീകരണം, സുവിശേഷപ്രഘോഷണത്തിൽ അല്മായരുടെ സജീവ പങ്കാളിത്തം,
സീറോമലബാർ സമുദായ ശാക്തീകരണം എന്നീ ഉപവിഷയങ്ങളും അംസബ്ലിയിലുണ്ട്.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ചേരുന്ന അസംബ്ലിയുടെ ഉദ്ഘാടനം ഇന്ത്യയുടെ അപ്പസ്റ്റോലിക്ക് ന്യുൺഷോ ആർച്ച്ബിഷപ്പ് ലിയോപോൾദോ ജിറെല്ലി നിർവഹിക്കും. മലങ്കര ഓർത്തഡോക്‌സ് സഭയുടെ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കേരളാ ലത്തീൻ ബിഷപ്പ്‌സ് കൗൺസിലിന്റെ പ്രസിഡന്റ് ബിഷപ് ഡോ. വർഗ്ഗീസ് ചക്കാലക്കൽ, മലങ്കര മെട്രോപൊളിറ്റൻ ആർച്ചുബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ്, സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ അസംബ്ലിയുടെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്ത് സംസാരിക്കും.


സീറോമലങ്കരസഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സഭ മാധ്യമകമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി , അസംബ്ലി കൺവീനർ മാർ പോളി കണ്ണൂക്കാടൻ , സഭ പിആർഒയും മാധ്യമകമ്മീഷൻ സെക്രട്ടറിയുമായ റവ.ഡോ. ആന്റണി വടക്കേകര വിസി, അസംബ്ലി സെക്രട്ടറി റവ.ഡോ. ജോജി കല്ലിങ്ങൽ , സഭാ വക്താക്കളായ ഡോ. കൊച്ചുറാണി ജോസഫ് അജി ജോസഫ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here