ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ മോന്‍സ് ജോസഫ് മന്ത്രിമാര്‍ക്ക് നിവേദനം നല്‍കി

കുറവിലങ്ങാട്: കോഴായിലുള്ള ജില്ലാ കൃഷി തോട്ടത്തിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും പത്തേക്കര്‍ സ്ഥലം ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുവേണ്ടി ഏറ്റെടുക്കാനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സെക്രട്ടറി തലത്തിലുള്ള വകുപ്പുതല നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.റ്റി. ജലീല്‍, കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചു.
കുറവിലങ്ങാട് – കോഴാ പ്രദേശത്ത് ജനങ്ങള്‍ക്ക് ഉപദ്രവമാകുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയനുകളും നാട്ടുകാരും ഒപ്പുവച്ച നിവേദനവും എം.എല്‍.എ. മന്ത്രിമാര്‍ക്ക് കൈമാറി. യാതൊരുവിധ തുടര്‍നടപടികളും സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ സ്വീകരിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയതായി എം.എല്‍.എ. അറിയിച്ചു.
ഫലപൂയിഷ്ടമായ കൃഷിയിടങ്ങള്‍കൊണ്ട് സമ്പന്നമായ കുറവിലങ്ങാട്, ഞീഴൂര്‍, മരങ്ങാട്ടുപള്ളി എന്നീ ഗ്രാമപഞ്ചായത്തുകളുടെ കാര്‍ഷികാഭിവൃദ്ധിയെ പൂര്‍ണ്ണമായും തകര്‍ക്കുന്ന നടപടിയാണ് ഈ തീരുമാനം നടപ്പായാല്‍ സംഭവിക്കാന്‍ പോകുന്നതെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി. കൃഷി വകുപ്പിന്റെ കീഴില്‍ ഏറ്റവും മെച്ചപ്പെട്ട നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സ്വീഡ് ഫാം, ജില്ലാ കൃഷിത്തോട്ടം, കൃഷിവകുപ്പിന്റെ കീഴിലുള്ള വിവിധ പദ്ധതികള്‍ എന്നിവയെല്ലാം വിജയകരമായി ഇപ്പോള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഇടയാക്കുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ യാതൊരു കാഴ്ചപ്പാടും ഇല്ലാത്ത തീരുമാനമെന്ന് വ്യക്തമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായതും കേരളത്തിലെ ആദ്യത്തേതുമായ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാനകേന്ദ്രം – കേരളാ സയന്‍സ് സിറ്റി യാഥാര്‍ത്ഥ്യമാകുന്ന കുറവിലങ്ങാട് – കോഴാ പ്രദേശത്തിന് സമീപത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഇടവന്നാല്‍ നാടിന്റെ വികസനരംഗത്തും കാര്‍ഷിക പുരോഗതിക്കും വന്‍ തിരിച്ചടിയാകുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. ചൂണ്ടിക്കാട്ടി.
ജനസാന്ദ്രതയേറിയതും, കാര്‍ഷിക വികസന സാധ്യതയുളളതുമായ പ്രദേശങ്ങളെ ഇത്തരം കാര്യങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ഭരണപരമായ നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കേണ്ടതാണ്. കുറവിലങ്ങാട് – കോഴാ പ്രദേശത്തിന് ഒരു തരത്തിലും സ്വീകാര്യമല്ലാത്ത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നീക്കം അവസാനിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ അടിയന്തിരമായി നടത്തണമെന്ന് മന്ത്രി കെ.റ്റി. ജലീലിന് സമര്‍പ്പിച്ച നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു. കൃഷി വകുപ്പിന്റെ ഒരിഞ്ചു ഭൂമിപോലും യാതൊരു ആവശ്യത്തിനുവേണ്ടിയും ഇനിയും വിട്ടുകൊടുക്കില്ലെന്ന് നടത്തിയിട്ടുള്ള പ്രഖ്യാപനം നടപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാറിന് നല്‍കിയ നിവേദനത്തില്‍ എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു. പ്രാദേശിക ജനപ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, വിവിധ കക്ഷിനേതാക്കള്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കൂടിയാലോചന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രിമാര്‍ അറിയിച്ചതായി എം.എല്‍.എ. വ്യക്തമാക്കി.
കുറവിലങ്ങാട് – കോഴാ പ്രദേശത്ത് മുഴുവന്‍ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.
ഉദ്യോഗസ്ഥ തലത്തില്‍ ഇതിനുമുമ്പ് കൈക്കൊണ്ട തീരുമാനത്തിന്റെ ഫലമായി മറ്റൊരു മാലിന്യ പ്ലാന്റ് കോഴായില്‍ സ്ഥാപിക്കാന്‍ നടത്തിയ നീക്കത്തെ സര്‍ക്കാര്‍ തലത്തില്‍ ഒറ്റക്കെട്ടായി നടത്തിയ നീക്കത്തിലൂടെയാണ് ഒഴിവാക്കാന്‍ കഴിഞ്ഞത്. മറ്റൊരു രൂപത്തില്‍ വീണ്ടും ഇതേ പ്രശ്‌നത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും ഇടവരുത്തിയിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
ജനദ്രോഹപരമായ ഈ നടപടി സര്‍ക്കാര്‍ തലത്തില്‍ പിന്‍വലിപ്പിക്കുന്നതിന് അതിശക്തമായ നിലപാട് സ്വീകരിക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *