കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണന്‍ നിര്യാതനായി

കുറവിലങ്ങാട്: നടപ്പാതയില്‍ നിന്ന് കാല്‍വഴുതി തോട്ടില്‍ വീണ് കോഴാ കൂറ്റക്കാവില്‍ കുട്ടന്‍ നാരായണ(85)ന്‍ മരിച്ചു. ഇന്നലെ വൈകുന്നേരം ടൗണിലെത്തിയശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം സംഭവിച്ചത്. വിവരമറിഞ്ഞെത്തിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് (വ്യാഴം) മൂന്നിന് More »

മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് നിര്യാതനായി

വെമ്പള്ളി: പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിലിന്റെ പിതാവ് കെ.ജെ ചാക്കോ (94) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 10.30ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റേയും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റേയും കാര്‍മികത്വത്തില്‍ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം More »

കുറവിലങ്ങാട് മൂന്നുനോമ്പ് തിരുനാള്‍ ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി

കുറവിലങ്ങാട്: മൂന്നുനോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, പാലാ ആര്‍ഡിഒ അനില്‍ ഉമ്മന്‍, ജില്ലാ പഞ്ചായത്ത് More »

നവീകരിച്ച പള്ളി വെഞ്ചരിപ്പും മൂന്നുനോമ്പ് തിരുനാളും ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും

കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചരിപ്പ് നിര്‍വഹിക്കാനായി സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കുറവിലങ്ങാട്ടെത്തും. 21ന് 10.30ന് പള്ളിയുടെ വെഞ്ചരിപ്പ് നിര്‍വഹിക്കുന്ന കര്‍ദിനാള്‍ ദൃശ്യവല്‍ക്കരിച്ച അത്ഭുത ഉറവയുടെ വെഞ്ചരിപ്പും മൂന്ന് നോമ്പ് തിരുനാള്‍ കൊടിയേറ്റും നടത്തുമെന്ന് More »

 

Monthly Archives: March 2015

ഡോ.ഫിലിപ്പ് ജോണ്‍ ദേവമാതാ കോളജ് പ്രിന്‍സിപ്പല്‍

കുറവിലങ്ങാട്: ദേവമാതാ കോളജ് പ്രിന്‍സിപ്പലായി ഡോ. ഫിലിപ്പ് ജോണ്‍ (52) ചുമതലയേറ്റു. ദേവമാതാ കോളജില്‍ കഴിഞ്ഞ ഏഴുവര്‍ഷമായി മലയാളവിഭാഗം മേധാവിയായി സേവനം ചെയ്തുവരികയായിരുന്നു ഡോ. ഫിലിപ്പ് ജോണ്‍. 1989ല്‍ ദേവമാതാ കോളജില്‍ ലക്ചററായാണ് അധ്യാപക ജീവിതത്തിന് തുടക്കമിടുന്നത്. പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദവും ചങ്ങനാശേരി എസ്ബി കോളജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിഎഡ് നേടിയ ഡോ. ഫിലിപ്പ് കേരള സര്‍വകലാശാലയില്‍ നിന്ന് ‘ആദ്യകാല വൈജ്ഞാനിക സാഹിത്യം മലയാളത്തില്‍’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റെടുത്തു. സാസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള വാസ്തുവിദ്യാഗുരുകുലത്തില്‍ നിന്ന് ട്രഡീഷണല്‍ ആര്‍ക്കിടെക്ട് എന്ന വിഷയത്തില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. എം.ജി സര്‍വകലാശാല റിസര്‍ച്ച് ഗൈഡായും സേവനം ചെയ്യുന്നു.
എം.ജി, കേരള സര്‍വകലാശാലകളില്‍ യു.ജി ബോര്‍ഡംഗമായും എം.ജി, കാലടി സര്‍വകലാശാലകളില്‍ പി.ജി ബോര്‍ഡംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. ഫിലിപ്പ് ജോണിന്റെ ‘കേരളത്തിന്റെ വൈജ്ഞാനിക സാഹിത്യവും പാരമ്പര്യവും’ എന്ന പുസ്തകം എം.ജി സര്‍വകലാശാലയില്‍ ബിരുദതലത്തില്‍ പഠന ഗ്രന്ഥമാണ്. ഭാഷാ മിശ്രസാഹിത്യം സത്തയും ഘടനയും എന്ന ഗ്രന്ഥകര്‍ത്താവുമാണ്. മുപ്പതിലേറെ ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുറവിലങ്ങാട് ചാവേലില്‍ കുടുംബാംഗമാണ് ഡോ. ഫിലിപ്പ്. ഭാര്യ: ലിസ. മക്കള്‍: ജെവിന്‍ (ടിസിഎസ്, കൊച്ചി), ജീന (ബിടെക് വിദ്യാര്‍ത്ഥിനി, രാജഗിരി കോളജ്).

അധ്യാപനത്തിന്റെ പുണ്യവുമായി ഡോ. ജോയി ജേക്കബും ആറ് സഹപ്രവര്‍ത്തകരും ദേവമാതായുടെ പടിയിറങ്ങുന്നു

കുറവിലങ്ങാട്: സുവര്‍ണജൂബിലി വര്‍ഷത്തിലടക്കം ദേവമാതാ കോളജിനെ നയിക്കാനായ ചാരിതാര്‍ത്ഥ്യത്തോടെ പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബും ആറ് സഹപ്രവര്‍ത്തകരും ദേവമാതാ കോളജിന്റെ പടിയിറങ്ങുന്നു. പ്രഫ. ടി.ടി ദേവസ്യ, ഡോ. സി. ടോമി ജോസ്, ഡോ. എം.എന്‍ പ്രസന്ന അന്തര്‍ജ്ജനം, പ്രഫ. ആന്‍സമ്മ മാത്യു, പ്രഫ. റോസമ്മ തോമസ്, റവ. ഡോ. അഗസ്റ്റിന്‍ മാത്യു എന്നിവരാണ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബിനൊപ്പം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് 31ന് വിരമിക്കുന്നത്.
മൂന്നുപതിറ്റാണ്ടുവരെ നീണ്ട അധ്യാപനത്തിലൂടെ ആയിരക്കണക്കായ ശിഷ്യസമ്പത്തിന്റെ കരുത്തുമായാണ് ഏഴ് അധ്യാപകരും വിരമിക്കുന്നത്. ഒരു വര്‍ഷം നീണ്ട സുവര്‍ണ ജൂബിലിയില്‍ ദേശീയതലത്തിലെ പ്രമുഖര്‍ക്കടക്കും ആതിഥ്യമരുളാന്‍ ദേവമാതായെ അണിയിച്ചൊരുക്കിയതിന്റെ അഭിമാനവുമായാണ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബിന്റെ പടിയിറക്കം. കഴിഞ്ഞ നാലുവര്‍ഷങ്ങളില്‍ ദേവമാതായുടെ മികവിന് പിന്നില്‍ ഡോ. ജോയി ജേക്കബിന്റെ കഠിനാധ്വാനമായിരുന്നു.
പാഠ്യ,പാഠ്യേതര രംഗത്ത് അസൂയാവഹമായ നേട്ടങ്ങളാണ് ദേവമാതാ കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടിയത്. എയ്ഡഡ്, സ്വാശ്രയമേഖലയിലായി കോളജിന് പുതിയ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത പഠനത്തിന് അവസരം നല്‍കാനും ഡോ. ജോയി ജേക്കബിന് കഴിഞ്ഞു. കോളജിനെ സെന്റര്‍ വിത്ത് പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്‌സലന്‍സ് പദവിയിലേയ്ക്കുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആരംഭമിടാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ പൊന്‍തൂവലാണ്. 30ന് കോളജ് രക്ഷാധികാരിയും പാലാ രൂപതാധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെതടക്കമുള്ള സാന്നിധ്യത്തില്‍ പ്രൗഡഗംഭീരമായ യാത്രയയപ്പാണ് ദേവമാതാ വിരമിക്കുന്ന അധ്യാപകര്‍ക്കായി ഒരുക്കുന്നത്.

പോലീസിനു മുന്നില്‍ നിറുത്താതെ പോയ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരിക്ക് പരുക്ക്

ഉഴവൂര്‍:പരിശോധനയ്ക്കായി പോലീസ് കൈകാണിച്ചിട്ടും നിറുത്താതെ പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരുക്കേറ്റു. വെള്ളിയാഴ്ച വൈകുന്നേരം ഇടക്കോലി റോഡിലാണ് സംഭവം. കുറവിലങ്ങാട് പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഇടക്കോലി റോഡിന്റെ ആരംഭഭാഗത്തായി പരിശോധന നടത്തിയത്. പരിശോധന. പോലീസ് കൈകാണിച്ചുവെങ്കിലും വാഹനം വേഗത്തില്‍ മുന്നോട്ടുപോയി. അരകിലോമീറ്ററോളം കഴിഞ്ഞ് കുടിവെള്ള പദ്ധതി പൈപ്പ് സ്ഥാപിക്കുന്നതിനായി തീര്‍ത്തിരുന്ന കുഴയില്‍ വീണാണ് അപകടമുണ്ടായതെന്നാണ് അറിയുന്നത്. ടൗണിലെ വ്യാപാരി ഓടിച്ചിരുന്ന ഓട്ടോറിക്ഷയില്‍ സ്വകാര്യ ആവശ്യത്തിനായി പോകവേ മറ്റൊരാളെ കയറ്റുകയായിരുന്നുവെന്നാണ് പറയുന്നത്. ഈ സ്ത്രീക്കാണ് പരുക്കേറ്റിട്ടുള്ളത്. വാഹനം നിറുത്താതെ പോയസംഭവത്തില്‍ നമ്പര്‍ മനസിലാക്കി കേസെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു.

പീഡാനുഭവസ്മരണകളില്‍ നിറഞ്ഞ് ആയിരങ്ങള്‍ മുണ്ടന്‍വരമ്പിലെത്തി

കുറവിലങ്ങാട്: പീഡാനുഭവസ്മരണയില്‍ ആയിരങ്ങള്‍ മുണ്ടന്‍വരമ്പ് കുരിശുമല കയറി. നാല്പതാം വെള്ളിയാഴ്ചയില്‍ മര്‍ത്ത്മറിയം ഫൊറോന പള്ളിയിലെ വിശ്വാസി സമൂഹമാണ് മുണ്ടന്‍വരമ്പ് കുരിശടിയിലേയ്ക്ക് ആഘോഷമായ കുരിശിന്റെ വഴി നടത്തിയത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളിക്കവലയിലെ ജൂബിലി കപ്പേളയിലെത്തിയാണ് കുരിശിന്റെ വഴി ആരംഭിച്ചത്. മുണ്ടന്‍വരമ്പ് ഭാഗത്തെ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലൊരുക്കിയ നേര്‍ച്ചക്കഞ്ഞിയിലും പങ്കെടുത്താണ് വിശ്വാസ സമൂഹം മടങ്ങിയത്. കോതനല്ലൂര്‍ ഫൊറോന വികാരി റവ.ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ സന്ദേശം നല്‍കി. മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍, സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഇടവാകാംഗം ഫാ. ബോബി മഴുവഞ്ചേരില്‍, ഡീക്കന്‍ ജിജി വട്ടമുകളേല്‍ എന്നിവര്‍ ശുശ്രൂഷകളില്‍ കാര്‍മികത്വം വഹിച്ചു.

ഉഴവൂര്‍ കോളജില്‍ നിന്ന് ഒന്‍പത് അധ്യാപകര്‍ വിരമിക്കുന്നു

ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും പ്രഗത്ഭരായ ഏഴ് അധ്യാപകര്‍ വിരമിക്കുന്നു. കെമിസ്ട്രി വിഭാഗം മേധാവി പ്രഫ. വിനോദമ്മ എബ്രഹാം , കെമിസ്ട്രി വിഭാഗത്തിലെ പ്രഫ. ഇ. എ. അലക്‌സാണ്ടര്‍, പ്രഫ. ആലീസ് മാത്യു, കോമേഴ്‌സ് വിഭാഗം മോധാവി പ്രഫ. കെ. സി എബ്രഹാം, കോമേഴ്‌സ് വിഭാഗത്തിലെ പ്രഫ. ജോസ് വര്‍ഗീസ് , ഫിസിക്‌സ് വിഭാഗംത്തിലെ പ്രഫ. റീനാമ്മ സിറിയക്ക് മാത്യു മലയാള വിഭാഗം മേധാവി ഡോ. സിസ്റ്റര്‍. ദീപ എന്നിവരാണ് വിരമിക്കുന്ന അധ്യാപകര്‍.

തകര്‍ന്ന കനാല്‍ പുനരുദ്ധരിക്കാന്‍ നടപടിയെടുത്തതായി എംഎല്‍എ

കുറവിലങ്ങാട്: കളത്തൂര്‍ ഭാഗത്ത് തകര്‍ന്ന എംവിഐപി കനാല്‍ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. പ്രോജക്ട് ചീഫ് എഞ്ചിനീയര്‍ വി.സുഭാഷ് സ്ഥലം നേരിട്ട് സന്ദര്‍ശിച്ച ശേഷം എംഎല്‍എയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.
കനാല്‍ ഇടിയാന്‍ ഇടയായതിന്റെ കാരണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചീഫ് എഞ്ചിനീയര്‍ നിര്‍ദ്ദേശം നല്‍കി.
വരള്‍ച്ച കണക്കിലെടുത്ത് കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കനാലിലൂടെ വെള്ളം ലഭ്യമാക്കാന്‍ കഴിയുന്ന വിധത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മോനിപ്പള്ളിയില്‍ മോട്ടോര്‍ വെഹിക്കിള്‍ സെന്ററിന് പച്ചക്കൊടി

കുറവിലങ്ങാട്: മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ മോനിപ്പള്ളി കേന്ദ്രമായി സംസ്ഥാന സര്‍ക്കാര്‍ വിവിധ പ്രോജക്ടുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മോന്‍സ് ജോസഫ് എംഎല്‍എ അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ യുടെ നേതൃത്വത്തില്‍ മോനപ്പള്ളി കല്ലിടുക്കിയിലുള്ള എംവിഐപി സ്ഥലം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. സംസ്ഥാനത്തെ നാലാമത്തെ സെന്ററാണ് മോനിപ്പള്ളിയില്‍ എത്തുന്നത്.

മോട്ടോര്‍ വെഹിക്കിള്‍ ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷന്‍, ഡ്രൈവേഴ്‌സ് ടെസ്റ്റിംഗ് ട്രാക്ക് എന്നിവ ആദ്യഘട്ടത്തില്‍ നടപ്പാക്കും. ഇതിനായി സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖ വ്യക്തമാക്കി.
കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വിഷന്‍ 2015 പദ്ധതിയുടെ ഭാഗമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ട വിവിധ കര്‍മ്മപരിപാടികള്‍ സംബന്ധിച്ച് മന്ത്രിമാരായ പി.ജെ.ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരുമായി മോന്‍സ് ജോസഫ് എം.എല്‍.എ. നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മോനിപ്പള്ളി കേന്ദ്രമായി വിവിധ വികസന പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. എംവിഐപിയുടെ ഏകദേശം രണ്ട് ഏക്കര്‍ സ്ഥലം വിട്ടുനല്‍കുന്നതിനാണ് നടപടികള്‍ പുരോഗമിക്കുന്നത്.
എം.സി. റോഡിന്റെ വികസനം കണക്കിലെടുത്ത് ചങ്ങനാശ്ശേരിയ്ക്കും മൂവാറ്റുപുഴയ്ക്കും ഇടയിലുള്ള ജില്ലയിലെ പ്രധാന കേന്ദ്രമെന്ന നിലയില്‍ ഓട്ടോമാറ്റിക് ഇന്‍സ്‌പെക്ഷന്‍ ക്യാമറാ സെന്റര്‍ മോനിപ്പളളിയില്‍ സജ്ജമാക്കാന്‍ തീരുമാനിച്ചുണ്ട്. ഡ്രൈവര്‍മാര്‍ക്കുവേണ്ടിയുള്ള ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും എംഎല്‍എയും കമ്മീഷണറും അറിയിച്ചു.
മോനിപ്പള്ളി കേന്ദ്രമായി കൂടുതല്‍ സ്ഥലം ലഭ്യമായാല്‍ ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടതു പ്രകാരം ഇക്കാര്യത്തില്‍ കോട്ടയം ആര്‍ടിഒയെ കമ്മീഷണര്‍ ചുമതലപ്പെടുത്തി.
ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വി.എസ്. ജയിംസ് , കെല്‍ട്രോണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.ടി എബ്രഹാം, കോട്ടയം ആര്‍ടിഒ ബി.ജെ. ആന്റണി, എംവിഐപി പിറവം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി. എ വിമല, ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ കെ. ഹരികൃഷ്ണന്‍ തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥല പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

സ്വകാര്യ നഴ്‌സിംഗ് കോളജ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി

കുറവിലങ്ങാട്: സ്വകാര്യ പാരാമെഡിക്കല്‍ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി. സാരമായി പരുക്കേറ്റ തിരുവന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കാരിത്താസിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജില്‍ പരീക്ഷാദിനമായിരുന്ന ശനിയാഴ്ച രാവിലെ പരീക്ഷാഹാളിലെത്തിയ വിദ്യാര്‍ത്ഥി താഴേയ്ക്ക് ചാടുകയായിരുന്നു. സമീപത്തെ റോഡരുകിലേയ്ക്ക് വീണ് സാരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. സംഭവത്തിനിടയാക്കിയ സാഹചര്യം സംബന്ധിച്ച് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പോലീസ് കോടതിയില്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താനായില്ല.
പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയെന്ന വിവരമറിഞ്ഞതോടെ എത്തിയ ഒരു സംഘം കോളജ് അക്രമിച്ചു. കോളജില്‍ പരീക്ഷ നടത്തരുതെന്ന് നിലപാടെടുത്ത സംഘം കോളജ് ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. കോളജിന്റെ ജനാലചില്ലുകളും അടിച്ച് തകര്‍ത്തു. അക്രമവുമായി ബന്ധപ്പെട്ട് കോളജ് മാനേജ്‌മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ 20 പേര്‍ക്കെതിരെ കേസെടുത്തതായി കുറവിലങ്ങാട് എസ്‌ഐ കെ.ആര്‍ മോഹന്‍ദാസ് പറഞ്ഞു. സിപിഎം, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ ഭാരവാഹികളുടേതടക്കമുള്ള പേരുകള്‍ മൊഴിയില്‍ വ്യക്തമാക്കിയിട്ടുള്ളതായും പോലീസ് പറഞ്ഞു. എന്നാല്‍ അക്രമവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി പറയുന്നുണ്ട്. അക്രമത്തെ തുടര്‍ന്ന് വന്‍ പോലീസ് സംഘം സ്ഥലത്തെത്തി ക്യാംപ് ചെയ്തിരുന്നു.

ഓശാനപാടി കുറവിലങ്ങാട്ട് തമുക്ക് നേര്‍ച്ചയ്ക്ക് ആയിരങ്ങള്‍

കുറവിലങ്ങാട്: അത്യുന്നത് ഓശാന പാടി ആയിരങ്ങള്‍ തമുക്ക് നേര്‍ച്ചയില്‍ പങ്കെടുത്തു. യേശുവിന്റെ ജറുശലേം പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന തിരുകര്‍മ്മങ്ങളിലൂടെ പുതിയ ആത്മീയതയില്‍ നിറഞ്ഞാണ് വലിയ നോമ്പിന്റെ വിശുദ്ധിയുമായി തമുക്ക് നേര്‍ച്ച നടന്നത്. മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ രാജഭരണകാലത്ത് ആരംഭിച്ച തമുക്ക് നേര്‍ച്ചയിലൂടെ കളത്തൂര്‍ ഗ്രാമവാസികളുടെ കെട്ടുറപ്പും ആത്മീയതയും മുത്തിയമ്മയോടുള്ള ഭക്തിയും ഒരിക്കല്‍ക്കൂടി വ്യക്തമായി.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാനാജാതി മതസ്ഥരായ ആയിരങ്ങള്‍ ഒരുമിച്ചതോടെ നാടിന് മതമൈത്രിയുടെ സന്ദേശം വിളിച്ചോതാനുമായി. കളത്തൂര്‍ കരയിലെ ഒരോ മുതിര്‍ന്ന അംഗവും തമുക്ക് നേര്‍ച്ചയ്ക്കായി സമര്‍പ്പിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് നേര്‍ച്ച തയ്യാറാക്കുന്നത്. ഈ വര്‍ഷം അറുനറോളം ഓഹരി ഉടമകളാണ് നേര്‍ച്ചയ്ക്കുള്ള വിഭവങ്ങള്‍ സമര്‍പ്പിച്ചത്. നേര്‍ച്ചക്കമിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ രണ്ടുദിനംനീളുന്ന പരിശ്രമങ്ങളിലൂടെയാണ് നേര്‍ച്ചയൊരുക്കുന്നത്.
ഓരോ ഓഹരി ഉടമയും 100 ചെറുപഴം, അഞ്ച് തേങ്ങാ ചുരണ്ടിയത്, മുന്നാഴി അരി വറുത്ത് പൊടിച്ചത്, 50 രൂപ എന്നിങ്ങനെയാണ് ഓഹരിയായി നല്‍കുന്നത്. ഈ വിഭവങ്ങള്‍ വലിയ മരത്തോണിയിലിട്ട് യോജിപ്പിക്കുന്നത് പാരമ്പര്യത്തിന്റെ പ്രൗഡിയും ഒരുമയുടെ പെരുമയും സമ്മാനിക്കുന്നു. ഒരേസമയം എട്ടുപേര്‍ക്കിരുന്ന് ചിരണ്ടാവുന്ന എട്ടുനാക്കുള്ള ചിരവയിലാണ് മുന്‍കാലത്ത് തേങ്ങ ചുരണ്ടിയിരുന്നത്. ഓശാന ഞായറാചരണത്തിന്റെ ഭാഗമായുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് നേര്‍ച്ച ആശീര്‍വദിക്കുന്നത്. തിരുകര്‍മ്മങ്ങള്‍ക്കും നേര്‍ച്ചയ്ക്കുമായെത്തുന്ന ആയിരക്കണക്കായ മുഴുവന്‍പേര്‍ക്കും നേര്‍ച്ച വിളമ്പി നല്‍കിയതിനുശേഷമാണ് ഓഹരി ഉടമകളുടെ വിഹിതം കൈമാറുന്നത്.
ഫൊറോന വികാരി റവ. ഡോ. ജോസഫ് തടത്തില്‍ നേര്‍ച്ച ആശീര്‍വദിച്ചു. സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കി.
തമുക്ക് നേര്‍ച്ചക്കമ്മിറ്റി പ്രസിഡന്റ് കെ.സി ജോണ്‍ കൊച്ചുമുടവനാല്‍ സെക്രട്ടറി ബേബി തൊണ്ടാംകുഴി ട്രഷറര്‍ ടി.ടി കുര്യന്‍ തെക്കുംവേലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ നടത്തിയത്.

കുറവിലങ്ങാട് സെന്റ്‌മേരീസ് ഗേള്‍സ് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹന്നാമോള്‍ ഒ.എസ്. (6)നിര്യാതയായി

മണ്ണയ്ക്കനാട്; ഓലിക്കാട്ടില്‍ ഷിബുവിന്റെ മകളും കുറവിലങ്ങാട് സെന്റ്‌മേരീസ് ഗേള്‍സ് എല്‍.പി.സ്‌കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഹന്നാമോള്‍ ഒ.എസ്.(6)നിര്യാതയായി.സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോനാപ്പള്ളിയില്‍. മാതാവ്: രഞ്ജു

കോഴായില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ വ്യാഴാഴ്ച

കുറവിലങ്ങാട്: കോഴാ സെന്റ് ജോസഫ്‌സ് കപ്പേളയില്‍ മാര്‍ യൗസേപ്പിതാവിന്റെ മരണത്തിരുനാളും പ്രസിദ്ധമായ ഊട്ടുനേര്‍ച്ചയും നാളെ നടക്കും. നാളെ 10ന് പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി മാനേജര്‍ റവ.ഡോ. ജോസഫ് മലേപ്പറമ്പില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 12ന് മര്‍ത്ത്മറിയം ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഊട്ടുനേര്‍ച്ച ആശീര്‍വദിക്കും.
കപ്പേളയിലെ വണക്കമാസാചരണ സമാപനം 31ന് നടക്കും. സമാപനത്തോടനുബന്ധിച്ച് ജോസഫ് നാമധാരി സംഗമം സാന്‍ജോ ഫെസ്റ്റ് 4.30ന് നടക്കും. 5.30ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 6.45ന് കോഴായില്‍ തയ്യാറാക്കുന്ന പ്രത്യേക പന്തലിലേയ്ക്ക് പ്രദക്ഷിണം. 7.30ന് ആകാശവിസ്മയം, പാച്ചോര്‍ നേര്‍ച്ച എന്നിവ നടക്കും. ജോസഫ് നാമധാരി സംഗമത്തില്‍ പങ്കെടുക്കാനുള്ളവര്‍ക്ക് കപ്പേളയില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ഫൊറോന വികാരി റവ.ഡോ. ജോസഫ് തടത്തില്‍ സഹവികാരിമാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍ എന്നിവര്‍ അറിയിച്ചു.