ആരോഗ്യമേഖലയെ തഴുകി തലോടി കവിതയിൽ തിളങ്ങിഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കുറവിലങ്ങാട്: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ ആരോഗ്യമേഖലയ്ക്കും വനിതമുന്നേറ്റത്തിനും മുൻതൂക്കം. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അവതരിപ്പിച്ച ബജറ്റിൽ ബ്ലോക്ക് പരിധിയിലെ ആശുപത്രികളുടെ വികസനം, വനിത ഫിറ്റ്‌നെസ് സെന്ററുകൾ, ഭിന്നശേഷിക്കാർക്കായി മൾട്ടിസെൻസറി പാർക്ക്, എല്ലാ അംഗൻവാടികളിലും ശിശുസൗഹൃദ ശൗചാലയം തുടങ്ങി ആരോഗ്യമേഖലയിൽ മുന്നേറ്റത്തിന് വഴിതുറക്കുന്ന പദ്ധതികൾ ലക്ഷ്യമിടുന്നു. വനിത മുന്നേറ്റത്തിന് വേദിതുറന്ന് കെ.എം മാണി സ്മാരക തണൽ വഴിയോരവിശ്രമകേന്ദ്രം, ഷീ ലോഡ്ജ്, വനിത സംരഭങ്ങളുടെ ഉല്പന്ന വിപണനത്തിന് വഴിതുറക്കുന്ന ത്രിൽസ് എന്നിവയ്ക്കും തുക വകയിരുത്തിയിട്ടുണ്ട്.
ബജറ്റിൽ ഉൾപ്പെടുത്തിയ കവിതകൾ ഏറെ അഭിനന്ദനത്തിന് വഴിതെളിച്ചു.
ആരോഗ്യമേഖലയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾ നല്ലനിലയിൽ ഉറപ്പാക്കുന്നതിനൊപ്പം കുറവിലങ്ങാട് താലൂക്ക് ആശുപത്രിക്ക് 1.66 കോടി രൂപയും ഉഴവൂർ ആശുപത്രിക്ക് ഡയാലിസ് സൗകര്യങ്ങളുമായി ബന്ധപ്പെട്ട് 22 ലക്ഷം രൂപയും രാമപുരം ആശുപത്രിക്ക് പുനരുദ്ധാരണത്തിനായി 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ലക്ഷ്യമിട്ട പദ്ധതികളുടെ പൂർത്തീകരണത്തിനാവശ്യമായ തുകയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 31.48 കോടി രൂപ വരവും 31.25 കോടി രൂപ ചെലവും 22.45 ലക്ഷം രൂപ നീക്കിബാക്കിയും പ്രതീക്ഷിക്കുന്ന ബജറ്റാണ് ഡോ. സിന്ധുമോൾ ജേക്കബ് അവതരിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരായ സജേഷ് ശശി, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, കെ.എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കെ.എം മാണി സ്മാരക ‘തണൽ’ വിനോദ വിശ്രമ കേന്ദ്രം പൂർത്തീകരണം

ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ ആസ്ഥാനമന്ദിരം പ്രവർത്തിച്ചിരുന്ന സ്ഥലത്ത് നിർമ്മാണപ്രവർത്തനം ആരംഭിച്ച കെ.എം മാണി സ്മാരക തണൽ വിനോദവിശ്രമകേന്ദ്രത്തിന്റെ പൂർത്തീകരണം ബജറ്റിൽ ലക്ഷ്യമിടുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 2.6 കോടി രൂപ ഉറപ്പാക്കിയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഹോട്ടൽ, സെമിനാർ ഹാൾ, താമസസൗകര്യം എന്നിങ്ങനെയാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പ്രയോജനപ്പെടുത്തിയുള്ള ഈ പദ്ധതിയുടെ നിർമ്മാണത്തിനാവശ്യമായ പശ്ചാത്തലക്രമീകരണങ്ങൾ പൂർത്തീകരിക്കാൻ ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.

വനിതാ മുന്നേറ്റത്തിൽ ഷീ ലോഡ്ജ്

സേവന മേഖലയിൽ വനിതകളുടെ മുന്നേറ്റം ലക്ഷ്യമിട്ട് ഷീ ലോഡ്ജിന്റെ പൂർത്തീകരണം ഈ സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിടുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് ഈ പദ്ധതിയും.
കഴിഞ്ഞവർഷം 35 ലക്ഷം രൂപയാണ് കഴിഞ്ഞവർഷം വകയിരുത്തിയിരുന്നത്. ഈ വർഷം ഈ ബജറ്റിൽ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്


ഭിന്നശേഷിക്കാർക്കായി സമന്വയ – മൾട്ടി സെൻസറി പാർക്ക്

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള സമന്വയ മൾട്ടിപർപ്പസ് പാർക്കിന് ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. 18 വയസിന് താഴെയുള്ള ഭിന്നശേഷിക്കാർക്ക് വ്യക്തിഗത സുരക്ഷ പ്രദാനം ചെയ്യുന്നതിനായി സ്‌പെഷ്യൽ സ്‌കൂളുകളുടെ സഹകരണത്തോടെ സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി, ഫിസിയോ തെറാപ്പി എന്നിവയും കൗൺസിലിംഗ് സൗകര്യവം പദ്ധതിയിലൂടെ ഉറപ്പാക്കിയിരിക്കുന്നു.

………..
എല്ലാ ംഗൻവാടികൾക്കും ശിശുസൗഹൃദ ശൗചാലയം

കുട്ടികളോടുള്ള കരുതലും ആരോഗ്യകരമായ ജീവിതചുറ്റുപാടും ഉറപ്പാക്കുന്നതിനായി ബ്ലോക്ക് പരിധിയിലെ എല്ലാ അംഗൻവാടികൾക്കും ശിശുസൗഹൃദ ശൗചാലയം നിർമ്മിക്കാനായി 20 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
കുറവിലങ്ങാട് 122-ാം നമ്പർ അംഗൻവാടിക്ക് സമീപം കനാലിന് സംരക്ഷണവേലി, കുറവിലങ്ങാട് 123-ാം നമ്പർ അംഗൻവാടിക്ക് അപ്പൂപ്പൻ മൂലയും ശലഭോദ്യാനവും നിർമ്മാണം, കടപ്ലാമറ്റം 52-ാം നമ്പർ, കാണക്കാരി 125-ാം നമ്പർ അംഗൻവാടികൾക്ക് കെട്ടിടം എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ച് തുക വകയിരുത്തിയിട്ടുണ്ട്.

വനിത ഫിറ്റ്‌നെസ് സെന്റർ തുടർച്ച

വനിത ഫിറ്റ്‌നെസ് സെന്റർ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും ഉറപ്പാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 17 ലക്ഷം രൂപയ്ക്ക് പുറമെ പുതിയ ബജറ്റിൽ 26.4 ലക്ഷം രൂപ വകയിരുത്തി.
കണിയോടി അംഗൻവാടി, രാമപുരം പഞ്ചായത്ത് സ്റ്റേഡിയം, വയലാ സാംസ്‌കാരിക നിലയം എന്നിവിടങ്ങളിൽ വനിത ഫിറ്റ്‌നെസ് സെന്റർ ലക്ഷ്യമിടുന്നു.
………..
കുടിവെള്ളപദ്ധതികൾക്ക് പരിഗണന
മാഞ്ഞൂരിൽ ആർണപാടം, മോനിപ്പള്ളിയിൽ ചേറ്റുകുളം, രാമപുരത്ത് പരവൻകുന്ന്, ഫാത്തിമാഗിരി, തുമ്പകുളം, ചില്ലിക്കുന്ന് ശുദ്ധജലപദ്ധതികൾക്കും കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി പഞ്ചായത്തുകളിൽ വിവിധ പദ്ധതികൾക്കും വെളിയന്നൂർ ഗവ. എൽപി സ്‌കൂളിന് കുഴൽകിണറിനും തുക വകയിരുത്തിയിട്ടുണ്ട്.
……….
കൃഷിയ്ക്ക്
പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയ്ക്ക് കരുത്തുപകരാൻ ബജറ്റിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ട്യ സമഗ്രനെൽകൃഷിക്ക് മാത്രമായി 15 ലക്ഷം രൂപ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉഴവൂർ, മാഞ്ഞൂർ മേഖലയിലെ ക്ഷീരകർഷകർക്ക് പാൽവില സബ്‌സിഡിയ്ക്ക് 19.5 ലക്ഷം രൂപവീതം വകയിരുത്തിട്ടുണ്ട്. നൂറുപറ പടിഞ്ഞാറേപ്പുറം പാടശേഖരത്തിന് മോട്ടോർപുരയ്ക്കും ബെൽറ്റ്പുരയ്ക്കുമായി 10 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
…………
ത്രിൽസ് രണ്ടാം ഘട്ടം

വനിതാശക്തീകരണത്തിനായി സംരഭങ്ങളുടെ പ്രദർശനവും വില്പനയും കലാവിരുന്നുമായി കഴിഞ്ഞ ബജറ്റിലൂടെ ലക്ഷ്യമിട്ട ത്രിൽസിന്റെ രണ്ടാംഘട്ടം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രിൽസ് 2.0യ്ക്കായി മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
………..
സാംസ്‌കാരിക പ്രവർത്തനങ്ങളും വായനയും
സാംസ്‌കാരിക പ്രവർത്തനങ്ങളും വായനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കുറവിലങ്ങാട് അരുവിക്കൽ സാംസ്‌കാരിക നിലയം, മരങ്ങാട്ടുപിള്ളി യംങ്ങ്‌മെൻസ് ക്ലബ്, വിആർആർസ് ലൈബ്രറി, വെമ്പള്ളി ലക്ഷം വീട് കോളനി സാംസ്‌കാരിക നിലയം, അമനകര ദേശീയ വായനശാല എന്നിവയ്ക്ക് ബജറ്റിൽ ഇടംനൽകിയിട്ടുണ്ട്.

…………

ശുചിത്വപദ്ധതികളും നിരവധി
ശുചിത്വപദ്ധതികളുടെ ഭാഗമായി ഉഴവൂർ കൊണ്ടാട് വനിത വികസനകേന്ദ്രത്തിൽ ശൗചാലയസമുച്ചയം, വെളിയന്നൂർ സ്റ്റേഡിയത്തിൽ ശൗചാലയസൗകര്യം, ഉഴവൂർ ചിറയിൽക്കുളം ശൗചാലയസമുച്ചയം പൂർത്തീകരണം, കുറവിലങ്ങാട് തോട്ടുവ പഞ്ചായത്ത് കുളത്തിന് മൂടിയും നെറ്റും സ്ഥാപിക്കൽ എന്നിവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.
………
പട്ടികജാതി വികസനം
പട്ടികജാതി വിഭാഗത്തിന് പിന്തുണ ഉറപ്പാക്കി കാണക്കാരി 11-ാം വാർഡിൽ എസ്.സി ശ്മശാനം പുനരുദ്ധാരണം, മാഞ്ഞൂരിൽ അയ്യൻകോവിൽ സെറ്റിൽമെന്റ് കോളനി പുനരുദ്ധാരണം, മരങ്ങാട്ടുപിള്ളിയിൽ ഒഎൽഎച്ച് കോളനി റോഡ്, വെളിയന്നൂർ വരിക്കാനി കോളനി സാംസ്‌കാരിക നിലയം പുനരുദ്ധാരണം, ലൈഫ് ഭവനം നിർമ്മാണം, വിദ്യാർത്ഥികൾക്ക് പഠന മുറി, ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്കായി തുക വകയിരുത്തിയിട്ടുണ്ട്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!