
കുറവിലങ്ങാട്: ചിക്കാഗോ ഇടവകയിലെ ചെറുപുഷ്പമിഷൻലീഗ് അംഗങ്ങളുടെ കരുതലും കാരുണ്യവും സമ്മേളിച്ചപ്പോൾ ഉഴവൂരിലെ സ്‌പെഷ്യൽ സ്‌കൂളിന് ഒന്നാന്തരം വാഹനം സ്വന്തമായി. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ കുഞ്ഞുമിഷനറിമാരാണ് ഉഴവൂരിലെ സീനായ് സ്‌പെഷ്യൽ സ്‌കൂളിനായി പ്രത്യേക കരുതൽ നടത്തിയത്. കുഞ്ഞുമിഷനറിമാർ ഒരുമിച്ച് ചേർന്ന് ഭിന്നശേഷിക്കാരായ സഹോദരങ്ങളെ സഹായിക്കാനായി സാമ്പത്തിക സമാഹരണം നടത്തിയതിൽ ഒരു പങ്ക് ഉഴവൂരിന് നൽകുകയായിരുന്നു. ഈ പണം വിനിയോഗിച്ച് ബൊലോറയാണ് വാങ്ങിന ൽകിയത്.
ചിക്കാഗോ സെന്റ് മേരിസ് പള്ളി വികാരി ഫാ. സിജു മുടക്കോടിയിൽ വാഹനത്തിന്റെ താക്കോൽ ദാനം നിർവഹിച്ചു. ഉഴവൂർ സെന്റ്. സ്റ്റീഫൻസ് ഫൊറോന വികാരി ഫാ. അലക്‌സ് ആക്കമാലിൽ വാഹനം ആശീർവദിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, പഞ്ചായത്തംഗം മേരി സജി, സജി കുരുവിള, സിജോയ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പലും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
