വൈകല്യങ്ങള്‍ കൈവല്യങ്ങളായി കൃഷിയിലും തിളങ്ങി ഹോളിക്രോസ് സ്‌കൂള്‍

കുറവിലങ്ങാട്: ഒളിംപ്ക്‌സിലെ സാന്നിധ്യത്തിലൂടെ ആഗോള ശ്രദ്ധനേടിയ മണ്ണയ്ക്കനാട് ഹോളിക്രോസ് സ്‌പെഷ്യല്‍ സ്‌കൂളിന് കൃഷിയിലും നൂറുമേനി. വ്യത്യസ്തകഴിവുകളുള്ള ഇരുപതു വിദ്യാര്‍ത്ഥികളെ കൂട്ടുപിടിച്ച് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍. റാണി ജോ നടത്തിയ കൃഷിയുടെ വിളവെടുപ്പിനെത്തിയപ്പോള്‍ സ്‌കൂളിനെ ഒന്നാകെ അഭിനന്ദിച്ചു. ഒരേക്കറോളം സ്ഥലത്ത് കായ്ഫലങ്ങളുമായി നില്‍ക്കുന്ന കാബേജും ഹോളിഫ്‌ളവറും വഴുതനയും വെണ്ടയും മുളകും പാവലും പയറുമൊക്കെ കണ്ടാല്‍ ആരും അവരെ അഭിനന്ദിച്ചുപോകും. സാധാരണക്കാര്‍പ്പോലും കാര്‍ഷികമേഖലയില്‍ നിന്ന് മാറിനില്‍ക്കുമ്പോഴാണ് വ്യത്യസ്തകഴിവുകളുള്ള മിടുക്കര്‍ ഈ രംഗത്തും മികവ് തെളിയിച്ചത്. സ്‌പെഷ്യല്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിനൊപ്പം സാന്താക്രൂസ് എല്‍പിസ്‌കൂളിലെ ഉച്ചക്കഞ്ഞിക്കും പച്ചക്കറികള്‍ നല്‍കാന്‍ ഇപ്പോള്‍ ഈ മിടുക്കര്‍ക്ക് കഴിയുന്നു. ജൈവകൃഷിയില്‍ വിളയിച്ച പച്ചക്കറി നാട്ടുകാര്‍ക്കും നല്‍കാന്‍ ഇവര്‍ തയ്യാറായിരിക്കുകയാണ്.
വിളവെടുപ്പ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സിസ്റ്റര്‍ സിസിലി മാത്യു, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റാണി ജോ, കൃഷി ഓഫീസര്‍ ലിസി ആന്റണി, അധ്യാപിക സല്ലില ശിവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *