ഗ്രാമോദ്യാനം വീണ്ടും മാലിന്യനിക്ഷേപകേന്ദ്രം കാത്തിരിക്കുന്നത് എച്ചില്‍ക്കൂനയിലെ നായ്ക്കള്‍

കുറവിലങ്ങാട്: ഏറെ കൊട്ടിഘോഷിക്കപ്പെട്ട കോഴാ ഗ്രാമോദ്യാനത്തിലേക്ക് ഒന്നു ചെന്നാല്‍ കാണുന്ന കാഴ്ച ആരുടേയും മനം മടുപ്പിക്കും. പരിക്കേല്‍ക്കാതെ വീട്ടിലെത്തണമെങ്കില്‍ എച്ചില്‍ക്കൂനയില്‍ മല്ലടിക്കുന്ന നായ്ക്കള്‍ സമ്മതിക്കണം. മാലിന്യനിക്ഷേപ കേന്ദ്രത്തില്‍ നിന്ന് നാടിനെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമോദ്യാനം ആരംഭിച്ചത്. മനോഹരമായ ഉദ്യാനം ഇക്കാര്യത്തില്‍ വിജയിക്കുകയും ചെയ്തു.


എന്നാല്‍ അടുത്തനാളില്‍ ഉദ്യാനം ഇരുട്ടിലായതോടെ ഇവിടെ മാലിന്യവുമായി എത്തുന്നവരുടെ പ്രധാന കേന്ദ്രമായി മാറി. ഭക്ഷണാവശിഷ്ടങ്ങള്‍ കുന്നുകൂടിയതോടെ തെരുവ് നായ്ക്കളും ഇങ്ങോട്ട് താമസം മാറ്റി. കഴിഞ്ഞദിവസം ഇവിടെ പ്ലേറ്റുകളടക്കമാണ് ഭക്ഷണാവശിഷ്ടങ്ങള്‍ തള്ളിയത്. ഉദ്യാനത്തിലെ വിളക്കുകള്‍ തെളിയാത്തതാണ് സാമൂഹിക വിരുദ്ധ വിളയാട്ടത്തിന് അവസരമൊരുക്കുന്നത്.
കഴിഞ്ഞദിവസം കേരളാ കോണ്‍ഗ്രസ്-എം നേതൃത്വത്തില്‍ പഞ്ചായത്തിന്റെ അനാസ്ഥയ്‌ക്കെതിരെ ചൂട്ടുകറ്റ കത്തിച്ച് സമരം നടത്തിയിരുന്നു. ലൈറ്റുകള്‍ മനപൂര്‍വം അണച്ചതിന് ശേഷം ഇരുട്ട് സൃഷ്ടിച്ചായിരുന്നു സമരമെന്ന് ചിലര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നുവെങ്കില്‍ അവശിഷ്ടങ്ങള്‍ ഇത്രയും പരസ്യമായി നിക്ഷേപിക്കില്ലായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!