തമിഴ് ലോറിയില്‍ നിരോധിത പുകയില ഉല്പന്നം എത്തുന്നു പതിന്മടങ്ങ് വിലയില്‍ വില്പന

കുറവിലങ്ങാട്: ഈ മേഖലയില്‍ നിരോധിത പുകയില ഉല്പന്നങ്ങളെത്തുന്ന വഴി വെളിച്ചത്തായി. സ്റ്റേഷനില്‍ പുതുതായി ചാര്‍ജെടുത്ത എസ്‌ഐ എ.എസ് സരിന്റെ നേതൃത്വത്തില്‍ നടത്തിയ വേട്ടയിലാണ് പിന്നാമ്പുറക്കഥകള്‍ വെളിച്ചത്തായത്. പോലീസിന്റെ ശ്രമം പാളിയില്ല എന്നതിനപ്പുറം 194 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടുകയും ചെയ്തു. കുര്യനാട്ടെ കടയില്‍ നിന്നാണ് പുകയില ഉല്പന്നങ്ങള്‍ പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്ത പിന്നീട് ജാമ്യത്തില്‍ വിട്ടയയച്ചു.
നിരോധിത പുകയില ഉല്പന്നങ്ങള്‍ എന്നതിനപ്പുറം സാധാരണ പുകയില ഉല്പന്നങ്ങള്‍പ്പോലും വിറ്റഴിക്കാന്‍ അനുവാദമില്ലാത്ത നിരോധിത മേഖലയിലായിരുന്നു വില്പനയെന്നതും ശ്രദ്ധേയമായിരുന്നു. സ്‌കൂളിന്റെ സമീപസ്ഥലത്തായിരുന്നു വില്പനയെന്നതാണ് ഗൗരവകരം.
തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന ലോറിയിലാണ് കുര്യനാട്, മോനിപ്പള്ളി, കുറവിലങ്ങാട് മേഖലയില്‍ നിരോധിത പുകയില ഉല്പന്നങ്ങളെത്തുന്നതെന്നാണ് വെളിപ്പെടുത്തല്‍. ഇവിടെ നിന്ന് തമിഴ്‌നാട് മേഖലയിലേക്ക് പോകുന്ന ലോറിയുടെ തിരിച്ചുവരവിലും പുകയില ഉല്പന്നങ്ങള്‍ എത്തുന്നുണ്ടെന്ന് വിലയിരുത്തലുണ്ട്. ഇവിടെയുളള ടിപ്പറുകള്‍ ഓട്ടം പോയി മടങ്ങിവരുമ്പോള്‍ കഞ്ചാവെത്തുന്നുവെന്ന് നേരത്തെയുള്ള ആക്ഷേപങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍.
തമിഴ്‌നാട്ടില്‍ നിന്ന് രണ്ടര രൂപയ്ക്ക് വാങ്ങുന്ന പായ്ക്കറ്റുകള്‍ ഇവിടെ 50 രൂപയില്‍ കുറയാതെയാണ് വിറ്റഴിക്കുന്നതെന്നതാണ് നിയമനടപടിയുണ്ടായാലും പിന്മാറാതെ നില്‍ക്കാന്‍ ഈ രംഗത്തെ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. ചില പെട്ടികടകളിലടക്കം ഇത്തരം ഉല്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി പരാതികള്‍ നേരത്തെ ശക്തമായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രേംഷാ, ജോണ്‍സണ്‍, ബാബു എന്നിവരടങ്ങുന്ന സംഘമാണ് എസ്‌ഐ എ.എസ് സരിന്റെ നേതൃത്വത്തില്‍ റെയ്ഡിനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *