പാലാ: അൽഫോൻസാ കോളജിന് വീണ്ടും ഫിസ്റ്റ അവാർഡ്. കേന്ദ്രസർക്കാരിന്റെ ഫിസ്റ്റ് അവാർഡിലൂടെ (ഫണ്ട് ഫോർ ഇപ്രൂവ്മെന്റ് ഓഫ് സയൻസ് ആന്റ് ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ) കോളജിന് 74 ലക്ഷം രൂപ ലഭിച്ചു. ഇത് രണ്ടാംവട്ടമാണ് അൽഫോൻസയിലേക്ക് ഫിസ്റ്റ് അവാർഡ് തുക എത്തുന്നത്.
കോളജ് വിഹിതമായി 18 ലക്ഷം രൂപ കൂടി ചേരുന്നതോടെ 92 ലക്ഷം രൂപയുടെ വികസനം പുതിയ പ്രൊജക്ട് അവാർഡിലൂടെ കോളജിൽ നടപ്പിലാക്കാൻ കഴിയും. കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പ് നൽകുന്ന സ്റ്റാർ പദവിയിലൂടെ 1.3 കോടി രൂപ കോളജിന് നേടാൻ കഴിയും.
കേന്ദ്രസർക്കാരിന്റെ ശാസ്ത്ര, സാങ്കേതിക വിഭാഗമാണ് ഫിസ്റ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. ഫിസ്റ്റ് പ്രോഗ്രാം 2023 ലെവൽ എ വിഭാഗത്തിലാണ് അഞ്ച് വർഷം നീണ്ടുനിൽക്കുന്ന പദ്ധതി കോളജിന് ലഭിച്ചതെന്ന് പ്രിൻസിപ്പൽ റവ.ഡോ. ഷാജി ജോൺ പറഞ്ഞു.
കോളജിലെ ബിരുദാനന്ത, ര ബിരുദ കോഴ്സുകളുടെ ലാബ് നവീകരണം, പുതിയ ഉപകരണങ്ങൾ വാങ്ങൽ, ഗവേഷണ പ്രവർത്തനം എന്നിവയ്ക്ക് ഈ തുക പ്രയോജനപ്പെടുത്താനാകും.
അവാർഡ് തുക വിനിയോഗിച്ച് ചെറുകിട സ്റ്റാർട്ടപ്പ് സംരഭങ്ങൾ ആരംഭിക്കുന്നതിനും സെമിനാറുകൾ നടത്തുന്നതിനും ശാസ്ത്ര സാമൂഹികപ്രതിബദ്ധത ഉറപ്പാക്കുന്നതിനും കോളജിന് കഴിയും. ഇതിലൂടെ ശാസ്ത്രവിഷയങ്ങളിലേക്കെത്തുന്ന വിദ്യാർത്ഥിനികൾക്ക് മികച്ച പഠനാന്തരീക്ഷം ഉറപ്പാക്കും.
പാഠ്യമേഖലയുടെ അംഗീകാരത്തിനൊപ്പം കായികമേഖലയിലും കോളജിനെതേടി ഒട്ടേറെ അവാർഡുകളെത്തിയിട്ടുണ്ട്. കേരള സ്‌പോർട്‌സ് കൗൺസിൽ നൽകുന്ന ജി. വി രാജ അവാർഡിലൂടെ മികച്ച കോളേജിനുള്ള പുരസ്‌കാരം അൽഫോൻസാ കോളജിന് ലഭിച്ചിരുന്നു.
പ്രോജക്ട് അവാർഡ് ലഭിച്ച കോളജിനെയും കോഡിനേറ്റേഴ്സായ ഡോ. സിസ്റ്റർ. മഞ്ജു എലിസബത്ത് കുരുവിള, ഡോ.മായ ജോർജ് എന്നിവരേയും കോളേജ് രക്ഷാധികാരി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്, കോളജ് മാനേജർ പാലാ രൂപത മുഖ്യവികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ റവ.ഡോ. ഷാജി ജോൺ, ബർസാർ ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പ്രിൻസിപ്പൽ ഡോ. മിനിമോൾ മാത്യു എന്നിവർ അഭിനന്ദിച്ചു.