പൂക്കളോട് മുഖം ചേർത്ത് അവനുറങ്ങി , ആ മുഖം ഹൃദയത്തിലെഴുതി ഉറ്റവർ

ജോജോ വിലങ്ങുപാറയ്ക്ക് അന്ത്യയാത്രാമൊഴി

കുറവിലങ്ങാട്: പതിവിലും പ്രൗഡവും ശാന്തവുമായിരുന്നു ആ മുഖം. ഉറ്റവരേയും ഉടയവരേയും വേർപിരിയുന്നതിലുള്ള വേദനയൊന്നും ആ മുഖത്ത് ഉണ്ടായിരുന്നില്ല. രണ്ടുവർഷത്തോളം രോഗം തളർത്തിയതിന്റെ ക്ഷീണവും പ്രകടമായില്ല. വെള്ള പൂക്കളിൽ മുഖം ചേർത്തുറങ്ങുമ്പോൾ നിഷ്‌കളങ്കതയുടേയും സംതൃപ്തിയുടേയും പ്രതിഫലനമായിരുന്നു കാണാനായത്.
47 വർഷം ഈ ഭൂമിയിൽ ജീവിച്ച് സ്വർഗയാത്രയായ ജോജോ വിലങ്ങുപാറയെ അന്ത്യയാത്രയാക്കാൻ ആയിരങ്ങളാണ് രണ്ട് ദിവസങ്ങളിലായി വിലങ്ങുപാറ വീട്ടിലും കുറവിലങ്ങാട് പള്ളിയിലുമെത്തിയത്. രണ്ടുവർഷത്തോളമായി രോഗബാധിതനായിരുന്ന ജോജോ ശനിയാഴ്ച രാത്രിയിലാണ് അന്തരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ ജോജോയുടെ ചേതനയറ്റശരീരം വിലങ്ങുപാറ വീട് ഏറ്റുവാങ്ങിയതുമുതൽ ജനപ്രവാഹമായിരുന്നു കാണാനായത്.

ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയുടെ കാർമികത്വത്തിലായിരുന്നു വസതിയിലെ ശുശ്രൂഷാകർമ്മങ്ങൾ. മരങ്ങോലി പള്ളി വികാരി റവ.ഡോ. ജോസഫ് പര്യാത്ത് അനുസ്മരണപ്രസംഗം നടത്തി. അസി.വികാരി ഫാ. അഗസ്റ്റിൻ മേച്ചേരിൽ, ഫാ. നിരപ്പിൽ എന്നിവർ സഹകാർമികരായി.
കുറവിലങ്ങാട് ഇടവകയുടെ 22-ാം വാർഡ് യോഗപ്രതിനിധിയായി ജോജോ നടത്തിയ സേവനങ്ങൾ പ്രത്യേകം പ്രശംസിക്കപ്പെട്ടു. പള്ളിയോഗപ്രതിനിധികൾ പ്രിയപ്പെട്ട സഹപ്രവർത്തകനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിച്ച് മൃതദേഹം പള്ളിയങ്കണത്തിന് സമീപം ഏറ്റുവാങ്ങി. തുടർന്ന് യോഗപ്രതിനിധികളാണ് മൃതദേഹം ദേവാലയത്തിലേക്കും തുടർന്ന് സിമിത്തേരി പള്ളിയിലേക്കും സംവഹിച്ചത്. സഹോദരതുല്യമായ വേദനയോടെയാണ് യോഗപ്രതിനിധികൾ ജോജോയെ യാത്രയാക്കിയത്. വിലാപയാത്രയിൽ കുരിശ്, കുടകൾ, കൊടി എന്നിവയും യോഗപ്രതിനിധികളാണ് സംവഹിച്ചത്. പ്രിയപ്പെട്ട സുഹൃത്തിനോടുള്ള ആദരവും അടുപ്പവും അറിയിച്ച് പ്രിയസുഹൃത്തിന് വിട എന്ന രേഖപ്പെടുത്തിയ ജോജോയുടെ ചിത്രം ധരിച്ചായിരുന്നു യോഗപ്രതിനിധികൾ മൃതസംസ്‌കാരശുശ്രൂഷയിൽ പങ്കെടുത്തത്.


കർഷകനെന്ന നിലയിലും പൊതുപ്രവർത്തകനായും സമുദായപ്രവർത്തകനായും ജോജോ സ്വരൂക്കൂട്ടിയ ബന്ധങ്ങളുടെ പ്രതിഫലനമാണ് കാണാനായത്. ഇടുങ്ങിയ വഴിയിൽ തിരക്കുണ്ടാകാതിരിക്കാൻ ജനങ്ങൾ എം.സി റോഡിൽ വാഹനം നിറുത്തി കാൽനടയായാണ് ജോജോയെ കണ്ടുമടങ്ങിയത്. വീട്ടുകാർ ഓട്ടോറിക്ഷ ഏർപ്പാടാക്കിയിരുന്നുവെങ്കിലും ജോജോയ്ക്കായി കാൽനടയായി എത്താനായിരുന്നു ഏവർക്കും താൽപര്യം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിൽ ജോജോ നടത്തിയ സേവനങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടു. സാധാരണ നാട്ടിൻപുറത്തെ കർഷകന്റെ നിഷ്‌കളങ്കത ജോജോയുടെ പ്രവർത്തനങ്ങളിലെല്ലാം നിഴലിച്ചിരുന്നു.


അസി.വികാരിമാരായ ഫാ. ജോസഫ് ആലാനിക്കൽ, ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, ഫാ. ജോർജ് വടയാറ്റുകുഴി, സെന്റ് ആൻസ് ആശ്രമത്തിലെ ഫാ. അനീഷ് ഒാലിക്കൽ തുടങ്ങിയവർ ശുശ്രൂഷകളിൽ സഹകാർമികരായി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!