ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നാട് പ്രതിഷേധാഗ്നിയിലേയ്ക്ക്

കുറവിലങ്ങാട്: ജില്ലാ കൃഷിത്തോട്ടത്തില്‍ സ്ഥലം ഏറ്റെടുത്ത് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നാട്ടില്‍ ആശങ്കയും പ്രതിഷേധവും ശക്തമാകുന്നു. കൃഷിഫാമിലെ സ്ഥലം കാര്‍ഷിക ആവശ്യത്തിനല്ലാത്തെ വിട്ടുനല്‍കില്ലെന്ന മറുപടി മാസങ്ങള്‍ക്ക് മുന്‍പ് കേട്ട നാട്ടിലാണ് മാലിന്യസംസ്‌കരണ പ്ലാന്റിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമം നടക്കുന്നത്. ഫാമിന്റെ നിയന്ത്രാണികാരികളായ ജില്ലാ പഞ്ചായത്തിന് ഇതു സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചില്ലെന്ന് പറയുമ്പോളും ഈ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാനതല സമിതി പലതവണ യോഗം ചേര്‍ന്ന് പ്രവര്‍ത്തനപുരോഗിതിയും തുടര്‍നടപടികളും സ്വീകരിക്കുന്നതായി രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ ആദ്യ സയന്‍സ് സിറ്റിയുടെ ഒന്നാംഘട്ടമായ സയന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് ഖരമാലിന്യസംസ്‌കരണ പ്ലാന്റിനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഡോഗ് സൂ ആരംഭിക്കാനായി ജില്ലാ കൃഷിത്തോട്ടത്തില്‍ സ്ഥലലഭ്യത അന്വേഷിച്ചതിന് പിന്നാലെയാണ് ഖരമാലിന്യ സംസ്‌കരണം ഫാമിലാരംഭിക്കാന്‍ നീക്കം നടക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ രീതിയില്‍ ഫാമില്‍ മാലിന്യസംസ്‌കരണ കേന്ദ്രം ആരംഭിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജനകീയ പ്രതിഷേധത്തില്‍ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വലിയുകയായിരുന്നു. പ്രതിഷേധപരിപാടികളുടെ ഭാഗമായി മനുഷ്യചങ്ങല, പന്തം കൊളുത്തി പ്രകടനം, ഫാമിന് സംരക്ഷണവലയം, പ്രതിഷേധ സമ്മേളനങ്ങള്‍ എന്നിവ നടത്തിയിരുന്നു.
ഇക്കുറിയും സര്‍ക്കാര്‍ നിലപാട് പുറത്തായതോടെ ജനകീയ കൂട്ടായ്മകള്‍ സജീവമായി കഴിഞ്ഞിട്ടുണ്ട്. ഫാം തൊഴിലാളി യൂണിയനുകളും ജനപ്രതിനിധികളുമടക്കം പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇതിനിടെ സ്ഥലം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഫാമിലേക്ക് ബന്ധപ്പെട്ട രേഖകളെത്തിയതായും അറിയുന്നുണ്ട്. ഈ രേഖകള്‍ ജില്ലാ പഞ്ചായത്തിന് കൈമാറുന്നതോടെ മാത്രമേ തുടര്‍നടപടികളില്‍ ഫാമിന്റെ നിയന്ത്രണാധികാരികളായ ജില്ലാ പഞ്ചായത്തിന്റെ നിലപാടുകള്‍ വ്യക്തമാകൂ.
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ മോന്‍സ് ജോസഫ് എംഎല്‍എ തദ്ദേശസ്വയംഭരണവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്തസംരഭമായ സയന്‍സ് സിറ്റി ഉള്‍ക്കൊള്ളുന്ന ജില്ലാ കൃഷിത്തോട്ടമെന്ന നിലയില്‍ ജോസ് കെ. മാണി എംപിയുടെ ഇടപെടലുകളും ശക്തമായുണ്ടാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സജീവമായി രംഗത്തിറങ്ങാനുള്ള നീക്കങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *