അധ്യാപികയായ പൂര്‍വവിദ്യാര്‍ത്ഥിയും സഹപാഠികളും ഒരുമിച്ചു പ്രൗഡഗംഭീരമായി കെമിക്വിസിന്റെ 25-ാം പിറന്നാള്‍

കുറവിലങ്ങാട്: മാതൃകലാലയത്തില്‍ അധ്യാപികയായ സഹപാഠിക്കൊപ്പം ചേര്‍ന്ന് ദേവമാതായുടെ പൂര്‍വവിദ്യാര്‍ത്ഥികള്‍ കെമിക്വിസ് ആഘോഷമാക്കി. ക്വിസിന്റെ 25-ാം പിറന്നാള്‍ വലിയ ഉത്സവമാക്കി മാറ്റിയാണ് ദേവമാതായുടെ പൂര്‍വ തലമുറ ആഘോഷം തീര്‍ത്തത്. ദേവമാതാ കോളജ് കെമിസ്ട്രി വിഭാഗം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാരംഭിച്ച ഇന്റര്‍ കോളജിയറ്റ് ക്വിസാണ് രജതജൂബിലി പിന്നിട്ടത്. ജൂബിലി നിറവിലെത്തിയ ക്വിസിനെ വലിയ ആഘോഷം തീര്‍ത്താണ് ആരംഭകരും വര്‍ത്തമാനകാലതലമുറയും ഒരുമിച്ചാണ് വരവേറ്റത്. കെമിഫെസ്റ്റ് എന്ന പേരിലായിരുന്നു ആഘോഷം. കോളജിലെ 1990-1993 അധ്യയനവര്‍ഷത്തെ കെമിസ്ട്രി ബിരുദവിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാരംഭിച്ച മത്സരമാണ് കാല്‍നൂറ്റാണ്ട് പിന്നിട്ടത്. ക്വിസിന്റെ രജത ജൂബിലിവേളയില്‍ വിവിധ തുറകളില്‍ ഉന്നത പദവിയിലെത്തിയ ആരംഭകരേറെയും എത്തിയെന്നത് ആഘോഷത്തിന് മാറ്റിരട്ടിപ്പിച്ചു. ആരംഭക ബാച്ചിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ദീപ്തി ജോണ്‍ ഇപ്പോള്‍ ഇതേ വിഭാഗത്തില്‍ അധ്യാപികയാണ്. കൂട്ടുകാരിലെരാള്‍ അധ്യാപികയായതോടെ പഴയ സ്വാതന്ത്രവും സന്തോഷവും അനുഭവിച്ചാണ് ആരംഭകരായ വിദ്യാര്‍ത്ഥികള്‍ വീണ്ടുമെത്തിയത്. ആഘോഷത്തിന്റെ മുഴുവന്‍ ചെലവും അവര്‍ സമാഹരിക്കുകയും ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി ഇന്റര്‍ കോളജിയറ്റ് കെമിക്വിസും രസതന്ത്രപ്രദര്‍ശനവും നടത്തി. ഡോ. ഐ.എം കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജര്‍ റവ.ഡോ. ജോസഫ് തടത്തില്‍ സമാപസമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മാനങ്ങള്‍ വകുപ്പ് മുന്‍ മേധാവിയും ചലചിത്രനടനുമായ പ്രഫ. ബാബു നമ്പൂതിരി വിതണം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പ് ജോണ്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. ടി.കെ തോമസ്, വകുപ്പ് മേധാവി ഡോ. ആന്‍സമ്മ തോമസ്, കണ്‍വീനര്‍ ഡോ. ജോണ്‍ പ്രകാശ്, അസി.പ്രഫ. ദീപ്തി ജോണ്‍, അസി.പ്രഫ. സാന്ദ്ര ജോര്‍ജ്, അസി.പ്രഫ. വിദ്യ ജോസ്, ഡോ. ടോണി തോമസ്, അസോസിയേഷന്‍ സെക്രട്ടറി ടി.എസ് നന്ദു എന്നിവര്‍ പ്രസംഗിച്ചു.
ക്വിസില്‍ ഒന്നാംസ്ഥാനം ആതിഥേയരായ ദേവമാതാ കോളജും രണ്ടാംസ്ഥാനം മുരിക്കാശേരി പാവനാത്മകോളജും മൂന്നാംസ്ഥാനം പാലാ സെന്റ് തോമസും നേടി.

Leave a Reply

Your email address will not be published. Required fields are marked *