Tag Archives: കുറവിലങ്ങാട്ട്

മരണക്കിണറില്‍ വിസ്മയം തീര്‍ത്ത പി.പി തോമസ് കാലയവനികയില്‍ മറഞ്ഞു

കുറവിലങ്ങാട്: സംസ്ഥാനത്തിനകത്തുംപുറത്തുമായി ഉത്സവപ്പറമ്പുകളിലും കാര്‍ണിവെല്ലുകളിലും മരണക്കിണറില്‍ 27 വര്‍ഷക്കാലം ജീവന്‍പണയപ്പെടുത്തി മോട്ടോര്‍സൈക്കിളില്‍ അഭ്യാസപ്രകടനങ്ങള്‍ കാഴ്ചവച്ച പി.പി തോമസ് ഇനി സമ്ൃതിപഥത്തില്‍.
ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ കാണികളെ വിസ്മയിപ്പിച്ചും അമ്പരപ്പിച്ചും മോട്ടോര്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തിയ കുറവിലങ്ങാട് പ്ലാക്കിയില്‍ പീലിപ്പോസ് തോമസിന് ആയിരംപൂര്‍ണ്ണചന്ദ്രന്‍മാരെ കണ്ട് ശതാഭിഷിക്തനായതിനു പിന്നാലെ ഇന്നലെ നിത്യയാത്രയായി.
തോട്ടുവാ പ്ലാക്കിയില്‍ പീലിപ്പോസ് (പാപ്പ) മറിയം(അമ്മായി)ദമ്പതികളുടെ ഏഴുമക്കളില്‍ നാലമനായിട്ടായിരുന്നു തോമസിന്റെ ജനനം. മാന്നാറിലെ അമ്മവീട്ടില്‍നിന്ന് നാലാംക്ലാസ്സുവരെപഠനം തുടര്‍ന്ന് തോട്ടുവായിലേക്ക്തിരികെയെത്തി അക്കാലത്തെ കുട്ടികളുടെ ഏറ്റവുംവലിയആഗ്രഹമായിരുന്ന സൈക്കിള്‍ പഠനം. സൈക്കിളില്‍ചെറിയ അഭ്യാസങ്ങള്‍ കാണിച്ചിരുന്ന തോമയെന്ന ബാലന്‍ തോട്ടുവാഗ്രാമത്തിലെ താരമായിരുന്നു.
അക്കാലത്താണ് സര്‍ക്കസ് അഭ്യാസിയായ നെയ്യാറ്റിന്‍കര സ്വദേശി രാഘവപ്പണിക്കന്‍ തോട്ടുവായില്‍ താമസമാരംഭിക്കുന്നത്. ആശാനെന്ന വിളിപ്പേരിലറിയപ്പെട്ടിരുന്ന രാഘവന്‍ തോമായുടെ സൈക്കിളഭ്യാസങ്ങള്‍ ശ്രദ്ധിച്ചിരുന്നു.
1955ല്‍ കോട്ടയം തിരുനക്കരയില്‍ പഞ്ചാബില്‍നിന്നെത്തിയ സര്‍ക്കസ്‌കമ്പനിക്കാര്‍ മരണക്കിണറില്‍ മോട്ടോര്‍സൈക്കിള്‍ അഭ്യാസംനടത്തുന്നത് ആശാന്റെശ്രദ്ധയില്‍പ്പെട്ടു കാര്യങ്ങളൊക്കൊനോക്കിമനസ്സിലാക്കായ ആശാന്‍ തോമായോട് താന്‍കണ്ടകാഴ്ചകളും പുതിയ ആശയങ്ങളും പങ്കുവെച്ചു.
കുറിച്ചിത്താനം പൂത്തൃക്കോവില്‍ ഉത്സവസ്ഥലത്ത് കിണര്‍കുത്തി അതില്‍സൈക്കിളോടിച്ചാല്‍ പണംസമ്പാദിക്കാമെന്ന ആശയമാണ് ചര്‍ച്ചയില്‍രൂപപ്പെട്ടത്.
ഉത്സവത്തിന് ഒരാഴ്ചമുമ്പ് കിണര്‍കുഴിയാരംഭിച്ചു. 12 അടിതാഴ്ചയില്‍ 20 അടിവസ്തീര്‍ണ്ണവുമുള്ള വലിയകിണര്‍ സ്ഥാപിച്ച് വശങ്ങളില്‍ ചാണകം മെഴുകി മിനുസപ്പെടുത്തി പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി.
കുറവിലങ്ങാട്ടുള്ള മുക്കത്ത് പാപ്പുവിന്റെ സൈക്കിളുകടയില്‍നിന്ന് സൈക്കിള്‍ വാടകക്കെടുത്തു. പാറ്റാനി പാപ്പച്ചന്റെ ജാമ്യത്തിലായിരുന്നു സൈക്കിള്‍ കൊടുത്തുവിട്ടത്.
ഉത്സപ്പറമ്പില്‍കാണികളെത്തിയതോടെ പ്രദര്‍ശനമാരംഭിച്ചു. രണ്ടണയായിരുന്നു ടിക്കറ്റ്ചാര്‍ജ.് പാറ്റാനി സിനിമാ തിയേറ്ററിലെ ചെണ്ടകൊട്ടുകാരന്‍ പരിപാടിക്കുമുമ്പായി ചെണ്ടകൊട്ടി അരങ്ങൊരുക്കി. ആശാന്റെ നിര്‍ദ്ദേശമനുസരിച്ച് കിണറ്റിലിറങ്ങിയ തോമസ് സൈക്കിളില്‍ കയറിയെങ്കിലും ഒരിഞ്ചുപോലും കിണറിന്റെമുകളിലേയ്ക്ക് ചവിട്ടിക്കയറ്റാനായില്ല അഞ്ചെട്ടുവട്ടം ശ്രമിച്ചപ്പോഴൊക്കെ അടിച്ചുതല്ലിനിലത്തുവീണതുമിച്ചമെന്നാണ് തോമസ് അടുത്ത കാലത്ത് ഓര്‍മ്മിച്ചെടുത്തത്. ഒടുവില്‍ കാണികള്‍തന്നെനിര്‍ദ്ദേശിച്ചു ശിഷ്യന്‍നിറുത്തി ആശാന്‍കയറട്ടെ. ടിക്കറ്റെടുത്തകാണികളുടെ ആവശ്യം തള്ളിക്കളയാന്‍ ആശാനുമായില്ല. കിണറിനുമുകളില്‍നിന്നും പ്രത്യേകം തയ്യാറാക്കിയ പ്രതലത്തില്‍നിന്ന് സൈക്കിളില്‍ ഒരൊറ്റപാച്ചില്‍. കാണികള്‍ ശ്വാസമടക്കിനില്‍ക്കുമ്പോള്‍ ആശാന്‍സൈക്കിളിനൊപ്പം മൂന്നുവട്ടം തലകുത്തിമറിഞ്ഞ് കിണറിനുനടുവിലേക്ക് വീണു. സൈക്കിള്‍നാലു കഷണങ്ങളായി മാറി. ബോധം നശിച്ചനിലയില്‍ അഭിനയിച്ച ആശാന്‍ തോമായെ കണ്ണിറുക്കികാണിച്ചു. ആളുകള്‍ പിരിഞ്ഞുപോയതിനുശേഷം എഴുന്നേറ്റ ആശാന്‍ മെയ്‌വഴക്കത്തോടെ പറഞ്ഞു, പണിപാളിമോനേ.
മൂന്നുദിവസത്തിനുശേഷം കിണറിനുള്ളിലിറങ്ങിവീണ്ടും സൈക്കിളില്‍ പരീക്ഷണം നടത്തി. പതുക്കെപ്പതുക്കെ വിജയംകൈവരിച്ചു. ആദ്യശ്രമം പരാജയപ്പെട്ടതിന്റെകാരണവും കണ്ടെത്തി മഴനനഞ്ഞിരുന്നതിനാല്‍ കിണറിന്റെ ഭിത്തിയിലെ ചാണകവും ചെളിയും ഇളകിയതാണ് വീഴ്ചക്കുകാരണം. പിന്നീട് കുറിച്ചിത്താനം സ്‌കൂളിലെ പ്രധാനാധ്യപകനെ കണ്ടുസംസാരിച്ചു വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകപ്രദര്‍ശനം നടത്തി. കുറിച്ചിത്താനം ക്ഷേത്രമൈതാനത്തെ കണറ്റില്‍ ചവിട്ടിക്കയറിയവിജയവുമായി കുറവിലങ്ങാട്ടേക്കത്തി. അടുത്തപരിപാടി മൂന്നുനോമ്പ്തിരുനാളിനായിരുന്നു. ഇപ്പോള്‍കുറവിലങ്ങാട് സഹകരണബാങ്ക് സ്ഥിതിചെയ്യുന്നിടത്ത് കിണര്‍കുഴിച്ചു പരിപാടി അവതരിപ്പിച്ചു സൈക്കിളില്‍ മിന്നുന്ന പ്രകടനം കഴ്ചവച്ച തോമായങ്ങനെ പി പി തോമസായിവളര്‍ന്നു.
വയനാട്ടില്‍നിന്നും തിരുനാളിനെത്തിയ ചൂരിക്കപ്രായില്‍ മാണി,തറപ്പത്ത് ചാച്ച എന്നിവരുടെ അഭിപ്രായംകേട്ട് വയനാട്ടിലേക്ക് വണ്ടിയില്‍കയറി. കല്‍പ്പറ്റയിലെ കണിയാംപെറ്റപള്ളിപ്പെരുനാളിനായിരുന്നു ആദ്യകളി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കോഴിക്കോട്,പേരമ്പ്രാ,കണ്ണോത്ത്,തിരുവമ്പാടി,താരശ്ശേരി,മാവൂര്‍, അങ്ങാടിപ്പുറം,പെരിന്തല്‍മണ്ണ, മലപ്പുറം തൃശ്ശൂര്‍ ജില്ലകളിലേക്ക് പരിപാടികളുമായി പോയി.അഞ്ചുവര്‍ഷത്തിനുശേഷമാണ് നാട്ടില്‍തിരിച്ചെത്തിയത്.
ചെട്ടിയാരുടെരാജ്യം എന്നനാടകത്തിലെ അഭിനയത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന കുറവിലങ്ങാട് കവളാക്കുന്നേല്‍ എലിസബത്ത് (കുഞ്ഞാമ്മ)യുമായുള്ളവിവാഹം 1959 ലായിരുന്നു. ചലചിത്രത്രനടന്‍ ജോസ്പ്രകാശിനൊപ്പം ‘അവന്‍ വീണ്ടുംജയിലിലേക്ക്’ എന്നനാടകത്തിലും കുഞ്ഞാമ്മ പ്രധാനവേഷമിട്ടിരുന്നു. വിവാഹശേഷം പി.പി തോമസിനൊപ്പം മരണക്കിണര്‍ മോട്ടോര്‍സൈക്കിള്‍ അഭ്യാസപ്രകടനത്തിന്റെ താങ്ങുംതണലുമായി ഒപ്പം സഞ്ചരിച്ച കുഞ്ഞാമ്മയ്ക്ക് ഇന്നലെ തോമസിനെ നഷ്ടപ്പെടുമ്പോള്‍ പറയാന്‍ വാക്കുകളില്ലായിരുന്നു.
മകള്‍ സോഫിയാമ്മ പിറന്നതോടെ തോമസിന്റെ സര്‍ക്കസ് കമ്പനിക്ക് അടിക്കടി ഉയര്‍ച്ചയായി. ബാല്യത്തില്‍ സോഫിയാമ്മയ്ക്ക് കളിപ്പാട്ടമായി ലഭിച്ചത് പിതാവിന്റെ സുഹൃത്ത് വഴുതനപ്പള്ളില്‍ കുഞ്ഞാപ്പന്‍ പി.പി തോമസിന് വാങ്ങിനല്‍കിയ മോട്ടോര്‍സൈക്കിളായിരുന്നു. കുരുന്നുപ്രായത്തില്‍ മരണക്കിണറിലെ മോട്ടോര്‍സൈക്കിളില്‍ തോമസിനൊപ്പം സവാരിചെയ്യാന്‍ സോഫിയാമ്മയ്ക്ക് ഭയമെന്ന വികാരം തെല്ലുമുണ്ടായിരുന്നില്ല. ബൈക്കിന്റെ ഹാന്‍ഡില്‍പിടിക്കാന്‍ കൈയെത്തില്ലാതിരുന്ന സോഫിയാമ്മയെ കംഗാരുകുഞ്ഞിനെ കൊണ്ടുനടന്നതുപോലെ പ്രത്യേകജാക്കറ്റിലാക്കിശരീരത്തോട്ബന്ധിച്ചാണ് തോമസ് മരണക്കിണറില്‍ മോട്ടോര്‍സൈക്കിളോടിച്ചിരുന്നത്.
സൈലന്‍സര്‍ ഊരിയബൈക്കിന്റെ ഗര്‍ജ്ജനത്തെ മറികടക്കുന്നതായിരുന്നു പ്രേക്ഷകരായി എത്തിയ പലരുടേയും വാവിട്ടുള്ളനിലവിളികള്‍. സോഫിയാമ്മയൊടൊപ്പമുള്ള പ്രകടനത്തിനുശേഷം ബൈക്ക് നിലത്തിറക്കുന്നതുവരെ കണ്ണടച്ച് കൊന്തചൊല്ലുന്ന സിസ്റ്റേഴ്‌സും,സ്ത്രീകളും പ്രദര്‍ശനത്തിലെ പതിവുകാഴ്ചകളായിരുന്നു.
പ്രദര്‍ശനനഗരിയിലെ സ്റ്റേജില്‍ കാണികളെ ആകര്‍ഷിക്കാനായി പഴയ ഹിന്ദി മലയാളം ഹിറ്റ്ഗാനങ്ങള്‍ക്കൊപ്പം ചുവട്‌വയ്ക്കുന്ന സോഫിയാമ്മയെന്നബാലതാരം അക്കാലത്ത് കേരളക്കരയില്‍ തരംഗങ്ങള്‍സൃഷ്ടിച്ചിരുന്നു.
പിതാവിന്റെസര്‍ക്കസ് കമ്പനിക്കൊപ്പം ഒരുപാട്കാലം കളിച്ചുനടക്കാന്‍ സോഫിയാമ്മയെ അവളുടെ സ്‌കൂള്‍അധ്യാപരായ ലെറ്റീഷ്യാമ്മയും,എഴ്‌സലാമ്മയും അനുവദിച്ചില്ല. സ്‌കൂളില്‍ ചേര്‍ന്നാല്‍ പരീക്ഷക്കാലത്തുമാത്രം സ്‌കൂളിലെത്തുന്ന സോഫിയയുടെ സര്‍ക്കസ് കളികള്‍ക്ക് ഇതോടെവിരാമമായി.
നാഗര്‍കോവില്‍,തിരുപ്പൂര്‍,മധുര മൈസൂര്‍ എന്നിവിടങ്ങളിലെല്ലാം മരണക്കിണര്‍ മോട്ടോര്‍ സൈക്കിളഭ്യാസവുമായി സഞ്ചരിക്കുമ്പോള്‍ അക്കാലത്തെ പ്രശസ്തസര്‍ക്കസ് കലാകാരന്മാരും തോമസിനൊപ്പമുണ്ടായിരുന്നു. കോഴിക്കോട് നാരായണന്‍, ബാലുശ്ശേരിശങ്കരന്‍നായര്‍, ആശയ്തമ്പി, എല്‍. ആര്‍ രാധാമണി, കടമറ്റം വര്‍ഗീസ്, മകന്‍ രാജു എന്നിവര്‍ സഹപ്രവര്‍ത്തകരായിരുന്നു
കോട്ടയം തിരുനക്കരയില്‍വച്ച് ഒരിക്കല്‍ മരണക്കിണറില്‍ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ തോമസ് അപകടത്തില്‍പ്പെട്ടു. കാലിന് ഒടിവുണ്ടായെങ്കിലും പിന്നീട് സുഖം പ്രാപിച്ചു.
1983 ല്‍ ഹൃദ്രോഗബാധയേത്തുടര്‍ന്ന് മരണക്കിണറ്റില്‍ 28 വര്‍ഷം നീണ്ടമോട്ടോര്‍സൈക്കിളിലുള്ള അത്യന്തം സാഹസികത നിറഞ്ഞ അഭ്യാസപ്രകടങ്ങളില്‍നിന്നും തോമസ് പിന്‍വാങ്ങുകയായിരുന്നു.
ജീവന്‍കൈയ്യിലെടുത്തുപിടിച്ചുള്ള തോമസിന്റെ മരണക്കിണര്‍യാത്രകളില്‍ ഒരിക്കല്‍പ്പോലും തോമസിന് കാലിടറിയില്ലെങ്കിലും ജീവിതയാത്രയില്‍ പലപ്പോഴും കാലിടറി. ജീവിതസായന്തനത്തില്‍ പഞ്ചായത്തില്‍നിന്നും സൗജന്യമായിലഭിച്ച നാലുസെന്റിലെ കൊച്ചുകൂരയില്‍ ആസ്മയോട് മല്ലടിക്കുകയായിരുന്നു.
സര്‍ക്കസ് കളിക്കിടെ പലപ്പോഴായുണ്ടായ ബാധ്യതകള്‍ പരിഹരിക്കാനായി വാങ്ങിയ വസ്തുക്കളും കിടപ്പാടവും വില്‍ക്കേണ്ടിവന്ന തോമസ് മകന്‍ ലിയോച്ചന്റെ സംരക്ഷണയിലായിരുന്നു. സില്‍വിയാമ്മ (കോതമംഗലം), സോഫിയാമ്മ (ഏറ്റുമാനൂര്‍) പരേതയായ സോണിയാമ്മ എന്നിവരാണ് മറ്റുമക്കള്‍.
സര്‍ക്കസ് കലാകാരന്മാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന അംഗീകാരങ്ങളൊന്നും ഏറ്റുവാങ്ങാനാകാതെ തോമസ് നിത്യതയിലേയ്ക്ക് യാത്രയാകുമ്പോള്‍ അസ്തമിക്കുന്നത് ആയിരങ്ങളെ വിസ്മയത്തില്‍ നിറുത്തിയ ഒരു അഭ്യാസ കാലഘട്ടമാണ്. പി.പി തോമസിന്റെ സംസ്‌കാരം നടത്തി .

ഉഴവൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥലപരിശോധന ഇന്ന് നടക്കും

ഉഴവൂര്‍: മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സ്ഥലപരിശോധന ഇന്ന് നടക്കുമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇന്ന് 12ന് വിവിധ സ്ഥലങ്ങള്‍ പരിശോധിക്കും. സര്‍ക്കാര്‍ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുന്നത്.

അട്ടപ്പാടിയിലേയും പോട്ടയിലേയും ഡയറക്ടര്‍മാര്‍ ഭരണങ്ങാനത്ത്

ഭരണങ്ങാനം: അട്ടപ്പാടിയിലേയും പോട്ടയിലേയും ഡയറക്ടര്‍മാര്‍ ഭരണങ്ങാനത്തെത്തി. അേട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രം ഡറക്ടര്‍ ഫാ. മാത്യു ഇലവുങ്കല്‍, തോപ്രാംകുടി ദിവ്യകാരുണ്യമാതാ ആശ്രമം ഡയറക്ടര്‍ ഫാ. മരിയാദാസ് എന്നിവരാണ് ഇന്നലെ അല്‍ഫോന്‍സാ സന്നിധിയില്‍ ഒരുമിച്ചത്.
തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ റവ. ഡോ. ജോസഫ് തടത്തില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോര്‍ജ് പഴേപറമ്പില്‍, അസിസ്റ്റന്റ് റെക്ടര്‍ ഫാ. ജോസഫ് മണിയഞ്ചിറ, സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. വിന്‍സെന്റ് കളരിപ്പറമ്പില്‍, ഫാ. ജോസഫ് സ്രാമ്പിക്കല്‍ എന്നിവരുമായി ഒരുമിച്ച് പ്രാര്‍ത്ഥിച്ചാണ് വചനപ്രഘോഷകര്‍ മടങ്ങിയത്.

ഭര്‍ത്താവിന്റെ സംസ്‌കാരദിനത്തില്‍ ഭാര്യയും മരിച്ചു

മരങ്ങാട്ടുപിള്ളി: ഭര്‍ത്താവിന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാര്യയും മരിച്ചു. പാലയ്ക്കാട്ടുമല അറയ്ക്കല്‍കരോട്ട് എം.ഇ ഈശ്വരന്‍ ആചാരിയും (88) ഭാര്യ തങ്കമ്മ(82)യുമാണ് ഒരു ദിവസത്തിന്റെ വിത്യാസത്തില്‍ മരിച്ചത്. ഈശ്വരന്‍ ആചാരി ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് മരിച്ചത്. ഈശ്വരന്‍ ആചാരിയുടെ സംസ്‌കാരം ഇന്നലെ പതിനൊന്നരയോടെ വീട്ടുവളപ്പില്‍ നടത്തിയിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് തങ്കമ്മ മരിച്ചത്. ഇരുവരും വാര്‍ധക്യസഹജമായ അസുഖത്തിലായിരുന്നു.
തങ്കമ്മയുടെ സംസ്‌കാരം ഇന്ന് 11.30ന് വീട്ടുവളപ്പില്‍. കൈപ്പുഴ പുതുക്കുടിയില്‍ കുടുംബാംഗമാണ് തങ്കമ്മ. മക്കള്‍: ലീല, രവി, ലളിത, മോഹനന്‍, ഓമന, അജിമോന്‍, പരേതനായ ചന്ദ്രന്‍. മരുമക്കള്‍: വിജയമ്മ, വിജയന്‍, സദന്‍, സുകുമാരി, സരസമ്മ, മോഹനന്‍, ദീപ്തി.

അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ തെരഞ്ഞെടുപ്പില്‍ ജനസമ്മതിതേടി: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: ലോകത്തിന്റെ ദൃഷ്ടിയില്‍ നേട്ടമുണ്ടാക്കാത്ത അല്‍ഫോന്‍സാമ്മ ദൈവത്തിന്റെ തെരഞ്ഞെടുപ്പില്‍ ജനസമ്മിതി നേടിയെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. അല്‍ഫോന്‍സാ തീര്‍ത്ഥാടന ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്. ഭൗമികമായ തെരഞ്ഞെടുപ്പില്‍ തേറ്റയാളാണ് അല്‍ഫോന്‍സാമ്മ. ഇന്ന് ഭൗതിക ഊര്‍ജ്ജം നേടുന്നതില്‍ സമൂഹം വിജയിക്കുന്നുണ്ട്. പ്രാര്‍ത്ഥന സമ്മാനിക്കുന്ന ദൈവിക ഊര്‍ജ്ജം നേടുന്നതില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകണം. ദൈവത്തോട് ചേര്‍ന്ന് നില്‍ക്കാനും തൊട്ടറിയാനും കഴിയണം. ഉത്ഥിതന്റെ മുറിവുകളില്‍ തൊടുന്നതാണ് വിശ്വാസം. വ്യക്തികളിലും സമൂഹത്തിലും വിശുദ്ധീകരണം ആവശ്യമാണ്. അത്മനവീകരണമാണാവശ്യം. സ്വയം നവീകരണത്തിന് എല്ലാവരും തയ്യാറാകണം. മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
വിശുദ്ധ കുര്‍ബാനയില്‍ ഫാ. ജോര്‍ജ് പുല്ലുകാലായില്‍, ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.

എംസി റോഡിലെകുഴി: അറ്റകുറ്റപ്പണിക്ക് കെഎസ്ടിപി രണ്ടുടീമുകളെ നിയോഗിക്കും

കുറവിലങ്ങാട്: എംസി റോഡില്‍ പട്ടിത്താനം മുതല്‍ മൂവാറ്റുപുഴവരെയുള്ള ഭാഗത്ത് മഴക്കെടുതിയില്‍ തകര്‍ന്നറോഡ് അറ്റകുറ്റപ്പണിനടത്തി അടിയന്തിമായി ഗതാഗതയോഗ്യമാക്കാന്‍ കെഎസ്ടിപി റോഡ് പണികരാറെടുത്ത എന്‍എപിസി കമ്പനിയോട് റോഡ് വികസനഅവലോകനയോഗം ആവശ്യപ്പെട്ടു. അന്താരാഷ്ടനിലവാരത്തില്‍ എംസി റോഡ് പുനര്‍നിര്‍മ്മിക്കുന്നജോലികള്‍ ആരംഭിച്ചസാഹചര്യത്തില്‍ കെഎസ്ടിപിക്കാണ് റോഡിന്റെഅറ്റകുറ്റപ്പണികള്‍ നടത്തേണ്ടുന്നചുമതലയുള്ളത്. എന്നാല്‍ മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് റോഡിലുണ്ടായിട്ടുള്ള ഗട്ടറുകള്‍ അടയ്ക്കുന്നതില്‍ കരാറുകാരുടെ ഭാഗത്തുനിന്നും വീഴ്ചസംഭവിച്ചതായും പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യോഗത്തില്‍ ആക്ഷേപം ഉന്നയിച്ചു. മൂവാറ്റുപുഴ മുതല്‍ പട്ടിത്താനം വരെയുള്ള പ്രദേശത്തെ റോഡ് നിര്‍മ്മാണകര്യങ്ങള്‍ വിലയിരുത്തുന്നതിനായി കുറവിലങ്ങാട് മിനിസിവില്‍സ്‌റ്റേഷനില്‍ കെഎസ്ടിപി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിലാണ് കരാറുകാരനെതിരെ വിമര്‍ശനമുയര്‍ന്നത്. മാറാടി,കൂത്താട്ടുകുളം,മോനിപ്പള്ളി,കുറവിലങ്ങാട് വെമ്പള്ളി,പട്ടിത്താനം എന്നിവിടങ്ങളിലെല്ലാം റോഡില്‍ വലിയകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത് ഇവയ്ക്കുപുറമേയാണ് കലുങ്കുകളുടെ നിര്‍മ്മാണവും ആരംഭിച്ചിരിക്കുന്നത് ഇത് തിരക്കേറിയറോഡില്‍ ഗതാഗതതടസ്സത്തിനുമിടയാക്കിയിട്ടുണ്ട് യഥാസമയങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഏറ്റുമാനൂര്‍മുതല്‍മുവാറ്റുപുഴവരെയുള്ള ഭാഗത്ത് ഒരു ടീമിനെക്കൂടി ഉള്‍പ്പെടുത്തി രണ്ട് നിരീക്ഷണ ടീമുകളുടെ സേവനം ഉറപ്പാക്കാനും യോഗത്തില്‍തീരുമാനമായി. മോന്‍സ്‌ജോസഫ് എംഎല്‍എ യോഗത്തില്‍ അധ്യക്ഷനായി.

മലങ്കരസഭയുടെ വളര്‍ച്ചയില്‍ അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന സഹായകരം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

ഭരണങ്ങാനം: മലങ്കര കത്തോലിക്കാ സഭയുടെ വളര്‍ച്ചയിലും സുവിശേഷ പ്രഘോഷണത്തിലും ഐക്യത്തിന്റെ സന്ദേശമെത്തിക്കുന്നതിലും അല്‍ഫോന്‍സാമ്മ ഏറെ പ്രാര്‍ത്ഥിച്ചിരുന്നതായി മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്. 1930ല്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്ത ചങ്ങനാശേരിയില്‍ മാര്‍ കാളാശേരിയും മാര്‍ കണ്ടത്തിലുമായി സംസാരിക്കവേ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറെ പ്രാര്‍ത്ഥിക്കുന്ന ഒരു സന്യാസിനി ഭരണങ്ങാനത്തുണ്ടെന്നും സഭൈക്യപ്രവര്‍ത്തനങ്ങള്‍ക്കായി അവര്‍ പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞിരുന്നതായി ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
നിരാശയില്‍ പ്രത്യാശയെ കാത്തുസൂക്ഷിക്കണമെന്നും കുറവുകളെ നിറവുകളാക്കി മാറ്റണമെന്നുമാണ് അല്‍ഫോന്‍സാമ്മ നല്‍കുന്ന സന്ദേശം. മറ്റുള്ളവരുടെ സൗഖ്യത്തിനായി അവരുടെ സഹനം ഏറ്റുവാങ്ങുകയായിരുന്നു അല്‍ഫോന്‍സ.സഹകാര്‍മികനായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത റമ്പാന്‍ മാത്യൂസ് ചാമക്കാലായ്ക്ക് അല്‍ഫോന്‍സാമ്മയടക്കമുളള വിശുദ്ധരുടെ മധ്യസ്ഥതയില്‍ രോഗസൗഖ്യം ലഭിച്ചിട്ടുള്ളതായും ബിഷപ് പറഞ്ഞു.

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാകാന്‍ അംഗ്വത്വമെടുക്കാന്‍.

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അംഗ്വത്വമെടുക്കാന്‍ കുറവിലങ്ങാട്ട് ക്രമീകരണമൊരുക്കി. പാലാ സോഷ്യല്‍വെല്‍ഫെയര്‍ സൊസൈറ്റിയുടെ കീഴിലുള്ള കുറവിലങ്ങാട് മര്‍ത്ത്മറിയം സ്വാശ്രയ സംഘത്തില്‍ 13ന് അപേക്ഷ സ്വീകരിക്കും. 13ന് 10 മുതല്‍ 12 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.

കടപ്ലാമറ്റം പഞ്ചായത്തില്‍ ഒരാള്‍ക്കൂടി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

. കിഴക്കേമാറിടം കുടിയിരുപ്പില്‍ തോമസിന്റെ ഭാര്യ പെണ്ണമ്മ (51) യാണ് മരിച്ചത്. പനിബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയലായില്‍ ഒരു വീട്ടമ്മ പനി ബാധിച്ച് മരിച്ചിരുന്നു. കുറവിലങ്ങാട്ടും ഒരു മരണം സംഭവിച്ചിരുന്നു. പെണ്ണമ്മയുടെ സംസ്‌കാരം ശനിയാഴ്ച പാളയം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.

കുറവിലങ്ങാട്ട് ചൊവ്വാഴ്ച പ്രാദേശിക ഹര്‍ത്താല്‍

മണ്ണെടുപ്പിനെതിരെ ഹര്‍ത്താലുമായി കുറവിലങ്ങാട് പഞ്ചായത്ത് രംഗത്തെത്തുന്നു. 28ന് ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. മണ്ണെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷികളുടേയും വ്യാപാരികളുടേയും ഡ്രൈവര്‍മാരുടേയും പിന്തുണയിലാണ് ഹര്‍ത്താലെന്ന് പ്രസിഡന്റ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

വേനല്‍ച്ചൂടിന് ആശ്വാസമായെത്തിയ മഴ കുറവിലങ്ങാട് മേഖലയില്‍ നാശം വിതച്ചു.

കുറവിലങ്ങാട്ട് അഞ്ച് വീടുകള്‍ തകര്‍ന്നു. മരം വീണും കാറ്റിലും പോസ്റ്റ് തകര്‍ന്നതോടെ വൈദ്യുതി വിതരണവും തകരാറിലായി. വൈദ്യുതി വകുപ്പിന്റെ കഠിന പരിശ്രമത്തിലൂടെ വൈദ്യുതി വിതരണം പുനസ്ഥാപിയ്ക്കാനായി.