മധുരവേലി ഗവ. ഐ.ടി.ഐ. നവീകരണത്തിന് 29 ലക്ഷം രൂപ അനുവദിച്ചു. മോന്‍സ് ജോസഫ്

കടുത്തുരുത്തി: വര്‍ഷങ്ങളായി വികസനം എത്തിനോക്കാത്ത മധുരവേലി ഗവ.ഐ.ടി.ഐ.യുടെ സമഗ്ര നവീകരണത്തിന് 29 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
മധുരവേലി ഐ.ടി.ഐ. കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരണം, ചുറ്റുമതില്‍ നിര്‍മ്മാണം, ക്ലാസ്മുറികളും ഓഫീസ് മുറികളും പുനരുദ്ധീകരിക്കുക, ടോയ്‌ലെറ്റ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധത്തില്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി സമര്‍പ്പിച്ച പ്രോജക്ടിനാണ് പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന ഡിപ്പാര്‍ട്ടുമെന്റിന്റെ ഡയറക്‌ട്രേറ്റ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ടെണ്ടര്‍ ചെയ്ത് നടപ്പാക്കാന്‍ ബില്‍ഡിംഗ്‌സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുള്ളതായി എം.എല്‍.എ. അറിയിച്ചു.
മധുരവേലി ഗവ. ഐ.ടി.ഐ. നവീകരിക്കുന്നതിനെ തുടര്‍ന്ന് കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍ അനുവദിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായ തീരുമാനം കൈക്കൊള്ളണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു. ഐ.ടി.ഐ. ക്യാമ്പസ് ഏറ്റവും മെച്ചപ്പെട്ട നിലവാരത്തിലേക്ക് പരമാവധി വേഗത്തില്‍ വികസിപ്പിക്കുന്നതിന് സാധ്യമായ എല്ലാ സഹായനടപടികളും സ്വീകരിക്കുമെന്ന് എം.എല്‍.എ. വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *