എം.സി റോഡ് വികസനം മണ്ണ് നിക്ഷേപത്തിന്റെ മറവില്‍ ഭൂമി നികത്തല്‍ വ്യാപകം

കുറവിലങ്ങാട്: എം.സി റോഡ് വികസനത്തിന്റെ മറവിലും ഭൂമി നികത്തല്‍ വ്യാപകമാകുന്നു. റോഡ് വികസനത്തിന്റെ മണ്ണ് നിക്ഷേപിക്കാനെന്ന പേരില്‍ നികത്താനുള്ള ഭൂമി കണ്ടെത്തിയാണ് വ്യാപകമായ തട്ടിപ്പ് നടക്കുന്നത്. റോഡ് വികസനം നടക്കുന്ന മേഖലയില്‍ കരാറുകാരേയും ഭൂവുടമകളേയും കൂട്ടിയിണക്കാന്‍ നാട്ടുകാരായ ഇടനിലക്കാരും സജീവമാണ്. ഇക്കൂട്ടര്‍ക്കുള്ള രാഷ്ട്രീയ ബന്ധങ്ങളും വഴിവിട്ട നീക്കങ്ങള്‍ക്ക് തണലേകുകയാണ്.
റോഡ് വികസനത്തിന്റെ ഭാഗമായി നീക്കുന്ന മണ്ണാണ് ഭൂമി നികത്തലിനായി ഉപയോഗിക്കുന്നത്. റോഡില്‍ നിന്നെടുത്തുമാറ്റുന്ന മണ്ണ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സൂക്ഷിക്കുന്നത്. ഇത്തരത്തില്‍ മണ്ണ് സൂക്ഷിക്കുന്നതിനായി ഭൂവുടമയുടെ അനുവാദം ആവശ്യമാണ്. ഇതിനായി ജില്ലാ അധികാരികളുടെ അനുമതി പത്രവും നേടേണ്ടതുണ്ട്. വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമെന്ന നിലയില്‍ ലഭിക്കുന്ന അപേക്ഷയില്‍ അനുമതി നല്‍കുകയാണ് സാധാരണ ചെയ്യുന്നത്. ഇത്തരത്തില്‍ സ്ഥലം കണ്ടെത്തുന്നതുമുതലാണ് വഴിവിട്ട ഇടപാടുകള്‍ ആരംഭിക്കുന്നത്. ഭൂമി നികത്താന്‍ താല്‍പര്യമുള്ളവര്‍ ഇടനിലക്കാരുവഴി കരാറുകാരെ സമീപിക്കുകയാണ് ചെയ്യുന്നത്. ഈ ആവശ്യക്കാരന്റെ നികത്താനുള്ള ഭൂമി മണ്ണ് നിക്ഷേപിക്കുന്നതിനുള്ള കേന്ദ്രമായി അനുമതി നേടുന്നതോടെ ഇടപാടുകള്‍ എളുപ്പമാകും. നിശ്ചിത വാടക ഭൂവുടമയ്ക്ക് നല്‍കി മണ്ണ് നിക്ഷേപിക്കുകയും വികസനം പൂര്‍ത്തീകരിക്കുന്നതോടെ തിരികെ എടുക്കുകയും ചെയ്യുമെന്ന കരാറും തയ്യാറാക്കും. എന്നാല്‍ ഓരോ ലോഡ് മണ്ണിനും പണം നല്‍കി ഭൂവുടമ വാങ്ങി സ്വന്തം ഭൂമി നികത്തുകയാണ് ചെയ്യുന്നത്. നിയമപരമായി ഇത് തടയാന്‍ ആര്‍ക്കും കഴിയാത്തതിനാല്‍ രാപതല്‍ഭേദമെന്യേ മണ്ണ് നിക്ഷേപിക്കലും ഭൂമി നിരത്തലും തുടരാനാകും. ഇടനിലക്കാരായി നില്‍ക്കുന്നവര്‍ക്ക് ലൊഡൊന്നിന് എന്ന ക്രമത്തില്‍ കമ്മീഷനും ലഭിക്കും.
കുറവിലങ്ങാടിന്റെ സമീപസ്ഥലങ്ങളില്‍ ഇത്തരത്തില്‍ മണ്ണ് നിക്ഷേപിക്കലും നികത്തലും നടത്തിയിരുന്നു. ഇപ്പോള്‍ മോനിപ്പള്ളി പ്രദേശത്തും കോഴാ മേഖലയിലും ഇത്തരം പ്രവര്‍ത്തനം നടത്തുന്നുണ്ട്. ചിലയിടങ്ങളിലും പാടവും നികത്തുന്നുണ്ട്.
മുവാറ്റുപുഴ നദീതടജലസേചന പദ്ധതിയിലൂടെ അപ്രത്യക്ഷമായ പാടങ്ങള്‍ക്ക് ശേഷമുള്ള പാടങ്ങളില്‍ നല്ലൊരു ഭാഗം റോഡ് വികസനത്തിലൂടെയും ഇല്ലാതാകുന്നുവെന്നതാണ് സ്ഥിതി.

Leave a Reply

Your email address will not be published. Required fields are marked *