വെളിയന്നൂർ: ആയുർവേദ ആശുപത്രിയിൽ കിടത്തിചികിത്സയുടെ ഉദ്ഘാടനം നടത്തി. പഴയ ആശുപത്രിയിൽ നിന്ന് മണിക്കൂറുകൾക്കുള്ളിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ആശുപത്രിയുടെ ഒപി , ലാബറട്ടറി സൗകര്യങ്ങൾക്കായി കെട്ടിടം നിർമ്മിക്കുന്നതിന് ആയൂഷ് ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചത് ഉദ്ഘാടനത്തിന് ഇരട്ടിമധുരവും സമ്മാനിച്ചു.
ബിനോയ് വിശ്വം എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 68 ലക്ഷം രൂപയും പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 33.5 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഐപി സൗകര്യം ഉറപ്പാക്കിയത്.
പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ബിനോയ് വിശ്വം എംപി നിർവഹിച്ചു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, പഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, ജില്ലാ പഞ്ചായത്തംഗം പി. എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോൺ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, പഞ്ചായത്തംഗങ്ങൾ, പി. കെ ഷാജകുമാർ , സി. കെ രാജേഷ്, എസ്. ശിവദാസൻപിള്ള , ജോർജ് കൊറ്റംകൊമ്പിൽ അശ്വതി ദിപിൻ, പഞ്ചായത്ത് സെക്രട്ടറി ടി. ജിജി, ഡോ. ജെറോം വി. കുര്യൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്ത് നിർമ്മിച്ച ആശുപത്രിയിൽ 30 രോഗികൾക്ക് കിടത്തി ചികിത്സാസൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.